കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ റേഷന്‍ കുംഭകോണവുമായി ബന്ധപ്പെട്ട് ബോണ്‍ഗാവ് മുനിസിപ്പാലിറ്റി മുന്‍ ചെയര്മാന് ശങ്കര്‍ ആധ്യയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ശനിയാഴ്ച അറസ്റ്റ് ചെയ്തു. റേഷന്‍ കുംഭകോണ കേസില്‍ ടിഎംസിയുടെ പഴയകാല നേതാവും മുന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയുമായ ജ്യോതിപ്രിയ മുള്ളിക്ക് നേരത്തെ അറസ്റ്റിലായിരുന്നു.
നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ശങ്കര്‍ ആധ്യയുടെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഇഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ അന്വേഷണത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ സന്ദേശ്ഖാലി ഗ്രാമത്തില്‍ ഇഡി സംഘത്തെ ആക്രമിക്കുകയും വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്ത സംഭവമുണ്ടായിരുന്നു.
റേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് ചില പ്രാദേശിക തൃണമൂല്‍ നേതാക്കളുടെ വീടുകള്‍ റെയ്ഡ് ചെയ്യുന്നതിനായി പോകവെയാണ് ഇഡി ഉദ്യോഗസ്ഥര്‍ ആക്രമണത്തിനിരയായത്.സംഭവത്തില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.
പശ്ചിമബംഗാളില്‍ ക്രമസമാധാന നില തകര്‍ന്നതായി പ്രതിപക്ഷത്തുളള ബി ജെ പി ആരോപിച്ചു. സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തുകയും എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയക്കുകയും ചെയ്തു.
അതേസമയം പശ്ചിമ ബംഗാളില്‍ ക്രമസമാധാന നില തകര്‍ന്നെന്ന് ഗവര്‍ണര്‍ സി വി ആനന്ദബോസ് പറഞ്ഞു. നിയമവിദഗ്ദ്ധരുമായി ആലോചിച്ച് അടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.ആക്രമണത്തിന് പിന്നാലെ സംസ്ഥാനത്തെ ചീഫ് സെക്രട്ടറി ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ വഴങ്ങിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: