ഒല, ഏഥര്‍ എന്നീ കമ്പനികള്‍ ഇന്ത്യന്‍ ഇലക്ട്രിക് സ്കൂട്ടര്‍ വിപണിയില്‍ വന്‍ നേട്ടം കൊയ്യുകയാണ്. ആധുനികമായ ഡിസൈന്‍, അതിനൊത്ത പുതിയ സൗകര്യങ്ങള്‍- ഇതാണ് പുതുതലമുറയെ ഒലയോടും ഏഥറിനോടും അടുപ്പിച്ചത്.
ഈ പുതുതലമുറയെ പിടിക്കാനാണ് ബജാജ് പുതിയ ഇലക്ട്രിക് സ്കൂട്ടറുമായി എത്തുന്നത്. വെക്ടര്‍ എന്ന പേരിട്ട ഈ ഇലക്ട്രിക് സ്കൂട്ടര്‍ ഓസ്ട്രിയന്‍ കമ്പനിയായ കെടിഎമ്മുമായി സഹകരിച്ചായിരിക്കും രൂപകല്പന ചെയ്യുക. 2007 മുതല്‍ ബജാജിന് കെടിഎമ്മുമായി ബന്ധമുണ്ട്. 2013ല്‍ കെടിഎം ബിഎംഡബ്ല്യുവിന്റെ ഭാഗമായിരുന്ന ഹസ് ക് വര്‍ണ എന്ന കമ്പനിയെ വിലയ്ക്കെടുത്തിരുന്നു. ആധുനിക ഡിസൈന്‍ രൂപകല്പനയില് ശ്രദ്ധചെലുത്തുന്ന കമ്പനിയാണ് ഇപ്പോള്‍ കെടിഎമ്മിന്റെ ഭാഗമായ ഹസ്ക് വര്‍ണ. കെടിഎമ്മിന്റെ ഹസ്ക് വര്‍ണ എന്ന കമ്പനിയായിരിക്കും ഈ ബജാജ് ഇലക്ട്രിക് സ്കൂട്ടറിന്റെ രൂപകല്പനയ്ക്ക് പിന്നില്‍. പുറത്തുവരാനിരിക്കുന്ന ബജാജ് വെക്ടര്‍ ഇലക്ട്രിക് സ്കൂട്ടറിന്റെ ഒരു മാതൃക സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ബജാജ് വെക്ടര്‍ എന്ന പേരിലായിരിക്കും ഇലക്ട്രിക് സ്കൂട്ടര്‍ ഇറങ്ങുക. 2023 ആഗസ്ത് 16ന് തന്നെ ബജാജ് വെക്ടര്‍ എന്ന ട്രേഡ് മാര്‍ക്ക് ബജാജ് സ്വന്തമാക്കിക്കഴിഞ്ഞു.
ഇപ്പോള്‍ ബജാജിന് പഴയ ചേതകിനെ പൊടിതട്ടിയെടുത്ത് കൊണ്ടുവന്ന ഒരു ഇലക്ട്രിക് സ്കൂട്ടറുണ്ട്. ഈ ചേതകിനേക്കാള് പ്രീമിയം സ്പോര്‍ട്ടി വിഭാഗത്തിലായിരിക്കും വെക്ടര്‍ ഇലക്ട്രിക് സ്കൂട്ടര്‍. എന്നാല്‍ ഇതിന്റെ വിലയോ മറ്റ് വിശദാംശങ്ങളോ ബജാജ് പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: