തിരുവനന്തപുരം: ഹിന്ദു ധര്‍മ്മപരിഷത്ത് ആര്‍ഷധര്‍മ്മ പുരസ്കാരം മോഹന്‍ദാസ് ഗ്രൂപ്പ് ഓഫ് എജ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഡയറക്ടര്‍ റാണി മോഹന്‍ദാസിനും പ്രൊഫ. ജി .ബാലകൃഷ്ണന് നായര്‍ പുരസ്കാരം ഡോ. എസ്.ശ്രീകലാദേവിക്കും നല്‍കും. ആധ്യാത്മിക, ജീവകാരുണ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് നല്കി വരുന്ന സമഗ്ര സംഭാവനകള്‍ക്കാണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്.
ഇരുപത്തയ്യായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ആര്‍ഷധര്‍മ്മ പുരസ്കാരം. നാലു ദശാബ്ദത്തിലേറെയായി വിവിധ മേഖലകളില്‍ റാണി മോഹന്‍ദാസ് നല്കുന്ന സേവനം മാതൃകാപരവും മഹത്തരവുമാണെന്ന് പുരസ്കാര നിര്‍ണയ സമിതി വിലയിരുത്തിയതായി ഹിന്ദുധര്മപരിഷത് അധ്യക്ഷന്‍ എം.ഗോപാല്‍ പറഞ്ഞു. 12 ന് അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള പുരസ്കാരം സമ്മാനിക്കും.
വൈജ്ഞാനിക അദ്ധ്യാത്മിക സാഹിത്യത്തിലെ മികച്ച ഗ്രന്ഥത്തിനു നല്കുന്ന പ്രൊഫ. ജി ബാലകൃഷ്ണന് നായര്‍ പുരസ്കാരം ഡോ. എസ്.ശ്രീകലാദേവി എഴുതിയ ‘ഭാരതീയവിദ്യാഭ്യാസം സഹസ്രാബ്ദങ്ങളിലൂടെ’ എന്ന പുസ്തകത്തിനു നല്‍കും. പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പ്രഭാവം കണ്ടെത്തുന്നതിലും അതു നിര്‍വ്വഹിച്ച നാനാമുഖമായ പ്രയോജനങ്ങളെ വിശദവും ആധികാരികവുമായി പ്രകാശിപ്പിക്കുന്നതിലും അവയുടെ അത്യത്ഭുതകരമായ ഫലങ്ങളെ വിശകലനം ചെയ്യുന്നതിലും രചയിതാവ് പൂര്‍ണ്ണമായി വിജയിച്ചിരിക്കുന്നു. ഈ ഗ്രന്ഥം തയ്യാറാക്കി സമര്പ്പിപ്പിച്ചതിലൂടെ ഡോ. ശ്രീകലാദേവി മഹത്തായ കര്‍മ്മമാണ് നിര്‍വ്വഹിച്ചിരിക്കുന്നതെന്ന് പുരസ്കാര നിര്‍ണ്ണയ സമിതി എകകണ്ഠമായി അഭിപ്രായപ്പെട്ടു. 10ന് വൈകുന്നേരം. 6ന് പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ പുരസ്കാരം സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: