തിരുവനന്തപുരം: കേന്ദ്രം കേരളത്തെ ഞെരുക്കുന്നു എന്ന് ഒരു വശത്ത് പ്രചരിപ്പിച്ച് കേന്ദ്ര പദ്ധതികളെല്ലാം തങ്ങളുടേതാണെന്ന വ്യാജപ്രചരണം നടത്തി ദേശീയപാതയുടെ വഴിയോരങ്ങളില്‍ അമ്മായി അച്ഛന്റെയും മരുമകന്റെയും പടം വച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്.
മൂന്നാറിലെ ദേശീയപാതയും ഇടുക്കിയിലെ ഇക്കോ ലോഡ്ജും ഒക്കെ സംസ്ഥാന സര്‍ക്കാരിന്റേതാണ് എന്ന ധാരണ സൃഷ്ടിക്കുന്ന തരത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. അത് കാരണം കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്താണെന്ന് ജനങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞു. അതില്‍ ഞാന്‍ റിയാസിന് നന്ദി പറയുകയാണ് ചെയ്തത്. വസ്തുതകള്‍ ജനങ്ങള്‍ മനസിലാക്കാന്‍ വേണ്ടിയാണ് കഴിഞ്ഞദിവസം നടന്ന ദേശീയപാതകളുടെ ഉദ്ഘാടന വേളയിലെ അവസരം ഉപയോഗിച്ചതെന്ന് മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു.
വസ്തുത പറഞ്ഞപ്പോള്‍ രാഷ്ട്രീയ പ്രചരണത്തിനുള്ള വേദിയാക്കരുതെന്നൊക്കെ പറയുമ്പോള്‍ ചിരിയാണ് വന്നത്. കഴിഞ്ഞ ഒന്നരമാസം നടന്ന കാര്യമെന്താണെന്ന് മറന്നുപോയോ? ജനങ്ങളുടെ പണം ഉപയോഗിച്ച് കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ അമ്മായിയച്ഛനും മരുമോനും കൂടി കേന്ദ്രസര്‍ക്കാരിനും മുരളീധരനുമെതിരായി പ്രചരണം നടത്തിയത് നാലു ദിവസം കൊണ്ട് മറന്നുപോയെങ്കില്‍ അതൊന്നോര്മ്മിക്കണം. എന്നിട്ട് സര്‍ക്കാര്‍ പരിപാടികള്‍ രാഷ്ട്രീയ പ്രചരണത്തിനുള്ള വേദിയാക്കരുതെന്ന് കഌഫ്ഹൗസില്‍ ചെന്ന് പറഞ്ഞുകൊടുക്കണം. ഇങ്ങനെയുള്ള പ്രചരണങ്ങള്‍ നടക്കുമ്പോള്‍ സത്യാവസ്ഥ ജനങ്ങള്‍ മനസിലാക്കാന്‍ കിട്ടുന്ന വേദി സ്വാഭാവികമായി പ്രയോജനപ്പെടുത്തും.
സര്‍ക്കാര്‍ പരിപാടിയായ കലോത്സവവും രാഷ്ട്രീയ പ്രചരണത്തിനുള്ള വേദിയാക്കുന്നു.
കുട്ടികളുടെ മുന്നില്‍ ഗവര്‍ണര്‍ക്കെതിരെ ബാനര്‍ കെട്ടിയതുകൊണ്ട് അവരെല്ലാം ഗവര്ണര്ക്കെതിരാവും എന്ന തോന്നലാണെങ്കില്‍ വെറുതെ സ്വപ്നം കാണുകയാണ്. അദ്ദേഹം കോഴിക്കോട് ഇറങ്ങി നടന്നപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തെ മധുരം കൊടുത്ത് സ്വീകരിച്ചത് കേരള ജനത കണ്ടതാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് ഓരോരുത്തരെക്കുറിച്ചും കൃത്യമായ ധാരണയുണ്ട്. ഫാ. ഷൈജു കുര്യനെ ഓര്‍ത്തഡോക്സ് സഭയുടെ ചുമതലകളില്‍ നിന്ന് നീക്കിയത് അദ്ദേഹം ബിജെപിയില്‍ അംഗത്വമെടുത്തതിനല്ലെന്നും വി. മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: