ന്യൂദല്‍ഹി: മാലദ്വീപ് എന്ന കുഞ്ഞന്‍ ദ്വീപ് രാഷ്‌ട്രത്തെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനം. ലക്ഷദ്വീപിലേക്ക് ലോകമെങ്ങുമുള്ള വിനോദ സഞ്ചാരികളുടെ ശ്രദ്ധ പതിഞ്ഞ സന്ദര്‍ശനം തിരിച്ചടിയാവുന്നത് മാലദ്വീപിന്റെ സമ്പദ് രംഗത്തിനാണ്.
പ്രധാനമന്ത്രി മോദി ലക്ഷദ്വീപില്‍ സ്നോര്‍കലിങ് നടത്തുന്നതും മനോഹരമായ ബീച്ചുകളിലൂടെ നടക്കുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ ലോകത്തിന്റെയാകെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇതേ തുടര്‍ന്ന് ദിവസങ്ങളായി ഗൂഗിള്‍ സേര്‍ച്ചില്‍ ആളുകള്‍ ഏറ്റവുമധികം തിരയുന്ന വിനോദ സഞ്ചാരയിടമായി ലക്ഷദ്വീപ് മാറിക്കഴിഞ്ഞു. വിനോദ സഞ്ചാര മേഖലയില്‍ നിന്നുള്ള വരുമാനം കൊണ്ടുമാത്രം ജീവിക്കുന്ന മാലദ്വീപിന് വലിയ പ്രഹരമാണ് ഇതുണ്ടാക്കാന്‍ പോകുന്നത്.
ഭാരതത്തിന്റെ ബീച്ചുകളെ അപമാനിച്ചും പ്രധാനമന്ത്രിയെ പരിഹസിച്ചും മാലദ്വീപ് മന്ത്രിമാര്‍ രംഗത്തെത്തിയതോടെ മാലദ്വീപ് ബഹിഷ്‌ക്കരണം എന്ന ആഹ്വാനവും സാമൂഹ്യ മാധ്യമങ്ങളില്‍ ശക്തമായി. പ്രധാനമന്ത്രിയേയും ലക്ഷദ്വീപിനെയും പിന്തുണച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കറും സല്‍മാന്‍ഖാനും അടക്കമുള്ള പ്രശസ്തരും രംഗത്തെത്തി. ഭാരതത്തിന്റെ ദ്വീപുകളുടെ ഭംഗി വിവരിച്ച സച്ചിന്‍ എല്ലാവരും നമ്മുടെ ദ്വീപുകളിലേക്ക് വിനോദയാത്രകള്‍ നടത്തണമെന്ന് ആഹ്വാനം ചെയ്തു. മോദിയുടെ ലക്ഷദ്വീപ് യാത്രയുടെ ചിത്രങ്ങള്‍ മനോഹരങ്ങളാണെന്നും നമ്മുടെ നാട്ടിലെ ദ്വീപുകളുടെ ഭംഗി വലുതാണെന്നുമായിരുന്നു സല്‍മാന്‍ഖാന്റെ ട്വീറ്റ്.
മാലദ്വീപ് മന്ത്രി നമ്മുടെ രാജ്യത്തെ അപമാനിച്ചതായും ഭാരത പൗരന്മാരാണ് മാലദ്വീപിലെത്തുന്ന പ്രധാന സഞ്ചാരികളെന്ന് ഓര്‍ക്കണമെന്നും മുന്‍ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദ് പറഞ്ഞു. മാലദ്വീപ് മന്ത്രിമാരുടെ വംശീയ വിദ്വേഷ നടപടിയെ ക്രിക്കറ്റ് താരം സുരേഷ് റെയ്നയും അപലപിച്ചു. ഭാരതത്തിലെ ദ്വീപുകളിലേക്ക് എല്ലാവരും പോകണമെന്നും റെയ്ന പറഞ്ഞു. ലക്ഷദ്വീപിനെ പ്രോത്സാഹിപ്പിച്ച് ഹോളിവുഡ് താരങ്ങളായ ജോണ്‍ എബ്രഹാം, ശ്ര്ദ്ധ കപൂര്‍, രണ്‍ദീപ് ഹൂഡ, ടൈഗര്‍ ഷെറോഫ് എന്നിവരും രംഗത്തെത്തി. ഏറ്റവുമധികം വിനോദ സഞ്ചാരികളെ അയക്കുന്ന രാജ്യത്തിനെതിരെയാണ് മാലദ്വീപ് മന്ത്രിമാരുടെ വംശീയ പരാമര്‍ശങ്ങളെന്നായിരുന്നു അക്ഷയ്കുമാറിന്റെ കുറ്റപ്പെടുത്തല്‍. അയല്‍ക്കാരോട് ബഹുമാനമുണ്ടെങ്കിലും ഇത്തരം വെറുപ്പിന്റെ രാഷ്‌ട്രീയത്തെ സഹിക്കില്ലെന്നും വിനോദസഞ്ചാരികള്‍ നമ്മുടെ നാട്ടിലെ ദ്വീപുകളിലേക്ക് പോവണമെന്നും അക്ഷയ്കുമാര്‍ എക്സില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: