നിരഞ്ജന് സംഗീതത്തില്‍ ഗുരുക്കന്മാര്‍ രണ്ട് പേരാണ്. മറ്റാരുമല്ല അച്ഛനും അമ്മയും തന്നെ. എച്ച്എസ് വിഭാഗം ശാസ്ത്രീയ സംഗീതത്തില്‍ മത്സരിച്ച പാലക്കാട് ശ്രീകൃഷ്ണപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നിരഞ്ജന്‍ മോഹന്റേത് സംഗീത കുടുംബമാണ്. ഈണവും താളവും ശ്രുതിയും ഇഴചേരുന്ന സംഗീതവീട്. അച്ഛന്‍ നെടുമ്പള്ളി രാംമോഹന്‍ 35 വര്‍ഷമായി കഥകളി സംഗീതരംഗത്തുണ്ട്. മുത്തച്ഛനായ നെടുമ്പള്ളി നാരായണന്‍ നമ്പൂതിരിയും കഥകളി സംഗീതഞ്ജനായിരുന്നു. അമ്മ മീര രാം മോഹനും സംഗീതജ്ഞ.
ശാസ്ത്രീയ സംഗീതത്തിലും കഥകളിസംഗീതത്തിലും അച്ഛനും അമ്മയുമാണ് ഗുരുക്കന്‍മാര്‍. തുടര്‍ച്ചയായി മൂന്നു തവണ കലോത്സവത്തില്‍ കഥകളിയില്‍ സമ്മാനം നേടിയിട്ടുണ്ട് റാം മോഹന്‍. അമ്മ മീരയാകട്ടെ കഥകളി സംഗീതത്തില്‍ മൂന്ന് തവണയും. പിന്നണി ഗായിക കൂടിയായ മീര സംവിധായകന്‍ ജയരാജിന്റെ സ്വപാനം, ഗ്രാമവൃക്ഷത്തിലെ കുയില്‍ എന്നി സിനിമകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുമുണ്ട്. ഇരുവരും ചേര്‍ന്ന് നൂറിനടുത്ത് വിദ്യാര്‍ത്ഥികളെ സംഗീതം അഭ്യസിപ്പിക്കുന്നുമുണ്ട്.
നിരഞ്ജന്റെ രണ്ടാമത്തെ സ്‌കൂള്‍ കലോത്സവമാണിത്. കഴിഞ്ഞവര്‍ഷം ശാസ്ത്രീയ സംഗീതത്തിലും കഥകളിസംഗീതത്തിലും എ ഗ്രേഡ് നേടിയിരുന്നു. ഇത്തവണ അഷ്ടപദിയിലും എ ഗ്രേഡ് കരസ്ഥമാക്കി. കഥകളി സംഗീതത്തിലും ഉറുദു സംഘഗാനത്തിലും മത്സരിക്കുന്നുണ്ട്. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ സഹോദരന്‍ നവരാഗും സംഗീത വഴിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: