കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടക മത്സരത്തില്‍ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് കോക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അവതരിപ്പിച്ച നാടകം ‘കുമരു’ നിറഞ്ഞ കൈയടിയാണ് നേടിയത്. 2013ല്‍ മലപ്പുറത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഈ സ്‌കൂള്‍ അവതരിപ്പിച്ച ‘കുഞ്ഞു ചേട്ടന്റെ കുഞ്ഞ്’ എന്ന നാടകത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ പി.എസ്. നിവേദ് ആണ് ഈ നാടകം സംവിധാനം ചെയ്തിരിക്കുന്നത്.
എമില്‍ മാധവിയുടെ കുമരു എന്ന കൃതിയുടെ സ്വതന്ത്ര നാടകാവിഷ്‌കാരമായ ‘കുമരു’ എന്ന നാടകമാണ് ഇത്തവണ കോഴിക്കോട് റവന്യു ജില്ലാ മത്സരത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി സംസ്ഥാന മത്സരത്തിന് അര്‍ഹത നേടിയത്. ഈ നാടകത്തില്‍ കുമരുവിന്റെ വേഷം ചെയ്ത യദു കൃഷ്ണ റാം മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. സംസഥാന കലോത്സവത്തിലും യദുവാണ് മികച്ച നടന്‍.
അഭിനയ എസ്.കെ, റിയോണ. സി, നന്ദന. ഇ, രുദാജിത്ത് ആര്‍, നിയ രഞ്ജിത്ത്, അനുനന്ദ് രാജ്, അനുദേവ്. വി.എസ്, ശിവേന്ദു പി.എസ്, പ്രാര്‍ത്ഥന എസ് കൃഷ്ണ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. കുഞ്ഞുച്ചേട്ടന്റെ കുഞ്ഞ്, പുലി പറഞ്ഞ കഥ, തേന്‍, ഓട്ട, കക്കുകളി, സിംഗപ്പൂര്‍, കലാസമിതി എന്നീ ഏഴ് നാടകങ്ങളാണ് മുമ്പ് കോക്കല്ലൂര്‍ വിദ്യാലയം സംസ്ഥാന നാടക അരങ്ങില്‍ അവതരിപ്പിച്ചത്.
പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും നാടക കൂട്ടായ്മയായ മാവറിക്‌സ് കോക്കല്ലൂര്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, പിടിഎ, നാട്ടുകാര്‍ ഒക്കെയും നാടക ടീമിന് പിന്തുണയുമായി രംഗത്തുണ്ട്. കലാസംവിധായകനായ നിധീഷ് പൂക്കാട് സെറ്റും ഉപകരണങ്ങളും മനോഹരമായി ഒരുക്കിയിരിക്കുന്നു. സ്‌കൂള്‍ അധ്യാപകരായ രാമചന്ദ്രന്‍ കല്ലിടുക്കിലും മുഹമ്മദ് സി അച്ചിയത്തും നാടകത്തിന്റെ ചുമതല നിര്‍വ്വഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: