പൊദ്ദാര്‍: പ്രചാരകന് സംഘാടകന്‍
തര്‍ക്കമന്ദിരമായി മാറിയ കെട്ടിടത്തില്‍, 1949 ഡിസംബര്‍ 22 ന് രാത്രിയില്‍ വിഗ്രഹം സ്ഥാപിച്ച സംഘത്തിന്റെ സംഘാടകനായിരുന്നു ഹനുമാന് പ്രസാദ് പൊദ്ദാര്‍.
സുഹൃത്തുക്കള്‍ സ്നേഹത്തോടെ ‘ഭായ്ജി’ എന്ന് വിളിച്ചു. അന്ന് വിഗ്രഹങ്ങള്‍ സ്ഥാപിക്കാനും പ്രതിഷ്ഠിക്കുന്നതിനുമുള്ള നടപടിക്രമങ്ങളുടെ ചുമതല ഭായ്ജിക്കായിരുന്നു. വിനയാന്വിതന്… വിശ്വാസ സംരക്ഷണത്തിനുവേണ്ടി എന്തും ചെയ്യാന്‍ സന്നദ്ധന്.. ഹിന്ദുത്വത്തിന്റെ ശക്തനായ പ്രചാരകന്. ഗോരഖ്പൂരിലെ ഗീതാപ്രസിന്റെ അമരക്കാരനായിരുന്നു. ഹനുമാന് പ്രസാദ് പൊദ്ദാര്‍ എന്ന ഭായ്ജി ഹിന്ദുധര്മഗ്രന്ഥങ്ങളുടെ പ്രചാരകനായി. ജയദയാല്ജി ഗോയങ്ക സ്ഥാപിച്ച ഗീത പ്രസ്, ഹനുമാന് പ്രസാദ് പൊദ്ദാര്‍ വടവൃക്ഷം പോലെ വളര്‍ത്തി.
പൊദ്ദാര്‍ 1892 ല്‍ ഷില്ലോങ്ങിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഹനുമദ് ഭക്തരായിരുന്നു, അതിനാല്‍ ആണ്‍കുട്ടിക്ക് ഹനുമാന് പ്രസാദ് എന്ന് പേരിട്ടു. ഗോരക്ഷ പീഠാധിപതി മഹന്ത് ദിഗ്വിജയ്നാഥിന്റെ സുഹൃത്തായിരുന്നു ഹനുമാന് പ്രസാദ്ജി. 1914 ല്‍ മദന്മോഹന് മാളവ്യയുമായി സമ്പര്‍ക്കം പുലര്‍ത്തിയതോടെ ഹിന്ദു മഹാസഭയിലും സജീവമായി. അതുകൊണ്ടുതന്നെ ദിഗ്വിജയ്നാഥുമായി വൈകാരികമായി അടുപ്പമുണ്ടായിരുന്നു.
വിപ്ലവകാരികളായ മഹര്‍ഷി അരബിന്ദോ, സുരേന്ദ്രനാഥ് ബാനര്‍ജി, ബിപിന്‍ ചന്ദ്ര പാല്, ചിത്തരഞ്ജന് ദാസ് എന്നിവരുമായും അദ്ദേഹം അടുത്തിരുന്നു. ഇക്കാരണത്താല്‍ ഹനുമാന് പ്രസാദിനെ 21 മാസത്തോളം ബങ്കുര ജില്ലയിലെ ഷിംലാപാല് ഗ്രാമത്തില്‍ ബ്രിട്ടീഷുകാര്‍ വീട്ടുതടങ്കലിലാക്കി. ‘കല്യാണ്‍’ മാസികയുടെ ‘രാമജന്മഭൂമി’ പ്രത്യേക ലക്കം പുറത്തിറക്കി അദ്ദേഹം അയോദ്ധ്യാ പ്രസ്ഥാനത്തിന് ആക്കം കൂട്ടി. പ്രചാരണ പ്രവര്‍ത്തനങ്ങള്‍, സംഘാടനം തുടങ്ങിയവയിലായിരുന്നു മുഖ്യപങ്കാളിത്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: