കൊല്ലം: നങ്ങ്യാര്‍കൂത്തിലെ എഗ്രേഡ് നേട്ടവുമായി കേരളനടന വേദിയില്‍ മകളുടെ ഊഴവും കാത്തിരിക്കുമ്പോള്‍ അമ്മയുടെ മനസ്സ് നിറയുന്നു. രണ്ടരപതിറ്റാണ്ടു മുന്‍പ് തനിക്ക് സാധിക്കാതിരുന്നത് മകളിലൂടെ നേടിയെടുക്കുന്നതിന്റെ സന്തോഷത്തിലാണ് നങ്ങ്യാര്‍കൂത്തില്‍ തുടര്‍ച്ചയായി നാലാം വര്‍ഷവും എഗ്രേഡ് നേടിയ എറണാകുളം സെന്റ് തെരാസസ് എച്ച്എസ്എസ് പ്ലസ്ടു വിദ്യാര്‍ഥിനി സാന്ദ്രജയകുമാറിന്റെ അമ്മ നിമി.
പഠിക്കുന്ന കാലഘട്ടത്തില്‍ നര്‍ത്തകിയാകണമെന്നത് നിമിയുടെ ആഗ്രഹമായിരുന്നു. ഗൃഹനാഥന് മരിച്ചുപോയ കുടുംബത്തിലെ ഏഴുമക്കളില്‍ ഒരാളെ നൃത്തപഠനത്തിന് അയ്ക്കുക അന്ന് ആലോചിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. അതിനാല്‍ മനസ്സിലെ മോഹം പുറത്തെടുത്തില്ല.
എട്ടുവര്‍ഷം മുന്‍പ് മകള്‍ നൃത്തപഠനത്തിന് താല്പര്യം പ്രകടിപ്പിച്ചപ്പോള്‍, തനിക്ക് കഴിയാതിരുന്നത് മകള്‍ നേടുന്നതു കാണാന്‍ എല്ലാ പിന്തുണയും നല്കി. മകള്‍ ആഗ്രഹിച്ചതെല്ലാം പഠിപ്പിച്ചു. ഇന്ന് മകള്‍ വേദികള്‍ കീഴടക്കുമ്പോള്‍ നിമി സന്തോഷിക്കുകയാണ്. അമ്മയ്ക്കും മകള്‍ക്കും പൂര്‍ണപിന്തുണയുമായി സാന്ദ്രയുടെ അച്ഛന് ജയകുമാര്‍ ഒപ്പമുണ്ട്.
ഏഴാം ക്ലാസില്‍ കലാമണ്ഡലം കൃഷ്ണനന്ദുവിന്റെ കീഴില്‍ നങ്ങ്യാര്‍കൂത്ത് പഠനം ആരംഭിച്ച സാന്ദ്ര എട്ടാം ക്ലാസ് മുതല്‍ സംസ്ഥാന തലത്തില്‍ എഗ്രേഡ് നേടുന്നു. ഈ വര്‍ഷം കേരളനടനത്തിലും മത്സരിക്കുന്നുണ്ട്. നാടോടിനൃത്തം, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം തുടങ്ങി നൃത്തവേദിയില്‍ സാന്ദ്ര കൈവയ്ക്കാത്ത മേഖലകളില്ല. നങ്ങ്യാര്‍കൂത്തിലും കേരളനടനത്തിലും സംസ്ഥാന തലത്തില്‍ പങ്കെടുക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: