കൊല്ലം: കലോത്സവത്തില്‍ സംഘനൃത്തത്തില്‍ പങ്കെടുക്കാന്‍ അട്ടപ്പാടിയില്‍ നിന്ന് കൊല്ലത്തേക്ക് വണ്ടികയറുമ്പോള്‍ അതുല്യ അധ്യാപിക കുട്ടികളോട് ആകെ പറഞ്ഞത് നമ്മള് മടങ്ങേണ്ടത് എ ഗ്രേഡ് കൊണ്ടാകണം എന്നായിരുന്നു. കാരണം പിന്തള്ളപ്പെട്ടിട്ടും പൊരുതിയാണ് അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ അധ്യാപികയും കുട്ടികളുമടങ്ങുന്ന സംഘം കൊല്ലത്തെ കലോത്സവ വേദിയിലെത്തിയത്. ജില്ലാ കലോത്സവത്തില്‍ എച്ച്എസ്എസ് വിഭാഗം സംഘനൃത്തത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും അഞ്ചാം സ്ഥാനമാണ് ലഭിച്ചത്.
കുട്ടികളുടെ പ്രകടനത്തില്‍ ഉറച്ച വിശ്വാസമുണ്ടായിരുന്നതിനാല്‍ അപ്പീല്‍ നല്കി. എന്നാല്‍ അതും നിരസിക്കപെട്ടു. തുടര്‍ന്ന് കോടതി വിധിയിലൂടെയാണ് സംസ്ഥാന കലോത്സവ വേദിയിലെത്തിയത്. മടക്കം എ ഗ്രേഡോടെയും. അക്ഷര, ഗായത്രി, ഹേമലത, ജ്യോതി, കൃഷ്ണേന്ദു, അഞ്ജന പ്രിയ, ദീപിക തുടങ്ങിയവരാണ് നൃത്താധ്യപികയായ അതുല്യ വിജീഷിന്റെ ശിക്ഷണത്തില്‍ മത്സരിച്ചത്.
ട്രൈബല്‍ സ്കൂളായ എംആര്‍എസില്‍ ഭൂരിഭാഗം കുട്ടികളും വനവാസി വിഭാഗത്തില്‍ ഉള്ളവരാണ്. മത്സരിച്ചവരില്‍ അഞ്ച് പേരും വനവാസി വിഭാഗത്തില്‍ നിന്ന് തന്നെയാണ്. ഇതിന് പുറമേ ഇവരില്‍ ഒരാള്‍ പോലും നൃത്തം ശാസ്ത്രീയമായി അഭ്യസിച്ചവരല്ല. അട്ടപ്പാടിയില്‍ നിന്ന് സംഘനൃത്ത മത്സരത്തില്‍ സംസ്ഥാന കലോത്സവത്തിലുമെത്തി എ ഗ്രേഡ് നേടുന്ന ആദ്യ സ്കൂളും അട്ടപ്പാടി എംആര്‍എസ് തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: