Categories: Kerala

സനാതന ധര്‍മ സംരക്ഷണത്തിനായി ഹിന്ദുക്കള്‍ ഒന്നിക്കണം: ഗൗരി ലക്ഷ്മിഭായി

Published by

തിരുവനന്തപുരം: ജാതിചിന്തകള്‍ വെടിഞ്ഞ് സനാതന ധര്‍മ സംരക്ഷണത്തിനായി ഹിന്ദുക്കള്‍ ഒന്നിക്കണമെന്ന് തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി.

പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന പന്ത്രണ്ടാമത് അനന്തപുരി ഹിന്ദു മഹാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഏത് ജാതിയായാലും നാമെല്ലാം ഹിന്ദുക്കളാണ് എന്നും ജാതിയല്ല മതമാണ് വലുത് എന്ന് ചിന്തയുണ്ടാകണമെന്നും അവര്‍ പറഞ്ഞു. എല്ലാവരും ഒരുമിച്ചുനിന്ന് സനാധന ധര്‍മത്തെ മുന്നോട്ട് കൊണ്ടുപോകണം. നമ്മള്‍ രക്ഷിക്കുന്ന സനാതനധര്‍മം നമ്മളെയും രക്ഷിക്കുമെന്നും വ്യത്യാസങ്ങള്‍ ഉള്‍ക്കൊണ്ടുതന്നെ നാം ഒരുമിച്ച് നിന്ന് വെല്ലുവിളികളെ നേരിടണമെന്നും അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി പറഞ്ഞു.

ജീവിതത്തില്‍ പരിപാലിക്കുന്ന ആനുഷ്ഠാനങ്ങളിലും അറിവിലും നിന്നാണ് ഒരു പ്രതിസന്ധിയിലും പതറാത്ത വ്യക്തിത്വം ലഭിക്കുന്നത് എന്ന് മുഖ്യ പ്രഭാഷണം നടത്തിയ കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. ചെങ്കല്‍ എസ്.രാജശേഖരന്‍നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്വാമി അഭയാനന്ദ, സ്വാമി സുകുമാരാനന്ദ, സ്വാമി മഹോശ്വരാനന്ദ, സ്വാമി ഹരിഹരാനന്ദ, റാണി മോഹന്‍ദാസ്, വി.സുധകുമാര്‍, സരിന്‍ ശിവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജ്യോതിഷ പണ്ഡിതന്‍ സന്തോഷ് നായര്‍, എഴുത്തുകാരന്‍ ഇറക്കത്ത് രാധാകൃഷ്ണന്‍, മോഹന്‍ദാസ് കോളജ് ഡയറക്ടര്‍ റാണി മോഹന്‍ദാസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.

 

ഹിന്ദു മഹാസമ്മേളനത്തില്‍ ഇന്ന്

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ മൂന്നാം ദിവസമായ ഇന്ന് രാവിലെ 5 മണിക്ക് മഹാഗണപതിഹോമത്തോടെ തുടക്കം.

5.30 ന് ചോറ്റാനിക്കരക്ഷേത്രം തന്ത്രി പുലിയന്നൂര്‍ മന പ്രശാന്ത് നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികതത്തില്‍ മഹാമൃത്യു ജ്ഞയഹോമം നടക്കും. 8.30 ന് സൗന്ദര്യലഹരി, 10ന് പി. പരമേശ്വരന്‍ എഴുതിയ ശ്രീനാരാണഗുരു നവോത്ഥാനത്തിന്റെ പ്രവാചകന്‍ എന്ന പുസ്തകത്തെക്കുറിച്ച് ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണന്‍, തിരൂര്‍ രവീന്ദ്രന്‍, ഷാബു പ്രസാദ്, സുജിത് ശ്രീകാര്യം എന്നിവര്‍ നയിക്കുന്ന ചര്‍ച്ച,

12ന് ലോക ജനതയില്‍ ഭഗവത്ഗീതയുടെ സ്വാധീനം സ്വാമി ചിന്മായന്ദനിലൂടെ എന്ന വിഷയത്തില്‍ സ്വാമി അഭയാനന്ദസരസ്വതി നടത്തുന്ന പ്രഭാഷണം. വൈകിട്ട് 3 ന് ഭാരതീയ സാഹിത്യവും ആത്മീയതയും എന്ന വിഷയത്തില്‍ വടയാര്‍ സുനില്‍, ശ്രീകലാദേവി, തിരൂര്‍ രവീന്ദ്രന്‍, പത്മാവതിഅമ്മ എന്നിവര്‍ നയിക്കുന്ന സെമിനാര്‍, വൈകിട്ട് 6ന് നടക്കുന്ന പൊതുസമ്മേളനം ഡോ.ഹരീന്ദ്രന്‍നായര്‍ ഉദ്ഘാടനം ചെയ്യും. സാമൂഹികപരിവര്‍ത്തനം കേരളത്തില്‍ എന്ന വിഷയത്തില്‍ സമ്മേളനത്തില്‍ മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, ഡോ.എന്‍.ആര്‍.മധു, വടയാര്‍ സുനില്‍, കെ.രാജശേഖരന്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. രാത്രി 8 ന് അഭിനവക്ഷേത്രം നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്തവും ഉണ്ടായിരിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക