കര്‍സേവയ്‌ക്കായുള്ള തയാറെടുപ്പുകളിലെ ആദ്യയോഗത്തില്‍ത്തന്നെ അതിനുള്ള ആവേശം കിട്ടിയിരുന്നു. ചേളാരിയിലെ സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ അന്ന് വിശ്വഹിന്ദു പരിഷത്തിന്റെ ചുമതലയിലുണ്ടായിരുന്ന വിശ്വംപാപ്പയാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. അദ്ദേഹത്തിന്റെ ഓരോ വാക്കും ആവേശവും അഭിമാനവും നല്‍കുന്നായിരുന്നു. രണ്ടാം സ്വാതന്ത്ര്യസമരമാണിതെന്ന് വിശ്വംപാപ്പ പറഞ്ഞു. സാംസ്‌കാരിക സ്വാതന്ത്ര്യം വീണ്ടെടുക്കാനുള്ള പ്രക്ഷോഭത്തിലാണ് നാം അണിനിരക്കുന്നത്. കര്‍സേവ ജീവന്മരണപോരാട്ടമാണ്. വീട്ടിലേക്ക് തിരിച്ചെത്താമെന്ന് ഉറപ്പു നല്‍കി ആരും അയോദ്ധ്യയിലേക്ക് വരേണ്ടതില്ല, ആ വാക്കുകള്‍ സൃഷ്ടിച്ച ആവേശത്തിന്റെ അലകള്‍ക്ക് ഇപ്പോഴും കുറവില്ല.
പോകാന്‍ തയാറുള്ളവര്‍ കൈ ഉയര്‍ത്തണമെന്ന നിര്‍ദേശം കിട്ടിയപ്പോള്‍ മുന്‍പിന്‍ നോക്കാതെ കൈ ഉയര്‍ത്തി. ഗ്രാമങ്ങളില്‍ നടന്ന ശിലാപൂജയ്‌ക്ക് വീടുകളില്‍ ഭക്തിപൂര്‍വമായ സ്വീകരണം. വീടുകളില്‍ നിന്ന് അമ്മമാരുടെ അനുഗ്രഹം വാങ്ങി കര്‍സേവയ്‌ക്ക്. തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍നിന്ന് ടി.വി. വേലായുധന്‍, എം. ജയചന്ദ്രന്‍, വി. ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് രാമനാമജപവുമായി അയോദ്ധ്യയിലേക്ക് സംഘം യാത്ര തിരിച്ചത്. ഝാന്‍സിയില്‍ സ്വീകരിക്കാനെത്തിയത് വന്‍ പോലീസ് സൈന്യമായിരുന്നു. കര്‍സേവകരെല്ലാം അറസ്റ്റിലായി. താത്കാലിക ജയിലായി മാറ്റിയ കോളജിനുള്ളിലേക്ക് കര്‍സേവകരെ കൂട്ടമായെത്തിച്ചു. ജയില്‍വാസം പാട്ടും ഭജനയും കൊണ്ട് ഞങ്ങള്‍ ആഘോഷമാക്കി. എറണാകുളത്തുനിന്നുള്ള മുതിര്‍ന്ന പ്രവര്‍ത്തകന്‍ രാധാകൃഷ്ണഭട്ജിയുടെ രസകരമായ കഥകള്‍… ഒന്നും മായാതെ മനസിലുണ്ട്. പോലീസ് ഭക്ഷണം നിഷേധിച്ചു. രാമഭക്തര്‍ക്ക് അന്നം നല്കാനുള്ള ചുമതല ജനങ്ങള്‍ ഏറ്റെടുത്തു. അവര്‍ ജയിലിലേക്ക് ചപ്പാത്തിയും പഴങ്ങളും ചോറുമെത്തിച്ചു.
കര്‍സേവയുടെ ദിവസം ഝാന്‍സി കോട്ടയുടെ സമീപത്ത് വിശേഷാല്‍ പൂജയില്‍ പങ്കെടുക്കാന്‍ പോലീസും സൈന്യവും ഞങ്ങളെ അനുവദിച്ചു. ഈച്ചപോലും പാറില്ലെന്ന് വീമ്പടിച്ച് മുലായംസര്‍ക്കാര്‍ കെട്ടിയ സുരക്ഷാഭിത്തികള്‍ തകര്‍ത്ത് കര്‍സേവ നടന്നുവെന്നറിഞ്ഞതോടെ ആവേശം ഇരട്ടിയായി. നാട്ടിലേക്ക് മടങ്ങിപ്പോകാനായിരുന്നു പോലീസ് നിര്‍ദ്ദേശം. ജയചന്ദ്രന്‍, ചന്ദ്രന്‍ എന്നിവരുടെ കൂടെ ഞങ്ങള്‍ കുറച്ചു പേര്‍ മധ്യപ്രദേശിലിറങ്ങി ഒരു സത്രത്തില്‍ കൂടി. നാട്ടുകാര്‍ ഭക്ഷണം തന്നു. സംഘര്‍ഷം ഒതുങ്ങി ട്രെയിന്‍ ഓടിത്തുടങ്ങിയതിന് ശേഷം ഞങ്ങള്‍ നേരെ അയോദ്ധ്യയിലേക്ക് പോയി. അതൊരു ക്ഷേത്രനഗരമാണെന്ന സത്യം നേരിട്ട് കണ്ടറിഞ്ഞു. സീതയ്‌ക്ക്, ഹനുമാന്, വാല്മീകിക്ക്, ലക്ഷ്മണന്… എല്ലാവരുടെയും മനോഹരമായ ക്ഷേത്രങ്ങള്‍. ശാന്തമായ് ഒഴുകുന്ന സരയൂനദി…
ഞങ്ങള്‍ രാമവിഗ്രഹം കണ്ട് തൊഴുതു. അയോദ്ധ്യ ചുറ്റിനടന്നു കണ്ടു. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം നടത്തേണ്ടിവന്ന മനുഷ്യക്കുരുതിയില്‍ പ്രതിഷേധിക്കുന്ന പോലീസുകാരെയും കണ്ടു. പത്തനംതിട്ടക്കാരനായ ഒരു പോലീസുകാരന്‍ നിറഞ്ഞ കണ്ണുകളോടെയാണ് അന്നത്ത രാമഭക്തവേട്ട വിവരിച്ചത്. ഭാവിയില്‍ ക്ഷേത്രം ഉയരുമെന്ന ഉറപ്പുണ്ടായിരുന്നു മനസില്‍. ഇനി ആ നാളുകളാണ്… വനവാസം കഴിഞ്ഞു. രാമന്‍ വരുന്നു. ആയിരക്കണക്കിന് കര്‍സേവകരുടെയും ഭാരതീയരുടെയും മനസില്‍ ഇനി ആഹ്ലാദത്തിന്റെ ദിനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: