വാരാണസി: നസ്‌നീന്‍ അന്‍സാരിയും നജ്മ പര്‍വീണും അയോദ്ധ്യയില്‍ പോകും. ബാലകരാമന്റെ പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം അവിടെ നിന്ന് രാംജ്യോതിയുമായി വാരാണസിയിലേക്ക് മടങ്ങും. കാശിയിലെ മുസ്ലിം വീടുകളില്‍ രാംജ്യോതി എത്തിക്കും.
ഭഗവാന്‍ രാമന്‍ എല്ലാ ഭാരതീയരുടെയും പൂര്‍വികനാണെന്ന സന്ദേശം എല്ലാവരിലും എത്തിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് ഈ പവിത്രമായ ഉദ്യമത്തിന് മുതിരുന്നതെന്ന് മുസ്ലിം മഹിളാ ഫെഡറേഷന്‍ അദ്ധ്യക്ഷ കൂടിയായ നസ്‌നീന്‍ അന്‍സാരി മാധ്യമങ്ങളോട് പറഞ്ഞു. 21നാണ് രണ്ടുപേരും കാശിയില്‍നിന്ന് അയോദ്ധ്യയിലേക്ക് യാത്ര പുറപ്പെടുന്നത്. പതല്‍പുരി മഠത്തിലെ മഹന്ത് ബാലക് ദാസും കാശിയിലെ ഡോ. രാജ് ഓം ചൗധരിയും ചേര്‍ന്നാണ് യാത്ര ഉദ്ഘാടനം ചെയ്യുന്നത്. അയോദ്ധ്യയില്‍ മഹന്ത് ശംഭുദേവാചാര്യ രാംജ്യോതി കൈമാറും.
പതല്‍പുരി ആശ്രമത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച രാംഭക്തിപ്രസ്ഥാനമാണ് കാശിയിലെ എല്ലാ വീടുകളിലും അയോദ്ധ്യയില്‍ നിന്നുള്ള രാംജ്യോതി എത്തിക്കാന്‍ തീരുമാനമെടുത്തത്. ഹനുമാന്‍ ചാലീസയും രാമചരിതമാനസവും ഉറുദു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത നസ്‌നീന്‍ അന്‍സാരി ഐക്യത്തിനും സമാധാനത്തിനും വേണ്ടിയുള്ള സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച രാംപന്ഥിന്റെ പ്രവര്‍ത്തക കൂടിയാണ്. ഇസ്ലാംമതവിശ്വാസിയായിരിക്കുമ്പോള്‍ത്തന്നെ രാമനെ പൂര്‍വികനായി കാണാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് നസ്‌നീനും നജ്മയും പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് പിഎച്ച്ഡി നേടിയ നജ്മ 17 വര്‍ഷം രാമഭക്തി പ്രചരണത്തിനായാണ് സമര്‍പ്പിച്ചത്. വാരാണസിയിലെ ഹിന്ദു-മുസ്ലിം ഡയലോഗ് സെന്റര്‍ വഴി തര്‍ക്കമല്ല, സമാധാനം എന്ന ആശയം പ്രയോഗത്തില്‍ വരുത്തുകയാണ് നജ്മ പര്‍വീണ്‍ ലക്ഷ്യമിടുന്നത്. 2006ല്‍ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് നിരവധി മുസ്ലീം സ്ത്രീകളെയും നയിച്ച് സങ്കടമോചന ക്ഷേത്രത്തില്‍ ഹനുമാന്‍ ചാലീസ ചൊല്ലിയപ്പോഴാണ് പര്‍വീണ്‍ നജ്മ ശ്രദ്ധേയ ആയത്. രാമനവമിയിലും ദീപാവലിയിലും നൂറുകണക്കിന് മുസ്ലീം സ്ത്രീകളോടൊപ്പം അവര്‍ ശ്രീരാമ ആരതിയും നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: