പകല്‍ വെളിച്ചത്തില്‍ ലോകം കണ്ടുനില്‍ക്കെ, ലക്ഷക്കണക്കിന് രാമഭക്തരുടെ സാന്നിധ്യത്തില്‍, സരയുവിനെയും സൂര്യനെയും സാക്ഷിനിര്‍ത്തിയാണ് അയോദ്ധ്യയിലെ തര്‍ക്കമന്ദിരം നീക്കിയത്. അതിലെന്ത് ഗൂഢാലോചനയാണ് സാര്‍… ലോകാരാദ്ധ്യനായ ഭഗവാന്‍ ശ്രീരാമന്റെ ജന്മസ്ഥാനത്ത് നിന്ന് അത് നീക്കുകയല്ല, രാമന് ഭവ്യക്ഷേത്രം പണിയുകയാണ് ലക്ഷ്യമെന്ന് ആജന്മവ്രതം എടുത്ത കോടാനുകോടി ജനത ഇവിടെ ജീവിച്ചിരിക്കെ എന്തിന് വേണ്ടി ഞങ്ങള്‍ ഗൂഢാലോചന ചെയ്യണം… അത് ഈ നാടിന്റെ തീരുമാനമാണ്… എന്നായാലും അത് നടന്നേ മതിയാകൂ.. അത് രാമന്റെ ഇച്ഛയാണ്…
1992 ഡിസംബര്‍ ആറിന് അയോദ്ധ്യയിലെ തര്‍ക്കമന്ദിരം തകര്‍ന്നതിന് ശേഷം രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചനക്കേസിനെക്കുറിച്ച് പിന്നീട് മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് വിനയ് കടിയാര്‍ ഇങ്ങനെ പറഞ്ഞത്… എഴുപതിലേക്ക് കാലൂന്നുകയാണ് പ്രായം. ഭഗവാന്‍ രാമന്റെ പ്രാണപ്രതിഷ്ഠയ്‌ക്കായി വിട്ടുവീഴ്ചയില്ലാതെ മുന്നേറിയ ഒരു സമരകാലമായിരുന്നു കടിയാറിന്റെ ജീവിതം… എന്തൊരു പോരാട്ടമായിരുന്നു അത്… പേരിലെ വിനയം പോരാട്ടത്തില്‍ തെല്ലും കാട്ടിയില്ല കടിയാര്‍. വിനയം രാമനോട് മാത്രമെന്നായിരുന്നു അക്കാലത്തെ വിഖ്യാത വിനയ വാണികളിലൊന്ന്..
സോമനാഥത്തില്‍ തുടങ്ങേണ്ടിയിരുന്ന രാമരാജ്യസംസ്ഥാപനത്തിന്റെ ദൗത്യം പൂര്‍ത്തിയാക്കാന്‍ ഭൂമിയില്‍ പിറന്നവരാണ് നമ്മള്‍ എന്ന് 1989ല്‍ മുപ്പത്തഞ്ചാമത്തെ വയസില്‍ വിനയ് ലഖ്‌നൗവിലെ ബജ്‌രംഗ് ദള്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യവേ പറഞ്ഞു. രാമകാര്യത്തിനായി ഭക്തഹനുമാന്‍ ചെയ്തതെല്ലാം ഓരോ ബജരംഗ്ദളുകാരനും ചെയ്യേണ്ടിവരുമെന്നായിരുന്നു ആ ഉദ്‌ബോധനത്തിന്റെ പൊരുള്‍…
ശ്രീരാമജന്മഭൂമി പ്രക്ഷോഭത്തിന്റെ തീച്ചൂളയിലേക്ക് അനേകായിരം യുവാക്കളെ നയിക്കുകയായിരുന്നു വിനയ്. ബജരംഗ്ദളിന്റെ തുടക്കക്കാരിലൊരുവന്‍. തീപ്പൊരി പ്രാസംഗികന്‍. തികഞ്ഞ പോരാളി. രാമക്ഷേത്രമെന്നത് വിനയ് കടിയാറിന് അധിനിവേശത്തിനെതിരായ പോരാട്ടമായിരുന്നു. ആ പ്രസംഗങ്ങളിലത്രയും നൂറ്റാണ്ടുകളിലൂടെ ഭാരതം നേരിട്ട അതിക്രമങ്ങള്‍ അദ്ദേഹം വിവരിക്കും. പലതും സദസിനെ കണ്ണീരണിയിക്കും. ചിലപ്പോള്‍ ആവേശം നിറയ്‌ക്കും. വിദേശഅക്രമികള്‍ തച്ചുതകര്‍ത്തതും കടത്തിക്കൊണ്ടുപോയതുമായ നമ്മുടെ പവിത്രമായ പ്രതീകങ്ങളെക്കുറിച്ച് എണ്ണിഎണ്ണിപ്പറയുമ്പോള്‍, എല്ലാം നാമൊരുനാള്‍ തിരികെപ്പിടിക്കുമെന്ന് പ്രഖ്യാപിക്കുമ്പോള്‍ ജനം ഒപ്പം പ്രതിജ്ഞയെടുക്കും.
കാണ്‍പൂരുകാരന്‍ ദേവിപ്രസാദ് കടിയാറിന്റെ മകന്‍ പഠിച്ചെടുത്തത് കൊമേഴ്‌സായിരുന്നെങ്കിലും പ്രസംഗപീഠത്തില്‍ മുഴങ്ങിയത് മുഴുവന്‍ രാമതാരകമായിരുന്നു. താജ് മഹലിനെ തേജോമഹലെന്നും ജമാ മസ്ജിദിനെ ജമുനാദേവി ക്ഷേത്രമെന്നും വിളിക്കാന്‍ അദ്ദേഹം മുന്‍പിന്‍ നോക്കിയില്ല. സത്യം പറയുന്നതിന് ഭയക്കേണ്ടതില്ലെന്നായിരുന്നു കടിയാറിന്റെ മതം.
എബിവിപിയിലൂടെയാണ് തുടങ്ങിയത്. 1970ല്‍ ഉത്തര്‍പ്രദേശ് സംഘടനാസെക്രട്ടറിയായി. സമരം വിനയിന് പുത്തരിയായിരുന്നില്ല. 74ല്‍ ജയപ്രകാശ് നാരായണന്റെ ബിഹാര്‍ മൂവ്‌മെന്റ് കണ്‍വീനര്‍. എണ്‍പതില്‍ ആര്‍എസ്എസ് പ്രചാരക്. 82ല്‍ ഹിന്ദുജാഗരണ്‍ മഞ്ചില്‍. 84ല്‍ ബജരംഗദള്‍ സ്ഥാപിച്ചു. പിന്നെ പോരാട്ടത്തിന്റെ കാലം. ആ പോരാട്ടം ജനം ഏറ്റെടുത്തപ്പോള്‍ അയോദ്ധ്യയുടെ എംപിയായി മൂന്ന് തവണ ലോക്‌സഭയില്‍. 2012ല്‍ രാജ്യസഭയില്‍. 2002ലാണ് ബിജെപിയുടെ ഉത്തര്‍പ്രദേശ് സംസ്ഥാന അദ്ധ്യക്ഷനായത്. 2006ല്‍ ദേശീയ സെക്രട്ടറി…. കോടാനുകോടി രാമസേവകരിലൊരുവന്‍ എന്നതിനേക്കാള്‍ വലുതല്ല ഒന്നും എന്ന വാക്കുകളിലൂടെ കാലം വിനയ് കടിയാറിന്റെ കാല്‍ച്ചുവടുകളും ചരിത്രത്തില്‍ അടയാളപ്പെടുത്തുകയാണ്..
പ്രതികരിക്കാൻ ഇവിടെ എഴുതുക: