തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ കാലം മുതൽ ഇങ്ങോട്ട് മലയാള ഭാഷയ്‌ക്കുണ്ടായ വളർച്ചയും തളർച്ചയും അധിനിവേശ ശക്തികളുടെ കടന്നാക്രമത്തിന്റെ ഫലമായും ഭാഷക്കുണ്ടായ പരിണാമങ്ങളും പഠന വിഷയമാക്കേണ്ടതും ചർച്ചാവിഷയമാക്കേണ്ടതുമാണ്. പാതിരിമാരുടെ പള്ളിക്കൂടം വരുന്നതിനു മുമ്പുള്ള സമയത്തും ഭാഷാപഠന വ്യവസ്ഥയ്‌ക്ക് പല സ്ഥലങ്ങളിലും ആഢ്യത്വത്തിന്റെ ഫലമായി തടസ്സങ്ങൾ ഉണ്ടായിട്ടുണ്ട്.
ചാതുർവർണ്ണ വ്യവസ്ഥിതിയെ തെറ്റായി പ്രചരിപ്പിച്ചുകൊണ്ട് ഇടതു ചിന്തകന്മാരുടെ ഭാഷയിലെ വരേണ്യ വർഗ്ഗത്തിന്റെ നീരാളി പിടുത്തത്തിൽ അപചയങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും ചില പ്രത്യേക സ്ഥലങ്ങളിൽ തടസ്സങ്ങൾ ഉണ്ടെങ്കിലും പഠിക്കാനുള്ള സാഹചര്യം കുറവാണെങ്കിലും പഠിക്കുന്നവർ ഉണ്ടായിരുന്നു എന്നതാണ് യാഥാർഥ്യം. ഇതൊരു പരസ്യ വാഗ്വാദങ്ങൾക്ക് വേണ്ടി പറഞ്ഞതല്ല അനുഭവം ഗുരുവായ ഒരുപാട് അവസ്ഥകൾ നാം കണ്ടിട്ടുള്ളതിനാലാണ് ഇത് പറയേണ്ടി വന്നത്.
ശ്രീനാരായണ ഗുരുദേവന്റെയും മഹാത്മാ അയ്യങ്കാളിയുടെയും കാലത്ത് ജീവിച്ച പ്രതീതിയാണ് പലരുടെയും പ്രസംഗങ്ങളിൽ പ്രചരിപ്പിക്കുന്നത്. ഇങ്ങനെയുള്ള എത്രയോ പ്രസ്ഥാനങ്ങളാണ് ഇവിടുള്ളത്. ജാതിയതക്ക് ശക്തി പകരുവാൻ രാഷ്‌ട്രീയപാർട്ടികളും മത ജാതി സംഘടനകളും ഇത് പറഞ്ഞ് ശക്തി പ്രാപിക്കുമ്പോൾ സ്വാഭാവികമായും ഭാഷയുടെ കാര്യവും ഇതിൽ പെടും. സഞ്ചാരസ്വാതന്ത്ര്യം മാത്രമല്ല ഭാഷാസ്വാതന്ത്ര്യവും വേണം. വയറു വിശക്കുമ്പോൾ ഭാഷ മാത്രമല്ല ഒന്നും തന്നെ അവരുടെ തലയിൽ കയറുകയില്ല. എന്നാൽ ഇന്ന് ഭാഷ പഠിപ്പിക്കാനും പഠിക്കാനും യാതൊരു തടസ്സവുമില്ല. എന്നാലും മലയാളം പഠിക്കാൻ മലയാളികൾ മുന്നോട്ടു വരുന്നില്ല.
നമ്മുടെ മലയാളം ശ്രേഷ്ഠഭാഷ എന്ന് അഭിമാനിക്കാൻ പോലും തയ്യാറാകാത്ത സമൂഹത്തിനിടയിൽ മാതൃഭാഷയുടെ മഹത്വം പറഞ്ഞ് തലയുയർത്തി നിൽക്കാൻ ഏറെ പണിപ്പെടേണ്ടി വരും. അതിനുള്ള ധിഷണാശക്തി കൈവരിക്കേണ്ടി വരും.
നമ്മുടെ വിദ്യാഭ്യാസ പദ്ധതി തന്നെ കുറ്റമറ്റതാണോ?. നൂറു ശതമാനം സാക്ഷരതയിൽ വെറുതെ അഭിമാനിക്കുകയല്ലേ. നൂറു ശതമാനം മാർക്ക് നേടണമെങ്കിൽ ആ കുട്ടികൾക്ക് എന്തോ വിശിഷ്ട സിദ്ധികൾ ഉണ്ടാകും. അപ്പോൾ അതല്ല. ആശയം മനസ്സിലാക്കിയാൽ മുഴുവൻ മാർക്കും നൽകുന്നു എന്ന തെറ്റായ രീതിയായതിനാലാണ്. ഇതാണ് മാറ്റേണ്ടത്. ഭാവിയിൽ വൈദഗ്ധ്യം ഉള്ളവരുടെ കുറവ് അനുഭവപ്പെടുമ്പോൾ വിദ്യാഭ്യാസത്തെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ.
കേരളത്തിൽ സാക്ഷരത കൂടുതലാണെങ്കിലും വൈദഗ്ദ്യം ഉള്ളവർ തമിഴ്നാട്ടിൽ നിന്നാണ് കൂടുതലും വിദേശത്ത് പോകുന്നത്. എന്ന് വെച്ചാൽ കേരളത്തിൽ നിന്നുള്ളവരെക്കാൾ കൂടുതൽ എഞ്ചിനീയർമാർ മറ്റും തമിഴ്നാട്ടിൽ നിന്നും പോകുന്നു എന്ന്. സർട്ടിഫിക്കറ്റ് മാത്രം പോരാ പെർഫോമൻസും ഉണ്ടാകണമല്ലോ എന്ന് സാരം.
കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിന്റെ കീഴിലുള്ള അരുണാചൽപ്രദേശിലെ സ്കൂളുകളിൽ വിദ്യാസമ്പന്നരിൽ മുൻപന്തിയിൽ ഉള്ളവരാണ് താഴത്തെ ക്ലാസ്സുകളിൽ പഠിപ്പിക്കുന്നത്. അവർക്ക് ശമ്പളവും കൂടുതലാണ്.
ഇവിടെ നേരെ മറിച്ചാണ്. യോഗ്യത കുറവുള്ളവർ ചെറിയ ക്ലാസ്സിലും യോഗ്യതയുള്ളവർ വലിയ ക്ലാസിലുമാണ് പഠിപ്പിക്കുന്നത്. കൂടുതൽ അറിവുള്ളവരും ടെക്നിക്കുകൾ അറിയാവുന്നവരുമാണ് ശരിക്കും ചെറിയ ക്ലാസുകളിൽ പഠിപ്പിക്കേണ്ടത്. എന്റെ സുഹൃത്തുക്കൾ വിവേകാനന്ദ സ്കൂളിൽ ഉള്ളതിനാലാണ് ഇത് കൃത്യമായി പറയുന്നത്. കുട്ടികളെ ബാലപാഠങ്ങൾ പഠിപ്പിക്കാനാണ് കൂടുതൽ കഴിവും സാമർത്ഥ്യവും വേണ്ടത്. കോളേജിൽ ചെല്ലുമ്പോൾ വേണമെങ്കിൽ പഠിച്ചാൽ മതി എന്ന നിലപാടാണ്. ചെറിയ ക്ലാസിലെ അധ്യാപകരുടെ അത്രയും റിസ്ക് ഇല്ല എന്നതാണ്.
ബാല്യത്തിലേ ഇംഗ്ലീഷും മലയാളവും കൂടി കുഴഞ്ഞു മറിഞ്ഞ് ഭാഷ പഠിക്കുന്നതിലെ അപാകത വിദ്യാഭ്യാസ വിദഗ്ധന്മാർ ചിന്തിക്കുന്നില്ലേ. പ്രാദേശിക ഭാഷ പഠിച്ച് തറവായ സാഹചര്യത്തിൽ മറ്റൊരു ഭാഷ പഠിപ്പിക്കുമ്പോൾ ഉണ്ടാകുന്ന വേഗതയും മാനസികാവസ്ഥയും പ്രത്യക്ഷമായി പ്രകടമായി കാണാൻ കഴിയുന്നതാണ്.
ബാല്യ കൗമാരത്തിലെ അവരുടെ സന്തോഷം നഷ്ടപ്പെടുത്താത്ത രീതിയിലുള്ള പാഠ്യപദ്ധതി നടപ്പിലാക്കണം. സ്കൂളുകളിൽ പഠിപ്പിക്കുന്നുണ്ടെങ്കിൽ പിന്നെന്തിന് ട്യൂഷൻ വിടണം. ട്യൂഷൻ പഠിച്ചാൽ പരീക്ഷയ്‌ക്ക് ജയിക്കുമെങ്കിൽ എന്തിന് സ്കൂളിൽ വിടണം. ഏതെങ്കിലും ഒന്നുപോരെ രാവിലെ 7 മണി മുതൽ സ്കൂൾ ബസ്സും കാത്ത് റോഡരികളിലെ സർവ്വേക്കല്ലിൽ ഉറക്കം തൂങ്ങിയിരിക്കുന്ന കുരുന്നുകളുടെ ദയനീയാവസ്ഥ എത്ര കഠിന ഹൃദയന്റെയും കരളലിയിക്കും.
സ്കൂൾ വിദ്യാഭ്യാസ പദ്ധതി കുറ്റമറ്റതായാൽ ട്യൂഷൻ കഴിവതും ഒഴിവാക്കാം. കുട്ടികൾക്ക് കളിക്കാനും സ്വന്തം മുറ്റവും ചെടികളും അതിൽ പറന്നെത്തുന്ന പൂമ്പാറ്റകളെയും കണ്ട് ആസ്വദിക്കാനുള്ള സാഹചര്യം ഉണ്ടാകും. ഇന്ന് നമ്മൾ അത് നഷ്ടപ്പെടുത്തുകയല്ലേ ചെയ്യുന്നത്. ബാല്യം നമ്മൾ നഷ്ടപ്പെടുത്തിയാൽ പിന്നീട് ഒരിക്കലും തിരിച്ചു നൽകാനാകില്ല. ബാല്യത്തിലേ എല്ലാം കണ്ടും കേട്ടും അനുഭവിച്ചും അറിയാനുള്ള അവകാശം തിരികെ നൽകുന്ന വിദ്യാഭ്യാസം വേണം. പണ്ടുള്ളവർ പറയുന്നതുപോലെ ഗുമസ്തന്മാരെ സൃഷ്ടിക്കലല്ല പ്രഗത്ഭമതികളെ സൃഷ്ടിക്കുന്നതാവണം വിദ്യാഭ്യാസം.
ബാല്യത്തിന് ജപ്പാനിലെ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കിക്കൂടെ. ആറ് വയസ്സാകുമ്പോൾ മാത്രം പഠിപ്പിക്കാൻ തുടങ്ങുന്ന സമ്പ്രദായം. തലച്ചോറും ചിന്താശേഷിയും പ്രായമാകുമ്പോഴാണ് അക്ഷരജ്ഞാനം പകർന്നു നൽകേണ്ടത്. അതുവരെ കുട്ടികളുടെ ആകാംക്ഷയ്‌ക്ക് മാത്രമേ ഉത്തരം നൽകാവൂ.
ഇവിടെ കുഞ്ഞുണ്ണി മാഷിനെ ഓർത്തു പോകുകയാണ്.
” ജനിച്ച നാൾതൊട്ടെൻ മകൻ ഇംഗ്ലീഷ് പഠിക്കണം. അതിനവന്റെമ്മയുടെ പേറങ്ങ് ഇംഗ്ലണ്ടിൽ ആക്കി ഞാൻ ”
പെറ്റമ്മയും പിറന്ന നാടും സ്വർഗ്ഗത്തേക്കാൾ മഹത്തരം എന്നുള്ള വാക്യം നാം മറന്നു. അതിനു പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിൽ തന്നെയാകണം. “മലയാളഭാഷക്ക് ശ്രേഷ്ഠഭാഷ” ലഭിച്ചതിനാൽ പുതിയ വിദ്യാഭ്യാസ പരിഷ്കണത്തിൽ കേരളം വെള്ളം ചേർക്കാതെ നടപ്പിലാക്കിയാൽ വരുംതലമുറയിൽ അജ്ഞാനികളില്ലാതെ ജ്ഞാന സമ്പന്നർ അധികമുണ്ടാകും.
പി ജി ഗോപാലകൃഷ്ണൻ കോട്ടയം
പ്രതികരിക്കാൻ ഇവിടെ എഴുതുക: