തിരുവനന്തപുരം: നവകേരളമല്ല മഹിമയുടെയും നന്മയുടെയും കേരളമാണ് വേണ്ടതെന്ന് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി.
ദൈവത്തിന്റെ സ്വന്തം നാടെന്ന് പറയാന്‍ കേരളത്തിന് അധികാരമില്ലാതായിരിക്കുന്നു. എപ്പോഴാണോ നമ്മുടെ ആചാരാനുഷ്ഠാനങ്ങളില്‍ നിന്ന് പിന്നാക്കം പോകുന്നത് അപ്പോള്‍ പ്രതിസന്ധികളെ അഭിമുഖീകരിക്കാനുള്ള കരുത്ത് നഷ്ടപ്പെടുമെന്നും സ്വാമി പറഞ്ഞു. തിരുവനന്തപുരത്ത് പന്ത്രണ്ടാമത് അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിലെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി ചിദാനന്ദപുരി.
ജനാധിപത്യ സമൂഹത്തില്‍ നമ്മുടെ വോട്ടുകള്‍ പ്രധാനപ്പെട്ടതാണ്. ജനപ്രതിനിധികളെ തെരഞ്ഞെടുക്കുമ്പോള്‍ നവകേരളം വേണ്ട എന്ന് പറയാന്‍ നമുക്ക് സാധിക്കണമെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു.
തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായി സമ്മേളനത്തിന് ഭദ്രദീപം തെളിച്ചു. അനന്തപുരി ഹിന്ദുധര്‍മ പരിഷത് ചെയര്മാന് ചെങ്കല്‍ രാജശേഖരന് നായര്‍ അധ്യക്ഷനായി. ചിന്മയ മിഷനിലെ സ്വാമി അഭയാനന്ദ, തിരുമല ആനന്ദാശ്രമത്തിലെ സ്വാമി സുകുമാരാനന്ദ, ചെങ്കല്‍ ശിവപാര്‍വ്വതി ക്ഷേത്രം മഠാധിപതി സ്വാമി മഹേശ്വരാനന്ദ, കാലടി ബോധാനന്ദ ആശ്രമം ആചാര്യന് സ്വാമി ഹരിഹരാനന്ദ, മോഹന്‍ദാസ് കോളജ് ഡയറക്ടര്‍ റാണി മോഹന്‍ദാസ,് കൗണ്‍സിലര്‍ പി. അശോക്കുമാര് തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഏകഭാരതം ശ്രേഷ്ഠഭാരതം എന്ന പരിപാടി അവതരിപ്പിച്ചു. മെഗാ തിരുവാതിര ചലച്ചിത്ര സംവിധായകന് സുജിത്ത് സുന്ദര്‍ ഉദ്ഘാടനം ചെയ്തു. സംന്യാസി ശ്രേഷ്ഠന്മാര് ആചാര്യന്മാര് തന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ആചാര്യ സദസും ചെന്നൈ ഡോ. സൂര്യ അജയ് റാവു അവതരിപ്പിച്ച ശാസ്ത്രീയ സംഗീതവും നടന്നു. സമ്മേളനം വെള്ളിയാഴ്ച സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: