ഏതെങ്കിലും രാഗം തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടോ, എങ്കില്‍ വരദിനോട് ചോദിച്ചോളു…സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഉത്തരം റെഡിയാണ്. രാഗ വിസ്താരത്തിന്റെ ആദ്യ ശീല് മാത്രം മൂളി നല്കിയാല് മതി. മറുപടി തയ്യാര്‍! കാരണം വരദ് ശ്രീ പാര്ത്ഥസാരത്ഥിന് സംഗീതമാണ് ജീവിതം. ഏത് കീര്‍ത്തനം കേട്ടാലും വരദിനറിയാം ഏത് രാഗമാണെന്ന്. പല്ലവി മാത്രം കേട്ടാല്‍ മതി. പല്ലവിയുടെ ആദ്യ വരി മുഴുവിപ്പിക്കുന്നതിന് മുന്നേ ഉത്തരം പറഞ്ഞുതരും വരദ്.
രാഗങ്ങളുടെ ആരോഹണ അവരോഹണങ്ങള്‍ മൂളിക്കേള്പ്പിച്ചാല് പോലും രാഗം ഏതെന്ന് ഈ കൊച്ചു മിടുക്കന് തിരിച്ചറിയും. പ്രഗത്ഭരായ സംഗീതഞ്ജരുടെയെല്ലാം സ്വരങ്ങള്‍ പോലും വരദിന് കാണാപാഠമാണ്. എച്ച്എസ് വിഭാഗം ശാസ്ത്രീയ സംഗീതത്തില്‍ മത്സരിക്കാനെത്തിയ ആലപ്പുഴ സ്വദേശി വരദ് ശ്രീപാര്ത്ഥസാരഥ് ആണ് സംഗീതത്തില്‍ അഭൂതമായ ജ്ഞാനവുമായി വ്യത്യസ്തനാകുന്നത്. ആലപ്പുഴ തത്തംപള്ളി വേന്ദന് പറമ്പില്‍ ഭദ്രാലയത്തില്‍ അനില്‍ കുമാറിന്റെയും അസാപ് ട്രെയിനറായ ശ്രീലക്ഷ്മിയുടെയും മകനാണ് വരദ്. ആലപ്പുഴ എസ്ഡിവി ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
മരുത്തോര്‍വട്ടം ഉണ്ണികൃഷ്ണന്റെ കീഴില്‍ ശാസ്ത്രീയ സംഗീതം അഭ്യസിക്കാന്‍ തുടങ്ങിയിട്ട് നാല് വര്‍ഷമായതേ ഉള്ളു. എന്നാല്‍ തീരെ ചെറുപ്പം മുതലേ വരദിന്റെ ജീവിതം സംഗീതമാണ്. ഇനിയുമുണ്ട് പ്രത്യേകത, പുസ്തകത്തില്‍ എഴുതാതെ കേട്ട് മാത്രം സംഗീതം അഭ്യസിക്കുന്ന വരദിന് മുന്നൂറോളം കൃതികള്‍ ഹൃദിസ്ഥമാണ്. സംസ്കൃത ശ്ലോകങ്ങള്‍ ഉരുവിടാനും കവിതകള്‍ ചൊല്ലാനും വരദ് മുന്‍പന്തിയില്‍ തന്നെയാണ്. ഇന്നലെ പിറന്നാള്‍ ദിനത്തില്‍ ബേഗഡ രാഗത്തില്‍ സ്വാതി കൃതിയാണ് വരദ് ആലപിച്ചത്. പിറന്നാള്‍ മധുരമായി എ ഗ്രേഡും നേടി. കഴിഞ്ഞ വര്‍ഷം കോഴിക്കോട് നടന്ന കലോത്സവത്തിലും വരദ് എ ഗ്രേഡ് നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: