ഇന്നലെ ഒന്നാം വേദിക്ക് പുറകില്‍ തിരുവാതിരയുടെ കുട്ടികള്‍ക്ക് വേഷം അണിയിച്ച് നല്കുമ്പോഴും മലപ്പുറം സ്വദേശി രാജേഷ് കുമാറിന്റെ മനസ് അതേ വേദിയിലെ കുച്ചുപ്പുടി മത്സരത്തിലാണ്. മത്സരം അവസാനിച്ച് ഫലം പ്രഖ്യപിക്കുമ്പോള്‍ ആശങ്ക വര്‍ധിച്ചു. ചെസ്റ്റ് നമ്പര്‍ 120 ന് എ ഗ്രേഡ് ഉണ്ട്. മിഴികള്‍ സന്തോഷം കൊണ്ട് നിറഞ്ഞു. രാജേഷിന്റെ ഏറെക്കാലത്തെ സ്വപ്നം സാക്ഷാത്കരിക്കുകയായിരുന്നുഅവിടെ.
18 വര്‍ഷമായി വേഷവിധാന രംഗത്തുണ്ട് രാജേഷ്. സംസ്ഥാന കലോത്സവത്തിന് നൃത്തത്തിന് ഉള്‍പ്പെടെ വേഷം ഒരുക്കി നല്കിയ മത്സരാര്‍ത്ഥികള്‍ ആയിരക്കണക്കിനുണ്ട്. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് മകള്‍ ശ്രീലക്ഷ്മി ആദ്യമായി സംസ്ഥന തലത്തില്‍ മത്സരിക്കുന്നത്. സംസ്ഥാന കലോത്സവത്തിന് മകളുടെ വസ്ത്രം ഒരുക്കി നല്‍കണമെന്ന് ഏറെ കൊതിച്ചിരുന്നു.
മലപ്പുറം ഇരുമ്പുഴി ജിഎച്ച് എസ് എസിലെ ശ്രീലക്ഷ്മി എല്‍കെജി മുതല്‍ നൃത്തം അഭ്യസിക്കുന്നുണ്ട്. പ്ലസ്ടുവിന് എത്തിയപ്പോഴാണ് സംസ്ഥാന തലത്തിലേക്ക് അവസരം ലഭിക്കുന്നത്. അച്ഛന്റെ ആഗ്രഹം സഫലീകരിക്കുക മാത്രമല്ല, എ ഗ്രേഡ് കൂടി സമ്മാനമായി നല്കി ശ്രീലക്ഷ്മി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: