അയോധ്യ: മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി ക്ഷേത്രനഗരിയായ അയോധ്യയില്‍ നടക്കുന്നത് 85,000 കോടി രൂപയുടെ വികസന പദ്ധതികള്‍. പത്തുവര്‍ഷം കൊണ്ട് ആധുനിക അയോധ്യയുടെ നിര്‍മ്മാണമാണ് ലക്ഷ്യം. 2031ല്‍ പൂര്‍ത്തിയാക്കാന്‍ ഉദ്യേശിക്കുന്ന മാസ്റ്റര്‍ പ്ലാന്‍ പ്രതിദിനം മൂന്നുലക്ഷം ഭക്തരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള നഗരമാക്കി അയോധ്യയെ മാറ്റും.
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ലോകോത്തര നഗരമാക്കി അയോധ്യയെ വികസിപ്പിക്കാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതനുസരിച്ചുള്ള ദീര്‍ഘകാല പദ്ധതികള്‍ നഗരത്തിലെമ്പാടും നടക്കുന്നു. 37 കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ അയോധ്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അയോധ്യാ വികസന അതോറിറ്റി 875 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ വിനോദ സഞ്ചാര വികസനമാണ് നടപ്പാക്കുന്നത്. നഗരവാസികളും തീര്‍ത്ഥാടകരും 1:10 എന്ന അനുപാതത്തിലുള്ള പദ്ധതികളാണ് നടക്കുന്നത്.
ഗ്രീന്‍ഫീല്‍ഡ് ടൗണ്‍ഷിപ്പില്‍ ഗസ്റ്റ് ഹൗസുകള്‍, ഹോട്ടലുകള്‍, ഭക്ഷണശാലകള്‍, മറ്റ് വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കും. നൂറോളം പഞ്ചനക്ഷത്ര ഹോട്ടലുകളാണ് അയോധ്യയില്‍ അനുമതിക്കായി ഇതിനകം അപേക്ഷിച്ചിരിക്കുന്നത്. നഗരത്തിന് പുതിയ മുഖം നല്‍കുന്നതിനായി മാത്രം 31,662 കോടി രൂപയാണ് ചെലവഴിക്കുന്നത്. ദേശീയപാതാ അതോറിറ്റി പതിനായിരം കോടി രൂപ ചിലവഴിക്കുന്നു. 7,500 കോടി രൂപയുടെ 34 പദ്ധതികളാണ് യുപി പൊതുമരാമത്ത് വകുപ്പ് അയോധ്യയില്‍ നടത്തുന്നത്. അന്താരാഷ്ട്ര വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്, ദേശീയപാതകള്‍ എന്നിവയെല്ലാം അയോധ്യയ്ക്ക് ആധുനിക മുഖം സമ്മാനിക്കുന്നു. അയോധ്യയില്‍ സ്മാര്‍ട്ട് സിറ്റിക്കായും അപേക്ഷ എത്തിയിട്ടുണ്ട്.
2021ല്‍ മൂന്നേകാല്‍ ലക്ഷം സഞ്ചാരികളാണ് അയോധ്യയില്‍ എത്തിയതെന്നാണ് യുപി ടൂറിസത്തിന്റെ കണക്ക്. എന്നാല്‍ 2022-23ല്‍ 2.4 കോടി പേര് അയോധ്യയിലേക്ക് എത്തിക്കഴിഞ്ഞു. ഈവര്‍ഷം മുതല്‍ മൂന്നു കോടി പേരെങ്കിലും പ്രതിവര്‍ഷം അയോധ്യയിലേക്ക് എത്തുമെന്നാണ് കണക്ക്. ഇവര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ യുദ്ധസമാന സാഹചര്യത്തിലാണ് അയോധ്യാ നഗരത്തില്‍ വികസന പദ്ധതികള്‍ പുരോഗമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: