വേദി ഒന്നിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം കുച്ചുപ്പുടി മത്സരം. തിരുവനന്തപുരം നെടുമങ്ങാട് ദര്‍ശന എച്ച്എസ്എസിലെ ദിയക്ക് രണ്ടാം ക്ലസ്റ്ററിലാണ് മത്സരം.
മേക്കപ്പ് ചെയ്ത് വേഷമിട്ടു. അപ്പോഴാണ് അറിയുന്നത് വേഷത്തോടൊപ്പമുള്ള പാളക്കര (ബാക്ക് ഷീറ്റ്- നൃത്ത വേഷത്തില്‍ പുറക് വശം മറച്ചു കൊണ്ട് മുന്നിലേക്ക് കെട്ടുന്ന ഭാഗം) എടുക്കാന്‍ മറന്നു. അതില്ലാതെ വേഷം പൂര്‍ണമാകില്ല. പുതിയത് വാങ്ങാനും ലഭിക്കുന്നതല്ല. അപ്പീല്‍ ലഭിച്ച് വരുന്ന വെപ്രാളത്തിനിടെ എടുക്കാന്‍ മറന്നതാണ്. അതില്ലാതെ മത്സരിച്ചിട്ട് കാര്യവുമില്ല.
ഒന്നാം ക്ലസ്റ്ററില്‍ മത്സരിച്ച് കഴിഞ്ഞ പലരോടും ചോദിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അങ്ങനെയാണ് മൂന്നാം ക്ലസ്റ്ററില്‍ മത്സരിക്കാന്‍ മേക്കപ്പ് ഇടുകയായിരുന്ന തിരുവനന്തപുരത്തെ തന്നെ കോട്ടണ്‍ ഹില്‍ സ്കൂളിലെ അശ്വിനിയുടെ അരികില്‍ എത്തുന്നത്. അശ്വനിക്കായിരുന്നു തിരുവനന്തപുരം ജില്ലയില്‍ ഒന്നാം സ്ഥാനം. ദിയക്ക് മൂന്നാം സ്ഥാനവും. ശരിക്കും പറഞ്ഞാല്‍ അശ്വനിയുടെ എതിരാളി. പക്ഷെ പാളക്കര എടുക്കാന്‍ മറന്നു എന്ന് അറിഞ്ഞ അശ്വനിയും കുടുംബവും മറ്റൊന്നും ആലോചിച്ചില്ല.
ദിയയുടെ സങ്കടം മാത്രമേ കണ്ടുള്ളൂ. അശ്വനിയുടെ പാളക്കര ദിയക്ക് നല്കി. അശ്വനിയുടെ നൃത്തം ശിവന്റെ കഥയും ദിയയുടേത് കൃഷ്ണ ലീലയും. ഇരുവരുടെയും വസ്ത്രത്തിന് രണ്ടു നിറവും. അശ്വനിക്ക് നീലയും ദിയക്ക് പച്ചയും. അതൊന്നും കാര്യമാക്കിയില്ല. പച്ച നിറത്തിലെ വേഷത്തില്‍ അശ്വനിയുടെ നീല പാളക്കരയുടുത്ത് ദിയ മത്സരിച്ചു. അതിനു ശേഷം അശ്വനിയും അരങ്ങിലെത്തി. ഇരുവരും തമ്മില്‍ ജില്ലാ കലോത്സവത്തില്‍ കണ്ട പരിചയം മാത്രമാണ് ഉള്ളത്.
പിന്നീട് കണ്ടത് പുതിയൊരു ആത്മ ബന്ധത്തിന് തുടക്കം കുറിക്കുന്നതാണ്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികളായ ഇരുവരും മാത്രമല്ല രണ്ട് കുടുംബങ്ങളും അടുത്ത കൂട്ടുകാരായി. പരസ്പരം നമ്പറും വാങ്ങിയാണ് വേദിവിട്ടത്മത്സരത്തിന്റെ പേരില്‍ പോരടിക്കുമ്പോഴും കലകളെന്നും സൗഹൃദ പക്ഷത്താണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയായിരുന്നു ഇരുവരും . അശ്വനിക്ക് എ ഗ്രേഡ് ഉണ്ട്. അപ്പീല്‍ ആയതിനാല്‍ ദിയയുടെ ഫലം കോടതിയിലേ പ്രഖ്യാപിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: