ന്യൂദല്‍ഹി : കടല്കൊള്ളക്കാരില് നിന്ന് ചരക്കുകപ്പല്‍ മോചിപ്പിച്ചതില്‍ നാവിക സേനയ്ക്ക് നന്ദി പറഞ്ഞ് ജീവനക്കാര്‍. 24 മണിക്കൂര്‍ നീണ്ടു നിന്ന ഓപ്പറേഷനിലൂടെ വെള്ളിയാഴ്ചയാണ് ലൈബീരിയന്‍ പതാകയുള്ള ചരക്കുകപ്പല്‍ നാവിക സേന മോചിപ്പിച്ചത്. കപ്പലിലെ 21 ജീവനക്കാരില്‍ 15 പേര് ഇന്ത്യക്കാരാണ്. ബാക്കി ആറു പേര് ഫിലിപ്പിനോകളാണ്. ജീവനക്കാര്‍ പുറത്തുവരുന്നതിന്റേയും ആഹ്ലാദം പ്രകടിപ്പിക്കുന്നതിന്റേയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഭാരത് മാതാ കി ജയ് വിളിച്ചു കൊണ്ടാണ് ഇവര്‍ നന്ദി അറിയിച്ചത്.
സോമാലിയന്‍ തീരത്തിനു സമീപത്തായി 5 പേരടങ്ങുന്ന സംഘമാണ് കപ്പല്‍ റാഞ്ചിയത്. വിവരം ലഭിച്ച ഉടന്‍ തന്നെ നാവിക സേന സൈനിക നടപടികള്‍ ആരംഭിക്കുകയായിരുന്നു. ഡ്രോണ്‍ ഉപയോഗിച്ച് നാവിക സേന ആസ്ഥാനത്തും കപ്പലിലെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്നു. ഇതില്‍ ഭയന്ന കടല്‍ക്കൊള്ളക്കാര്‍ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് ചെന്നൈയില്‍ നിന്നുള്ള കമാന്‍ഡോകള്‍ കപ്പലില്‍ കയറും മുമ്പ് കടല്‍കൊള്ളക്കാര്‍ രക്ഷപ്പെട്ടിരുന്നു. സുരക്ഷിത കാബിനിനുള്ളിലാണ് ജീവനക്കാര്‍ ഉണ്ടായിരുന്നത്. തുടര്‍ച്ചയായ മുന്നറിയിപ്പിനെ തുടര്‍ന്നാണ് കൊള്ളക്കാര്‍ കപ്പല്‍ വിട്ടു പോയതാണെന്ന് നാവിക സേനയുടെ വിലയിരുത്തല്‍.
കടല്‍ക്കൊള്ളക്കാരുടെ നടപടികളില്‍ കപ്പലിന്റെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കാനുള്ള സഹായം നാവിക സേന നല്‍കുന്നുണ്ട്. തകരാര്‍ പരിഹരിച്ചശേഷം ചരക്കുപ്പല് തീരത്തേയ്ക്ക് എത്തിക്കും. അതുവരെ നാവികസേന കപ്പലിനെ അനുഗമിക്കും. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം സ്ഥിതിഗതികള്‍ വിലയിരുത്തി.
നാവിക സേന മേധാവി അഡ്മിറല്‍ ആര് ഹരികുമാര്‍ മന്ത്രി രാജ്നാഥ് സിങ്ങിന് വിവരങ്ങള്‍ കൈമാറി. ശക്തമായ നടപടി കൊള്ളക്കാര്‍ക്കെതിരെ സ്വീകരിക്കാന്‍ യുദ്ധകപ്പലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംശയം തോന്നുന്ന കപ്പലുകളില്‍ പരിശോധന തുടരുകയാണ് സമുദ്ര മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയതായും അഡ്മിറല്‍ ആ ഹരികുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: