Categories: Kerala

കുസാറ്റ് ദുരന്തം; പ്രിന്‍സിപ്പലിനെയും അധ്യാപകരെയും പ്രതി ചേര്‍ത്ത് പോലീസ്, ചുമത്തിയത് കുറ്റകരം അല്ലാത്ത നരഹത്യ വകുപ്പ്

Published by

കൊച്ചി: കളമശ്ശേരി കുസാറ്റിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലുപേര്‍ മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനെയും അധ്യാപകരെയും പ്രതി ചേര്‍ത്ത് പോലീസ്. എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. ദീപക് കുമാര്‍ സാഹു, ടെക് ഫെസ്റ്റ് കണ്‍വീനര്‍മാരായ അധ്യാപകരായ ഡോ. ഗിരീഷ് കുമാര്‍ തമ്പി, ഡോ. എന്‍ ബിജു എന്നിവര്‍ക്കെതിരെയാണ് കേസ്. കുറ്റകരം അല്ലാത്ത നരഹത്യ വകുപ്പാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇത്രയും വലിയ പരിപാടി സംഘടിപ്പിക്കുമ്പോൾ നടത്തേണ്ട മുന്നൊരുക്കങ്ങളൊന്നും നടത്തിയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പരിപാടിയ്‌ക്ക് പൊലീസ് സുരക്ഷ തേടിയുള്ള കത്ത് കൈമാറാതിരുന്ന രജിസ്ട്രാര്‍ക്കെതിരായ നടപടി ഉള്‍പ്പെടെ പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കി.

2023 നവംബര്‍ 25നാണ് കുസാറ്റില്‍ അപകടമുണ്ടായത്. ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ത്ഥികള്‍ അടക്കം നാലുപേരാണ് മരിച്ചത്. സംഭവത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായെന്നാണ് പോലീസ് കണ്ടെത്തിയത്. ഇതുവരെയുള്ള അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ക്രോഡീകരിച്ചാണ് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

ക്യാമ്പസിനുള്ളില്‍ പരിപാടി സംഘടിപ്പിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗരേഖ ലംഘിച്ചതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by