അച്ഛനും മകള്‍ക്കും ഒരാള്‍ ഗുരുവാകുക. ഗുരുവും ശിഷ്യനും നൃത്താധ്യാപകരാവുക. അങ്ങനെ അപൂര്‍വ്വ കാഴ്ചയ്ക്കാണ് ഒന്നാം വേദി സാക്ഷിയായത്. തിരുവനന്തപുരം കടയ്ക്കാവൂര്‍ എസ്എസ്ബിവിഎച്ച്എസിലെ ആദിലക്ഷ്മിക്ക് ചിലങ്ക കൈമാറുമ്പോള്‍ നൃത്താധ്യാപകന് മൂകാംബിക സുരേഷിന്റെ മിഴികള്‍ അഭിമാനവും സന്തോഷവും കൊണ്ട് നിറഞ്ഞു. തന്റെ പ്രിയ ശിഷ്യനും നൃത്താധ്യാപകനുമായ ഗിരീഷിന്റെ മകളാണ്. അതുകൊണ്ട് തന്നെ ഇരുവരും ചേര്‍ന്നാണ് ചിലങ്ക കൈമാറിയതും.
ആറ്റിങ്ങല്‍ സ്വദേശി ഗിരീഷ് നൃത്താധ്യാപകനാണ്. 15 വയസിലാണ് ഗിരീഷ് നൃത്തം പഠിക്കാനായി സുരേഷിന്റെ അടുത്തെത്തുന്നത്. ഗുരുവിന് പ്രായം 25 ഉം. 10 വര്‍ഷത്തോളം ഗിരീഷ്, സുരേഷിനുകീഴില് നൃത്തം പഠിച്ചു. നൃത്ത അധ്യാപകനായി. ഗിരീഷിന് മകളെ നൃത്തം പഠിപ്പിക്കാം. പക്ഷെ തന്റെ ഗുരു തന്നെ പഠിപ്പിച്ചാല്‍ മതിയെന്ന് തീരുമാനിച്ചു. മൂന്നര വയസില്‍ തന്റെ ഗുരുവിന്റെ ശിക്ഷണത്തിലാക്കി. ആദിലക്ഷ്മി ഇപ്പോള്‍ 10-ാം ക്ലാസിലാണ്. ഭരതനാട്യത്തിന് പുറമെ കുച്ചുപ്പുടിയും മോഹിനിയാട്ടവും സുരേഷിന്റെ കീഴില്‍ പഠിക്കുന്നുണ്ട്. ജില്ലാതലം വരെ മത്സരിച്ചിട്ടുള്ള ഗിരീഷ്, സംസ്ഥാന കലോത്സവത്തില്‍ മകളെ പങ്കെടുപ്പിക്കണമെന്ന വലിയ ആഗ്രഹം കൂടി സഫലീകരിക്കുകയായിരുന്നു.
സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലാണ് ഗിരീഷ്. നാട്ടിലെ ഭഗവതി കലാസമിതി മത്സരത്തിന് വരാന്‍ 10000 രൂപ നല്കി. കൂടാതെ സുഹൃത്തുക്കളുടെയും സഹായം കൊണ്ടാണ് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: