Categories: Thrissur

വില കുത്തനെ ഇടിഞ്ഞു: നേന്ത്രവാഴ കര്‍ഷകര്‍ ദുരിതത്തില്‍; അധികൃതരുടെ ഇടപെടല്‍ അനിവാര്യം

Published by

തൃശൂര്‍: വില കുത്തനെ ഇടിഞ്ഞതോടെ നേന്ത്രവാഴ കര്‍ഷകര്‍ ദുരിതത്തില്‍. ഓണക്കാലത്തു മികച്ച വില ലഭിച്ച നേന്ത്രക്കുലയ്‌ക്കു പുതുവര്‍ഷത്തില്‍ കിലോഗ്രാമിന് 25 രൂപ പോലും കിട്ടാത്ത അവസ്ഥ.

വിഎഫ്പിസികെ സ്വാശ്രയ കര്‍ഷക വിപണികളിലും ശക്തന്‍ മാര്‍ക്കറ്റിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി 25 മുതല്‍ 26 രൂപ വരെയാണ് ഒരു കിലോ നേന്ത്രാകായ്‌ക്കു കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. വിളവെടുപ്പ് സമയമായതിനാല്‍ ടണ്‍ കണക്കിനു കുലകളാണ് ഓരോ ദിവസവും എത്തുന്നത്.വില കുത്തനെ ഇടിഞ്ഞതോടെ മുടക്കു മുതല്‍ പോലും ലഭിക്കാത്ത അവസ്ഥയാണെന്നു കര്‍ഷകര്‍ പറയുന്നു.

കാലാവസ്ഥ വ്യതിയാനവും വളം, കീടനാശിനി വില വര്‍ധനയും സൃഷ്ടിച്ച പ്രതിസന്ധി തുടരുമ്പോഴാണ് വിലക്കുറവ് ഇരട്ടി ആഘാതം ഏല്‍പ്പിക്കുന്നത്. ഓണവിപണിയില്‍ കിലോഗ്രാമിനു 60-65 രൂപ വരെ കിലോഗ്രാമിനു ലഭിച്ചിരുന്നു.

അതിര്‍ത്തി കടന്ന് നേന്ത്രക്കുലകള്‍

നാടന്‍ നേന്ത്രകുലയ്‌ക്ക് ഗുണനിലവാരം കൂടുതലാണെങ്കിലും മറുനാടന്‍ കുലകളാണ് വിപണിയില്‍ കൂടുതല്‍. വയനാട്, മൈസൂരു എന്നിവിടങ്ങളില്‍ നിന്നു ദിവസവും ടണ്‍ കണക്കിന് നേന്ത്രക്കുലകളാണ് എത്തുന്നത്. നാടന്‍ കുലകളെ അപേക്ഷിച്ചു ഇതിനു വില കുറവാണ്.വയനാട്ടിലും മൈസൂരു ഭാഗത്തും കിലോഗ്രാമിനു പത്തോ പന്ത്രണ്ടോ രൂപയ്‌ക്കു ലഭിക്കുന്ന കുലകള്‍ ഏജന്റുമാര്‍ വഴി ജില്ലയിലെ വിവിധ വിപണികളില്‍ എത്തുമ്പോള്‍
20 രൂപ വരെയാകും. ഇതു വില കൂട്ടി വില്‍ക്കുകയാണ് ചെറുകിട വ്യാപാരികള്‍.

ചിപ്‌സും മറുനാടന്‍

ചിപ്‌സ്, പഴംപൊരി തുടങ്ങിയവയ്‌ക്കാണ് നേന്ത്രപഴം കൂടുതലായിഉപയോഗിക്കുന്നത്. ചിപ്‌സ് നിര്‍മാണ യൂണിറ്റുകള്‍ ഇപ്പോള്‍ മറുനാടന്‍ നേന്ത്രക്കുലകളാണ് കൂടുതലായി വാങ്ങുന്നത്. ഇതിനു നിറവും പൊലിമയും കൂടുതലാണ്. നാടന്‍ ഏത്തക്കുലകള്‍ വറുക്കുമ്പോള്‍ ലഭിക്കു
ന്നതിനേക്കാള്‍ കൂടുതല്‍ അളവില്‍ ഉപ്പേരി ലഭിക്കും.

ചെലവ് 250 രൂപയോളം

മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകന്‍ ഒരു നേന്ത്രക്കുല ഉല്‍പാദിപ്പിക്കുമ്പോള്‍ ചെലവാകുന്നത് 250 രൂപയിലധികം. പക്ഷേ പലപ്പോഴും മുടക്കുമുതല്‍ പോലും ലഭിക്കാത്ത അവസ്ഥ. ഒരു വാഴവിത്തിനു കുറഞ്ഞത് 10 രൂപയെങ്കിലും വേണം. 10 മാസത്തിനുള്ളില്‍ വളം, കീടനാശിനി തുടങ്ങിയവയുടെ ചെലവ് 125 രൂപയിലധികം. കൂലിച്ചെലവ് 100 രൂപ. പാട്ടത്തിനെടുത്ത ഭൂമിയിലാണ് കൃഷി നടത്തുന്നതെങ്കില്‍ 10 രൂപ പാട്ടം. നട്ടു 10 മാസത്തിനുള്ളില്‍ വാഴക്കുല വിളവെടുക്കുേമ്പാള്‍ കര്‍ഷകനു 250 രൂപയിലധികം ചെലവാകും. ശരാശരി 10 കിലോഗ്രാം തൂക്കമുള്ള ഒരു വാഴക്കുല ലഭിച്ചാല്‍ കിലോഗ്രാമിനു 35 രൂപയെങ്കിലും ലഭിച്ചാല്‍ മാത്രമേ ചെറിയ ലാഭത്തിനു സാധ്യതയുള്ളൂ. മിക്കപ്പോഴും ഇതു ലഭിക്കാറില്ല. കൃഷി നടത്തുന്ന സമയത്തു കാറ്റ് ഉള്‍പ്പെടെ പ്രകൃതിക്ഷോഭം വന്നാല്‍ നഷ്ടം ഇരട്ടിയിലധികമാകും. ഈയവസ്ഥയില്‍ എങ്ങനെ കൃഷി ചെയ്യുമെന്നു കര്‍ഷകര്‍ ചോദിക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts