തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റിലെ പച്ചക്കറി കടയിലെ ജീവനക്കാരനായിരുന്ന പത്തനാപുരം വിളക്കുടി മഞ്ഞമന്കാല രതീഭവനില് മുരളീധരന്‍പിള്ളയുടെ മകന് രതീഷിനെ (35) കുത്തി കൊലപ്പെടുത്തിയ കേസില്‍ കഠിനംകുളം ചാന്നാങ്കര പള്ളിനട എ.കെ. ഹൗസില്‍ അബ്ദുല്‍ വാഹിദിന്റെ മകന് സഫീറിന് (29) അഞ്ച് വര്‍ഷം കഠിനതടവിനും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
പിഴ ഒടുക്കിയില്ലങ്കില്‍ 6 മാസം കൂടി കഠിനതടവ് അനുഭവിക്കണം. പിഴ തുക മരണപ്പെട്ട രതീഷിന്റെ കുടുംബത്തിന് നല്‍കണം. കൂടാതെ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയില്‍ നിന്നും നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ആറാം അഡീ. ജില്ലാ ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിച്ചത്.
2016 ഒക്ടോബര്‍ 9 നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി സഫീറും, കൊല്ലപ്പെട്ട രതീഷും ആനയറ വേള്‍ഡ് മാര്‍ക്കറ്റിനകത്തെ പച്ചക്കറിക്കടയിലെ ജീവനക്കാരായിരുന്നു. സംഭവദിവസം വൈകുന്നേരം 6 മണിയോടു കൂടി പച്ചക്കറിക്കടയ്ക്ക് അകത്ത് സഫീറിനെ രതീഷ് കളിയാക്കിയതിലുള്ള വിരോധം കൊണ്ട് കൈയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു. സംഭവസമയം കടയില്‍ പച്ചക്കറി വാങ്ങാന്‍ വന്നവരായിരുന്നു കേസിലെ ദൃക്സാക്ഷികള്‍. കുത്തേറ്റ രതീഷ് തിരുവനന്തപുരം മെഡി. കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: