ന്യൂദല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണത്തിനു ശേഷം, ഭാരതം തിരിച്ചടിക്കുമെന്ന് പാകിസ്ഥാന് അക്ഷരാര്‍ഥത്തില്‍ ഭയന്നിരുന്നുവെന്ന് അക്കാലത്ത് പാകിസ്ഥാനിലെ ഭാരത സ്ഥാനപതിയായിരുന്ന അജയ് ബിസാരിയ. വ്യോമസേനയിലെ വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനെ പാകിസ്ഥാന് തട്ടിയെടുത്ത ആ രാത്രിയില്‍ ഭാരതം ഒന്‍പതു മിസൈലുകളാണ് പാകിസ്ഥാനു നേരെ തിരിച്ചത്. സ്ഥിതി വഷളായെന്നു കണ്ട പാകിസ്ഥാന് വെപ്രാളത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ചയ്ക്ക് ശ്രമിച്ചുവെന്നും ഇതിന് അവസരം തേടി പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് പാതിരാത്രിയില്‍ വെപ്രാളത്തോടെ വിളിച്ചിരുന്നതായും എന്നാല്‍ ആവശ്യം പ്രധാനമന്ത്രി മോദി തള്ളുകയായിരുന്നുവെന്നും ബിസാരിയയുടെ ആങ്കര്‍ മാനേജ്മെന്റ്: ദ് ട്രബിള്‍ഡ് ഡിപ്ലോമാറ്റിക് റിലേഷന്ഷിപ് ബിറ്റ്വീന് ഇന്ത്യ ആന്‍ഡ് പാകിസ്ഥാന് എന്ന പുസ്തകത്തില്‍ പറയുന്നു.
പുല്‍വാമ ആക്രമണ ശേഷം ഭാരതം ബാലാക്കോട്ടില്‍ തിരിച്ചടിച്ചു. ഈ സമയത്ത് 2019 ഫെബ്രുവരി 27നാണ് ഭാരതത്തിന്റെ യുദ്ധ വിമാന പൈലറ്റ് വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനെ പാകിസ്ഥാന് പിടികൂടിയത്. ആ രാത്രിയില്‍, ഭാരതത്തിന്റെ ഒന്‍പതു മിസൈലുകളാണ് പാകിസ്ഥാനെ ലക്ഷ്യമിട്ടത്. ഇതു മനസിലാക്കി, ഭാരതത്തിലെ പാക് ഹൈക്കമ്മീഷണര്‍ സൊഹൈല്‍ അഹമ്മദ് തന്നെ വിളിച്ചു, പാക് പ്രധാനമന്ത്രി ഇമ്രാന് മോദിയുമായി ഉടന്‍ ചര്‍ച്ച നടത്തണം. താനുടന്‍ തന്നെ ദല്‍ഹിയുമായി ബന്ധപ്പെട്ടു, മോദിയെ ലഭ്യമല്ലെന്ന് താന്‍ തന്നെ പാക് ഹൈക്കമ്മീഷണര്‍ സൊഹൈല്‍ അഹമ്മദിനോട് വ്യക്തമാക്കി. ആ രാത്രി അവര്‍ക്ക് സ്വസ്ഥതയില്ലാത്ത ഒന്നായിരുന്നു. അടുത്ത ദിവസം (28) രാവിലെ തന്നെ അഭിനന്ദനെ വിട്ടയക്കുകയാണെന്ന് ഇമ്രാന് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു. പക്ഷെ കാരണം പറഞ്ഞില്ല.
അഭിനന്ദനെ ഉപദ്രവിച്ചാല്‍, ഭാരതം തിരിച്ചടിക്കുമെന്ന് പാകിസ്ഥാന് അക്ഷരാര്‍ഥത്തില്‍ ഭയന്നിരുന്നതായി യുഎസ്, ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധികള്‍ അടക്കമുള്ള പാശ്ചാത്യ നയതന്ത്രജ്ഞര്‍ക്ക് അറിയാമായിരുന്നു. ഫെബ്രുവരി 26ലെ സംഭവം ശേഷം ഇമ്രാന്, ഇവരില്‍ പല നയതന്ത്രജ്ഞരെയും രണ്ടും മൂന്നും തവണ തുടര്‍ച്ചയായി വിളിക്കുകയും അഭിനന്ദനെ വിട്ടയക്കാമെന്നു മാത്രമല്ല, പുല്‍വാമ വിഷയത്തില്‍ ഭാരതം നല്കിയ കത്ത്(ഡോസിയര്‍) അനുസരിച്ച് നടപടി എടുക്കാമെന്നും ഭീകരതയെന്ന പ്രശ്നം പരിഹരിക്കാമെന്നും പറയുകയും ചെയ്തു. ഇക്കാര്യങ്ങള്‍ അടുത്ത ദിവസ ഇമ്രാന് തന്നെ പാര്‍ലമെന്റില്‍ പ്രഖ്യാപിക്കുമെന്നും അറിയിച്ചു.
എന്നാല്‍ ഇത് വ്യാജമാണെന്ന് അറിയാമായിരുന്നതിനാല്‍ അവര്‍ പാകിസ്ഥാന്റെ അവകാശവാദങ്ങള്‍ തള്ളി. മുബൈ, പത്താന്‍കോട്, ഉറി ഭീകരാക്രമണങ്ങള്‍ക്കു ശേഷമെല്ലാം അവര്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ടായിരുന്നു. ഭാരതം കൈക്കൊണ്ട ബലപ്രയോഗത്തിന്റെ നയതന്ത്രം ഫലിച്ചു. ബിഷ്ക്കില്‍ ഷാങ്ങ്ഹായ് ഉച്ചകോടിക്കിടെ ഇമ്രാനും മോദിയും തമ്മില്‍ ഹസ്തദാനം നടത്താനും ഒരു ചെറിയ ചര്‍ച്ചയ്ക്കും അവസരം തേടി ഇമ്രാന്റെ ഒരു സുഹൃത്ത് തന്നെ കണ്ടിരുന്നതായും ബിസാരിയ കുറിച്ചു. ഭീകരതയെ നേരിടുന്നതില്‍ തനിക്കുള്ള ആത്മാര്‍ഥത മോദിയെ ധരിപ്പിക്കാനായിരുന്നു ഇമ്രാന്റെ ശ്രമം.
പാകിസ്ഥാന് അഭിനന്ദനെ വിട്ടയച്ചു. അല്ലായിരുന്നുവെങ്കില്‍, അന്ന് ചോര ചിന്തിയ രാവായി മാറുമായിരുന്നുവെന്നാണ് 2019ലെ ഒരു തെരഞ്ഞെടുപ്പ് യോഗത്തില്‍, മോദി പ്രസംഗിച്ചത്. അഭിനന്ദനെ വിട്ടയക്കാന്‍, ഭാരതം പാകിസ്ഥാനെ ലക്ഷ്യമിട്ട് മിസൈലുകള്‍ ഒരുക്കിയതായി ഭാരതം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.പക്ഷെ ഭാരതത്തിന്റെ ഭീഷണി എങ്ങനെയാണ് പാക് സൈന്യത്തെയും ഖാന് സര്‍ക്കാരിനെയും ഭയപ്പെടുത്തിയതെന്ന് ബിസാരിയയുടെ പുസ്തകത്തില്‍ വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: