ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാലദ്വീപിലെ മൂന്നു മന്ത്രിമാര്‍ അപമാനിച്ച സംഭവത്തില്‍ ആഗോളതലത്തില്‍ വന്‍ പ്രതിഷേധം. കുറച്ചു നാളായി ചൈനീസ് പക്ഷം ചേര്‍ന്ന് നീങ്ങുന്ന മാലദ്വീപ് ഈ പ്രശ്നത്തില്‍ പ്രതിരോധത്തിലായി. തൊട്ടു പിന്നാലെ മൂന്നു മന്ത്രിമാരേയും സസ്പെന്‍ഡ് ചെയ്യുന്നതായി ഔദ്യോഗിക വിശദീകരണം ഇറക്കി. നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ അപമാനിച്ച മന്ത്രിമാരായ മറിയം ഷിവുന, മാല്‍ഷ ഷെരീഫ്, മഹ്സൂം മജീദ് എന്നിവര്‍ക്കെതിരെയാണ് നടപടി.
മന്ത്രിമാരുടെ നടപടി മാലദ്വീപില്‍ വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് അടക്കം മന്ത്രിമാരെ വിമര്‍ശിച്ചു രംഗത്തെത്തി. ഇതിന് പിന്നാലെയാണ് സസ്പെന്ഷന് നടപടി. സാമൂഹ്യ മാധ്യമത്തിലൂടെ മറ്റൊരു രാഷ്ട്രത്തിന്റെ തലവനെ അപമാനിച്ചാല്‍ കര്‍ശന നിയമ നടപടിയുണ്ടാകുമെന്നും മാലദ്വീപ് ഭരണകൂടം പൗരന്മാര്ക്ക് മുന്നറിയിപ്പ് നല്കി. മാലദ്വീപിലേക്കുള്ള വിനോദ സഞ്ചാരികള്‍ കൂട്ടത്തോടെ വിമാനടിക്കറ്റുകള്‍ റദ്ദാക്കിയും ഹോട്ടല്‍ റൂമുകളുടെ ബുക്കിങ് റദ്ദാക്കിയും പ്രതിഷേധിച്ചു.
പ്രധാനമന്ത്രി മോദി ലക്ഷദ്വീപ് യാത്രയുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഭാരതത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികളെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന മാലദ്വീപിന് വലിയ തിരിച്ചടിയാണ് ലക്ഷദ്വീപിനെ പ്രോത്സാഹിപ്പിച്ച മോദിയുടെ നടപടി എന്നാരോപിച്ചായിരുന്നു മാലദ്വീപ് മന്ത്രിമാരുടെ പ്രകോപനം.
പ്രധാനമന്ത്രി മോദിയെ കോമാളിയെന്നും ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് ഡൈവ് ചെയ്യുന്നയാളെന്നുമൊക്കെ മറിയം ഷിവുന്ന എക്സില്‍ പോസ്റ്റിട്ടിരുന്നു. ഭാരതം മാലദ്വീപിനെ ലക്ഷ്യം വയ്ക്കുന്നുവെന്നായിരുന്നു മന്ത്രി അബ്ദുള്ള മഹ്സൂമിന്റെ ആരോപണം. അഭിപ്രായ സ്വാതന്ത്ര്യം ആവാമെന്നും എന്നാല്‍ വെറുപ്പും നിഷേധാത്മകതയും പ്രചരിപ്പിക്കരുതെന്നും മാലദ്വീപിനോട് അടുപ്പമുള്ള രാഷ്ട്രത്തെ ലക്ഷ്യം വയ്ക്കരുതെന്നും മാലദ്വീപ് സര്‍ക്കാര്‍ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ടെങ്കിലും വിവാദങ്ങള്‍ തുടരുകയാണ്.
മാലദ്വീപ് മന്ത്രിമാര്‍ തന്നെ നേരിട്ട് ഭാരത പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ച് രംഗത്തെത്തി. സാമൂഹ്യമാധ്യമങ്ങളില്‍ മാലദ്വീപ് ബഹിഷ്ക്കരണാഹ്വാനവും ശക്തമായി. ആയിരക്കണക്കിന് പേര് മാലദ്വീപ് യാത്ര റദ്ദാക്കിയതായി ക്യാന്‍സല്‍ ചെയ്ത ടിക്കറ്റിന്റെ ചിത്രം സഹിതം എക്സില്‍ പോസ്റ്റുകളിട്ടു. ആദ്യമണിക്കൂറുകളില്‍ മാത്രം 9,000 ഹോട്ടല്‍ ബുക്കിങ്ങുകള്‍ റദ്ദാക്കപ്പെട്ടിട്ടുണ്ട്. സിനിമാ-ക്രിക്കറ്റ് താരങ്ങള്‍ ലക്ഷദ്വീപിനെ പിന്തുണച്ച് രംഗത്തെത്തിയതോടെ മാലദ്വീപിന്റെ വിനോദ സഞ്ചാര മേഖലയാകെ ഒറ്റദിവസം കൊണ്ട് സ്തംഭനാവസ്ഥയിലായി.
ഭാരതവുമായി മികച്ച ബന്ധമുണ്ടായിരുന്ന ഇബു സോളിയെ പരാജയപ്പെടുത്തി ചൈനീസ് അനുകൂലിയായ മുഹമ്മദ് മുയ്സു ഒക്ടോബറില്‍ മാലദ്വീപില്‍ പ്രസിഡന്റായതു മുതല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ ശക്തമായിരുന്നു. ദ്വീപിലെ ഭാരത സാന്നിധ്യത്തെ പുറത്താക്കുമെന്നായിരുന്നു മുയ്സുവിന്റെ ആദ്യപ്രതികരണം. ഭാരതത്തിനെതിരെ നിരന്തരം പ്രസ്താവനകള്‍ നടത്തുന്ന മുഹമ്മദ് മുയ്സു അനുകൂലികള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. ഇതിനിടെയാണ് മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശം. എന്നാല്‍ മോദിയെ വ്യക്തിപരമായി അപമാനിച്ച സംഭവം ദ്വീപ് രാഷ്ട്രത്തെ ആഗോള തലത്തില്‍ വലിയ ഒറ്റപ്പെടലിലേക്ക് നയിച്ചതോടെയാണ് മുഖം രക്ഷിക്കാന്‍ മുഹമ്മദ് മുയ്സു മന്ത്രിമാരെ സസ്പെന്‍ഡ് ചെയ്തത്.
ഭയപ്പെടുത്തുന്ന ഭാഷാപ്രയോഗമാണ് മന്ത്രിമാരില്‍ നിന്നുണ്ടായതെന്നും മാലദ്വീപിന്റെ സുരക്ഷയ്ക്കും സമൃദ്ധിക്കും സഹായം നല്കുന്ന നേതാവിനെതിരെ ഭയാനകരമായ വാക്കുകളാണ് പ്രയോഗിച്ചതെന്നുമായിരുന്നു മുന്‍ പ്രസിഡന്റിന്റെ കുറ്റപ്പെടുത്തല്‍. ഭാരത സര്‍ക്കാര്‍ ഇതുവരെ മാലദ്വീപ് വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: