ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച ഉറപ്പ് വരുത്തുമെന്ന് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവെഗൗഡ. ലോക്സഭാ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിന്റെ നാശം പൂര്‍ണമാകും. കര്‍ണാടകയില്‍ മുഴുവന്‍ ലോക്സഭാ സീറ്റുകളിലും ജെഡിഎസ്- ബിജെപിസഖ്യം വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ ലക്ഷ്യം കോണ്‍ഗ്രസിന്റെ തകര്‍ച്ചയാണെന്ന് അദ്ദേഹം വ്യക്തമാക്കി. സിദ്ധരാമയ്യ പറയുംപോലെ 20 സീറ്റുകളില്‍ കോണ്‍ഗ്രസ് ജയിക്കാന്‍ പോകുന്നില്ല. അത് അദ്ദേഹത്തിന്റെ സ്വപ്നം മാത്രമാണെന്ന് തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ബോധ്യപ്പെടും. മുഴുവന്‍ സീറ്റുകളും സഖ്യം നേടും. കോണ്‍ഗ്രസ് യുഗം അവസാനിപ്പിക്കുമെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് നീങ്ങുന്നത്. സീറ്റുവിഭജന ചര്‍ച്ചകള്‍ ജനുവരി 14 നു ശേഷം തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവവും നേതൃത്വവും സഖ്യത്തിന്റെ വിജയത്തിന് സഹായിക്കും. കര്‍ണാടകയിലെ ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണകൂടി ആകുമ്പോള്‍ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെതിരെയുള്ള എല്ലാ പോരാട്ടത്തിലും ജെഡിഎസ് ബിജെപിയെ പിന്തുണക്കും. കര്‍സേവകര്‍ക്കെതിരെ 31 വര്‍ഷങ്ങള്‍ക്ക് ശേഷം നടപടി എടുത്തതും അറസ്റ്റു ചെയ്തു ജയിലില്‍ അടച്ചതും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഹൈന്ദവ വിരുദ്ധത വെളിവാക്കുന്നതാണെന്നും ദേവെഗൗഡ ആരോപിച്ചു.
ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ പണമൊഴുക്കി തെലങ്കാനയിലെ ജനവിധി കോണ്‍ഗ്രസിനു അനുകൂലമാക്കി മാറ്റിയതിനു തെളിവുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചിട്ടുണ്ടെന്നും ദേവഗൗഡ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: