എന്റെ അച്ഛന്റെ കൂടി ത്യാഗത്തഴപ്പാണ് ശ്രീരാമക്ഷേത്രം. അമ്മയെയും കൂട്ടി പ്രാണപ്രതിഷ്ഠാച്ചടങ്ങിന് പോകും… അച്ഛനെക്കുറിച്ച് വലിയ ഓര്‍മ്മകള്‍ എനിക്കില്ല. അന്ന് ഞാന്‍ ചെറിയ കുട്ടിയായിരുന്നു. അമ്മ ഞങ്ങളെ വളര്‍ത്താന്‍ കഷ്ടപ്പെടുന്നതും രാമന് മുന്നില്‍ കണ്ണീരണിഞ്ഞ് പ്രാര്‍ത്ഥിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. എന്റെ അച്ഛന്‍ രാമന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചു… ഹനുമാന്‍ഗഡി ക്ഷേത്രത്തിന് സമീപം റാണിബസാറിലെ വീട്ടിലിരുന്ന് സുരേഷ് പാണ്‌ഡെ ഇത് പറയുമ്പോള്‍ കൈയില്‍ പ്രാണപ്രതിഷ്ഠാച്ചടങ്ങിനുള്ള ക്ഷണപ്പത്രമുണ്ടായിരുന്നു.
സുരേഷിന്റെ അച്ഛന്‍ രമേഷ് കുമാര്‍ പാണ്ഡെ 1990 നവംബര്‍ രണ്ടിന് മുലായം സിങ് യാദവ് സര്‍ക്കാര്‍ നടത്തിയ വെടിവയ്പിലാണ് കൊല്ലപ്പെട്ടത്. രാമസങ്കീര്‍ത്തനവുമായി അയോദ്ധ്യയിലൂടെ നീങ്ങിയ കര്‍സേവകര്‍ക്കുനേരെ പോലീസ് അകാരണമായി നിറയൊഴിക്കുകയായിരുന്നു. ഈച്ചപോലും കടക്കില്ലെന്ന് വീമ്പടിച്ച് ഒരുക്കിയ കാവല്‍ക്കോട്ടകള്‍ കര്‍സേവകര്‍ മറികടന്നതിന്റെ ഇച്ഛാഭംഗത്തിലായിരുന്നു സര്‍ക്കാരിന്റെ പ്രതികാരക്കൊലകള്‍.
അവര്‍ അനാഥമാക്കിയത് നാല് മക്കളടങ്ങുന്ന കുടുംബത്തെയാണ്. അങ്ങനെ എത്രയോ കുടുംബങ്ങളെ… രമേശ്കുമാര്‍ വാടകയ്‌ക്കെടുത്തതാണ് റാണി ബസാറിലെ ആ പഴയ വീട്. രാമപാദങ്ങളില്‍ രമേശ് ബലിദാനിയായതിന് ശേഷം വീട്ടുടമ വാടക വാങ്ങിയിട്ടില്ല. അദ്ദേഹം പറഞ്ഞത് ഈ വീട് ഇനി ഭഗവാന്‍ രാമന്റേതാണെന്നാണ്.
‘നാല്പതായിരുന്നു മരിക്കുമ്പോള്‍ അച്ഛന് പ്രായം. അമ്മയ്‌ക്ക് മുപ്പത്തഞ്ചും. അമ്മ ഞങ്ങളെ വളര്‍ത്തി. രണ്ട് സഹോദരിമാരുടെ വിവാഹം നടത്തി. രാമന്‍ തന്നതാണ് ഈ ജീവിതം എന്ന് എപ്പോഴും കരുതണമെന്ന് അമ്മ പറഞ്ഞു. ഹൃദയം നുറുങ്ങുന്നതാണ് അമ്മ പറഞ്ഞ ആ അനുഭവങ്ങള്‍…
മുലായം സര്‍ക്കാരിനേറ്റ തിരിച്ചടിയായിരുന്നു നവംബറില്‍ രാമഭജനയുമായി ഒഴുകിയെത്തിയ ഭക്തജനങ്ങള്‍.. ആ യാത്രയ്‌ക്കുനേരെയാണ് പോലീസ് വെടിയുതിര്‍ത്തത്. തലയ്‌ക്ക് വെടിയേറ്റാണ് അച്ഛന്‍ വീണത്. മൃതദേഹങ്ങളുടെ കൂമ്പാരങ്ങളില്‍ നിന്നാണ് ഒടുവില്‍ അച്ഛനെ തിരിച്ചറിഞ്ഞത്. അദ്ദേഹത്തിന് അന്ത്യകര്‍മ്മങ്ങള്‍ പോലും സമാധാനമായി ചെയ്യാന്‍ പോലീസ് അനുവദിച്ചില്ല. തോക്കിന്റെ നിഴലിലായിരുന്നു ചടങ്ങുകള്‍…. ആ ദിനങ്ങള്‍ ഏല്പിച്ച മുറിവുകള്‍ എങ്ങനെ മറക്കാനാണ്..
ശ്രീരാമക്ഷേത്രം നിര്‍മ്മാണം ഒരു ബലിതര്‍പ്പണമാണ്. അച്ഛന്റെ മാത്രമല്ല, യഥാവിധി അന്ത്യകര്‍മ്മങ്ങള്‍ക്ക് അവസരം നിഷേധിക്കപ്പെട്ട അനേകം ബലിദാനികളുടെ ആത്മശാന്തിക്കായി ഒരു നാടിന്റെ തര്‍പ്പണം… അഭിമാനവും ആനന്ദവും ആത്മവിശ്വാസവും ആണ് പ്രാണപ്രതിഷ്ഠ സംബന്ധിച്ച വാര്‍ത്തകള്‍ നല്കുന്നത്. നോക്കൂ… അച്ഛന്‍ മരിച്ചുവീണ പാതയ്‌ക്കിന്ന് രാംപഥ് എന്നാണ് പേര്…, സുരേഷ് പാണ്‌ഡെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക