മരിയോ സഗല്ലോ, ബ്രസീല്‍ ഫുട്ബോളിനെ ലോകത്തിന്റെ ഭ്രമം ആക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തികളില്‍ ഒരാള്‍. കഴിഞ്ഞ ദിവസം തന്റെ 92-ാം വയസില്‍ ഈ ലോകത്തോട് വിടപറഞ്ഞുകഴിഞ്ഞു. ബ്രസീലിയന്‍ ഫുട്ബോള്‍ ലോകത്തിന് മീതെ സൂര്യ തേജസായി വിരാജിക്കുമ്പോള്‍ അതിന്റെ അതികായ പദവിയിലാണ് സഗല്ലോയുടെ സ്ഥാനം. കളിക്കാരനായും പിന്നീട് പരിശീലകനായും ദേശീയ ടീമിന്റെ വമ്പന്‍ വിജയങ്ങള്‍ക്കൊപ്പം സഞ്ചരിച്ച താരം.
ഫുട്ബോള്‍ ലോകം കൊതിയോടെയും അത്ഭുതത്തോടെയും നോക്കിയ പെലെ ഉള്‍പ്പെട്ട ബ്രസീലിന്റെ സുവര്‍ണ തലമുറയിലെ കണ്ണി, ആദ്യമായി താരമായും പരിശീലകനായും ലോകകിരീടം ഉയര്‍ത്തിയ വ്യക്തി, ബ്രസീല്‍ ആദ്യമായി ലോകകപ്പ് നേടിയ ടീമിലെ അവശേഷിച്ച അവസാനത്തെയാള്‍, തുടങ്ങി വിശേഷണങ്ങള്‍ ഒരുപാടുണ്ട് സഗല്ലയ്ക്ക്.
ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രമെടുത്താല്‍ അഞ്ച് തവണയാണ് ബ്രസീല്‍ കപ്പടിച്ചിട്ടുള്ളത്. ഇതില്‍ നാല് കിരീടനേട്ടത്തിലും സഗല്ലയുടെ സാന്നിധ്യമുണ്ട്. പെലെയുടെ അത്ഭുതം കണ്ട 1958 ലോകകപ്പ് ഫൈനലില്‍ സ്വീഡനെ 5-2ന് തോല്‍പ്പിച്ച ഫൈനലിലെ ഒരു ഗോള്‍ സഗല്ലയുടെ വകയായിരുന്നു. 1962ല്‍ ടീം കിരീട തുടര്‍ച്ച നേടിയപ്പോഴും സഗല്ല ഒപ്പമുണ്ടായിരുന്നു. 1965ല്‍ വിരമിച്ചു. അധികം താമസിയാതെ കോച്ചിങ് കരിയറിലേക്ക് പ്രവേശിച്ചു. 1970 ലോകകപ്പിന് തൊട്ടുമുമ്പ് ദേശീയ ടീം പരിശീലകനായി മൂന്നാം വട്ടവും ചുമതലയേറ്റു. മെക്സിക്കോയില്‍ കാനറികള്‍ പെലെയ്ക്ക് കീഴില്‍ നാലാം തവണയും കിരീടമുയര്‍ത്തുമ്പോള്‍ സൈഡ് ബെഞ്ചില്‍ മാനേജര്‍ കസേരയില്‍ നിന്ന് സഗല്ലയും തുള്ളിച്ചാടി ആഘോഷിച്ചു. നീണ്ട 24 വര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്ക് ശേഷം 1994 ലോകകപ്പില്‍ അമേരിക്കയില്‍ ബ്രസീല്‍ നാലാം ലോക കിരീടം നേടിയത് സഗല്ലയുടെ ടീമായി കളിച്ചുകൊണ്ടായിരുന്നു.
ഫുട്ബോളിനെ വികാരമായി സിരകളിലേക്ക് ചേര്‍ത്തുവയ്ക്കാന്‍ സഗല്ലയെ പ്രാപ്തമാക്കിയത് 1950ലെ ഖ്യാതി നേടിയ ‘മാറക്കാന ദുരന്തം’ ആണ്. അന്നത്തെ ആ വിഖ്യാത ഫൈനലില്‍ ഉറുഗ്വായ്ക്ക് മുന്നില്‍ ബ്രസീല്‍ കീഴടങ്ങുന്ന കാഴ്ച കണ്ടുനിന്ന രണ്ട് ലക്ഷത്തോളം കാണികളില്‍ കൗമാര പ്രായമെത്തിയ സഗല്ലയും ഉണ്ടായിരുന്നു. അവിടെ നിന്നും തുടങ്ങിയ വീറും വാശിയുമാണ് ലോക ഫുട്ബോളിലെ ഇതിഹാസതാരമായി മാരിയോ സഗല്ലയെ വളര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: