ദുബായ് : ലോകത്തെ ഏറ്റവും വലിയ ‘ദീപാലംകൃത പക്ഷിപ്രതിമ’ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് ഗ്ലോബൽ വില്ലേജ് സ്വന്തമാക്കി. ഗ്ലോബൽ വില്ലേജ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. യുഎഇയുടെ ദേശീയ പക്ഷിയായ ഫാൽക്കണെയാണ് ഈ പ്രതിമയിലൂടെ അടയാളപ്പെടുത്തിയിരിക്കുന്നത്.
എട്ട് മീറ്ററോളം ഉയരമുള്ള ഈ സ്റ്റീൽ പ്രതിമയുടെ ചിറകറ്റങ്ങൾ തമ്മിലുള്ള ദൂരം 22 മീറ്ററാണ്. എണ്ണായിരം കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള ഈ സ്റ്റീൽ പ്രതിമ അലങ്കരിക്കുന്നതിനായി അമ്പതിനായിരം ലൈറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്.
ഏറെ പ്രശസ്തമായ ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തെട്ടാം സീസൺ 2023 ഒക്ടോബർ 18 മുതൽ 2024 ഏപ്രിൽ 28 വരെ നീണ്ട് നിൽക്കും. ഇത്തവണത്തെ ഗ്ലോബൽ വില്ലേജിൽ സന്ദർശകർക്കായി 27 പവലിയനുകൾ, 3500-ൽ പരം വ്യാപാരശാലകൾ, 250-ൽ പരം ഭക്ഷണശാലകൾ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്.
ഇത്തവണത്തെ ഗ്ലോബൽ വില്ലജിന്റെ സീസണിൽ സന്ദർശകർക്കായി സംഗീതപരിപാടികൾ, സ്ട്രീറ്റ് ഷോകൾ, കുട്ടികൾക്കുള്ള പരിപാടികൾ എന്നിവ ഉൾപ്പടെ നാല്പത്തിനായിരത്തിലധികം വിനോദപരിപാടികൾ സംഘടിപ്പിക്കുന്നതാണ്. ഇതിൽ സൈബർ സിറ്റി സ്റ്റണ്ട് ഷോ ഇത്തവണത്തെ പ്രത്യേകതയാണ്.
ലോകത്തിലെ ഏറ്റവും വലിയ അണ്ടർവാട്ടർ എൽ ഇ ഡി സ്ക്രീനിന് മുകളിൽ ഒരുക്കിയിട്ടുള്ള ഡ്രാഗൺ ലേക്കിലെ ലേസർ ഷോകൾ, 3D പ്രൊജക്ഷൻ ഷോകൾ, മിനി വേൾഡ്, എല്ലാ വെള്ളി, ശനി ദിനങ്ങളിലും രാത്രി 9 മണിക്ക് സംഘടിപ്പിക്കുന്ന അതിഗംഭീരമായ കരിമരുന്ന് പ്രദർശനം എന്നിവ ഉൾപ്പടെ എക്കാലവും ഓർത്ത് വെക്കാനാകുന്ന നിരവധി ആകർഷണങ്ങളാണ് ഇത്തവണ ഗ്ലോബൽ വില്ലേജിൽ എത്തുന്നവരെ കാത്തിരിക്കുന്നത്.
സന്ദർശകർക്ക് അധികമൂല്യമുള്ള അനുഭവങ്ങളും, പാരിതോഷികങ്ങളും നൽകുന്ന ഗ്ലോബൽ വില്ലേജ് വി ഐ പി പാക്കുകളുടെ വിൽപ്പന നേരത്തെ ആരംഭിച്ചിരുന്നു. ഗ്ലോബൽ വില്ലേജിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈനായി ടിക്കറ്റ് എടുക്കുന്നവരിൽ നിന്ന് 22.50 ദിർഹമാണ് പ്രവേശന നിരക്കായി ഈടാക്കുന്നത്. എന്നാൽ ഗ്ലോബൽ വില്ലേജ് വേദിയിലെ ഗേറ്റിൽ നിന്ന് ടിക്കറ്റ് എടുക്കുന്നവരിൽ നിന്ന് 25 ദിർഹം ഈടാക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: