നയതന്ത്രത്തിലും ഭാരതീയ വിചാരതന്ത്രം പ്രഭാവം പ്രകടമാക്കിക്കഴിഞ്ഞ ഒരു ചരിത്രഘട്ടത്തിലാണ് ഭാരതീയ വിചാരകേന്ദ്രം സ്ഥാപക ഡയറക്ടര്‍ യശ്ശ:ശ്ശരീരനായ പരമേശ്വര്‍ജിയുടെ മൂന്നാമത് സ്മാരക പ്രഭാഷണം നിര്‍വഹിക്കുവാന്‍ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍ ഇന്ന് തിരുവനന്തപുരത്തെത്തുന്നത്. നീതിയുക്തമായ ഒരു ലോകക്രമത്തിന് രൂപം നല്കുന്നതില് ഭാരതത്തിന് സമീപകാല ഭാവിയില്‍ നിര്‍വഹിക്കാനുള്ള പങ്കാണ് പ്രഭാഷണ വിഷയം. പ്രവചനാതീതമായ ലോകത്തിന് വേണ്ടി ഭാരതീയ മാര്‍ഗം സംഭാവന ചെയ്തിട്ടുള്ള ഭരണതന്ത്രങ്ങള്‍ വിശകലനം ചെയ്ത നയതന്ത്ര വിദഗ്ധനായ ബുദ്ധിജീവിയാണ് ഭാരതത്തിന്റെ വിദേശകാര്യമന്ത്രി. അദ്ദേഹത്തിന്റെ ദി ഇന്‍ഡ്യാ വേ: സ്ട്രാറ്റജീസ് ഫോര്‍ ആന്‍ അണ്‍സര്‍ട്ടെയ്ന്‍ വേള്‍ഡ്’ എന്ന പുസ്തകം അത് വാചാലമായി വിവരിക്കുന്നു. ഒപ്പം തന്നെ അടുത്ത ദിവസം പ്രകാശനം ചെയ്ത, അദ്ദേഹത്തിന്റെ പുതിയ രചന ‘വൈ ഭാരത് മാറ്റേഴ്സ്’ വര്‍ത്തമാനകാലത്തും വരാന്‍ പോകുന്ന കാലത്തും ഭാരതം എന്തുകൊണ്ട് ലോകത്തിന് മര്‍മ്മ പ്രധാനമായ ഒരു രാഷ്ട്രമായി മാറിയിരിക്കുന്നു എന്നതിലേക്ക് ആഗോള ശ്രദ്ധ ക്ഷണിക്കുന്നു. നയതന്ത്രസമീപനങ്ങള്‍ക്കുതകുന്ന ശ്രദ്ധേയവും വിദഗ്ധവും സ്വീകാര്യവുമായ മാതൃകകള്‍ പൗരാണിക ഭാരതത്തിലും ഉണ്ടായിരുന്നുഎന്ന് രാമായണം ഉദ്ധരിച്ചുകൊണ്ടും ആഞ്ജനേയനെയും അംഗദനെയും താരയേയും മറ്റും ചൂണ്ടിക്കാട്ടിക്കൊണ്ടും ഡോ. ജയശങ്കര്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ലോകം ശ്രദ്ധിക്കുന്നു; ഭാരതം അഭിമാനിക്കുന്നു.
‘സഹോദരീ സഹോദരന്മാരേയെന്ന്’ മാനവരാശിയെ, ഒന്നേകാല്‍ നൂറ്റാണ്ട് മുമ്പ്, സംബോധന ചെയ്തുകൊണ്ട് ഓരോ ജനസമൂഹവും തങ്ങള്‍ കഴിയുന്ന കിണറുകളാണ് ലോകം എന്നു കരുതി ചുരുങ്ങാതെ ഭാരതീയ സംസ്കൃതി പരിചയപ്പെടുത്തുന്ന സമുദ്രസമാനമായ വിശാലതയുള്ള വിശ്വക്രമത്തിലേക്ക് അണിചേരുവാന്‍ ആഹ്വാനം ചെയ്ത വിവേകാനന്ദനും, അന്ന്, യഥാര്‍ത്ഥത്തില്‍ നയതന്ത്രലോകത്തിനും പുതിയ ഒരു വഴികാട്ടുകയായിരുന്നു. പി. പരമേശ്വരനാണെങ്കില്‍ വിവേകാനന്ദന്റെയും കാറല്‍ മാര്‍ക്സിന്റെയും വ്യക്തിത്വങ്ങളും ലോകവീക്ഷണങ്ങളും ഗൗരവപൂര്‍വ്വം താരതമ്യം ചെയ്ത് മാര്‍ക്സ് ആന്‍ഡ് വിവേകാനന്ദാ എന്ന ഗ്രന്ഥം സംഭാവന ചെയ്തപ്പോള്‍ തമ്മില്‍ മികച്ചതിനെ മാനവരാശിക്ക് ചൂണ്ടിക്കാട്ടുകയായിരുന്നു. വിവേകാനന്ദന്റെ ദര്‍ശനത്തിന്റ അനശ്വരവും അനന്തവുമായ സാദ്ധ്യതകളും മികച്ച സ്വീകാര്യതയും കാറല്‍ മാര്‍ക്സിന്റെ പരിമിതികളും ലോകത്തിന് പരിചയപ്പെടുത്തിയപ്പോള്‍ നയതന്ത്ര ലോകവും പഠിച്ച് പ്രയോഗിച്ചാല്‍ മാനവികതയ്ക്ക് പ്രയോജനപ്രദമായ മികച്ചൊരു വഴി ചൂണ്ടിക്കാട്ടുകയായിരുന്നു. ‘ഗ്ലാസ്നോസ്റ്റും പെരിസ്ട്രോയിക്കയും ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റുകളും’ എന്ന പുസ്തകം അദ്ദേഹത്തിന്റെ നിരവധി രചനകളില്‍ നിന്ന് എടുത്തു വായിക്കുമ്പോള്‍ സ്റ്റാലിനിസത്തിന്റെ തടവറയില്‍പ്പെട്ടുപോയ ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റുകളെയും ചേരിചേരാ നയത്തിന്റെ വായ്ത്താരി മുഴക്കുമ്പോഴും സോവിയറ്റ് ബ്ലോക്കിന്റെ കഴുത്തില്‍ തലവെച്ചുകൊടുത്ത് ഭാരതത്തിന്റെ നയതന്ത്ര സ്വാതന്ത്ര്യം പണയം വെച്ച നെഹ്രു-ഇന്ദിരാ ഭരണകൂടങ്ങളുടെ രാഷ്ട്രീയ പക്ഷത്തിനുമുള്‍പ്പടെ മാറുന്ന കാലത്തിന്റെ ശ്രദ്ധേയമായ വിവരണം നല്‍കുകയായിരുന്നുയെന്ന് കാണാം. ‘മാര്‍ക്സില്‍ നിന്ന് മഹര്‍ഷിയിലേക്ക്’ എന്ന പരമേശ്വര്‍ജിയുടെ പുസ്തകം കമ്യൂണിസത്തിന്റെ തകര്‍ച്ചയെയും ശ്രീ അരബിന്ദന്‍ ഉയര്‍ത്തിക്കാട്ടിയ ഭാരതീയ ദര്‍ശനങ്ങള്‍ക്ക് മാറുന്ന ലോക ക്രമത്തെ സ്വാധീനിക്കാനുള്ള സാദ്ധ്യതകള്‍ എത്രമാത്രമാണെന്നത് സജീവമായ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നതായിരുന്നുയെന്നതും ശ്രദ്ധേയമാണ്.
ശ്രീ അരവിന്ദനിലേക്ക് ശ്രദ്ധ തിരിയുമ്പോള്‍ 1950 ല്‍ തന്ന, കൊറിയന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കമ്യൂണിസ്റ്റ് ചൈനയുടെ സാമ്രാജ്യത്വ മോഹങ്ങള്‍ തിരിച്ചറിഞ്ഞ അദ്ദേഹം, നല്കിയ മുന്നറിയിപ്പുകളെ ഗൗരവമായി എടുത്തുകൊണ്ട് നയതന്ത്ര സമീപനങ്ങളില്‍ തിരുത്തലുകള്‍ വരുത്താതെ ജവഹര്‍ലാല്‍ നെഹ്രു, ഭാരതത്തെ 1962ല്‍ നേരിടേണ്ടിവന്ന നിസ്സാഹായതയില്‍ എത്തിച്ചതിലേക്ക് ഓര്‍മ്മകള്‍ പോകും. 1950ല്‍ ശ്രീഅരബിന്ദോ നല്കിയ മുന്നറിയിപ്പുകള്‍ എത്ര വ്യക്തമായിരുന്നുയെന്ന് നോക്കുക: ‘എല്ലാ കാര്യങ്ങളും വളരെ വ്യക്തമാണ്. ഇത് കമ്യൂണിസ്റ്റ് പദ്ധതിയുടെ ഒന്നാമത്തെ നീക്കമാണ്. ആദ്യം ഈ വടക്കന്‍ ഭാഗങ്ങളെ കൈവശപ്പെടുത്തി സ്വാധീനം ഉറപ്പിക്കുക. പിന്നീട് തെക്ക്കിഴക്കന്‍ ഏഷ്യയിലേക്ക്, ഏഷ്യന്‍ ഭൂഖണ്ഡത്തിന്റെ ബാക്കി ഭാഗങ്ങളെ കൈവശപ്പെടുത്തുവാനുള്ള യുദ്ധ തന്ത്രം. പോകും വഴി ടിബറ്റും, ഇന്‍ഡ്യയിലേക്ക് തുറക്കുവാനുള്ള ഒരു വാതില്‍ എന്ന നിലയില്‍.’
ശ്രീ അരബിന്ദോയുടെ മാത്രമല്ല, ടിബറ്റിലേക്ക് ചൈന നടത്തിയ അധിനിവേശത്തിനുശേഷം വീരസാവര്‍ക്കറും ഡോ.അംബേദ്കറും ഗുരുജി ഗോള്‍വക്കറും സര്‍വ്വോപരി ഉപപ്രധാനമന്ത്രി സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലും നല്കിയ വ്യക്തമായ മുന്നറിയിപ്പുകളെയും നെഹ്രു അവഗണിച്ചതായാണ് ചരിത്രം രേഖപ്പെടുത്തുന്നത്. ഭാരതത്തിന്റെ താത്പര്യ സംരക്ഷണത്തിന് ഉതകുന്ന നയതന്ത്രനയം രൂപീകരിക്കുന്നതിന് ഉതകുമായിരുന്ന ആ വിചാര ബിന്ദുക്കളെയൊന്നും പരിഗണിക്കാതെ, ജവഹര്‍ലാല്‍ നെഹ്രു കമ്യൂണിസത്തോടുള്ള തന്റെ വൈകാരിക വിധേയത്വത്തിന്റെ പരിമിതികളില്‍ കെട്ടിവരിഞ്ഞ ഒരു വിദേശനയമാണ് സ്വീകരിച്ചത്. ചൈനയുടെ താത്പര്യങ്ങള്‍ക്കായിരുന്നു അന്ന് നെഹ്രു പ്രഥമ പരിഗണന കൊടുത്തിരുന്നത്. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ ഭാരതത്തിന് സ്ഥിരാംഗത്വം കിട്ടാവുന്ന സാഹചര്യം സംജാതമായപ്പോള്‍ പോലും ആ അവസരം ചൈനയ്ക്ക് ആദ്യം കിട്ടട്ടെ എന്ന നിലപാടാണ് അദ്ദേഹം എടുത്തത്.
ഭാരതത്തിന് തുടക്കം മുതല്‍ തന്നെ ശത്രുപക്ഷത്ത് ഉയര്‍ന്നുവരുന്ന രാജ്യമായി മാറിയ പാക്കിസ്ഥാനോടുള്ള സമീപനത്തിലും ക്യാബിനറ്റ് മന്ത്രിയായിരുന്ന ഡോ ശ്യാമ പ്രസാദ് മുഖര്‍ജി മുന്നോട്ടുകൊണ്ടുവന്ന എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ട് ലിയാഖത്ത് അലിഖാനുമായി സന്ധി ഒപ്പിടാന്‍ പ്രധാനമന്ത്രി നെഹ്രു തയാറായി. പാക്കിസ്ഥാന് വാക്കു പാലിക്കാന്‍ സാദ്ധ്യതയില്ലാത്ത രാജ്യമാണെന്ന അദ്ദേഹത്തിന്റെ മുന്നറിയിപ്പിനെ അവഗണിച്ചതിന്റെ ഫലം അനുഭവിക്കുകയും ചെയ്തു.
അതൊക്കെ വിലയിരുത്തി പഠിക്കുവാന്‍ ചരിത്രാന്വേഷണ കുതുകികള്‍ ആഗ്രഹിക്കുമ്പോള്‍ സ്വാഭാവികമായും ഉയര്‍ന്നുവരുന്ന രേഖയാണ് 1952 നവംബര്‍ 8-ന് ലഖ്നൗ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് ഡോ ഭീം റാവ് റാംജി അംബേദ്കര്‍ നടത്തിയ പ്രഭാഷണം. അവിടെ അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടു: ‘ഇന്ത്യയെ ശക്തിപ്പെടുത്തുന്നതില്‍ നെഹ്രുവിന്റെ വിദേശനയം പരാജയപ്പെട്ടു. പ്രത്യയശാസ്ത്രത്തിന്റെ പുകമറ സൃഷ്ടിച്ചുകൊണ്ട് അധിനിവേശത്തിന്റെ അജണ്ടയുമായി മുന്നേറുകയായിരുന്ന രണ്ട് കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടെ അടുത്ത് സ്ഥിതി ചെയ്യുന്ന ഭാരതം സ്വന്തം പ്രതിരോധത്തിന് പറ്റുന്ന തരത്തില്‍ നയതന്ത്ര ബന്ധങ്ങളെ പുനര്‍ സമീപിക്കണമെന്ന് 1952 ല്‍ ഡോ അംബേദ്കര്‍ നിര്‍ദ്ദേശിച്ചതിനെ പൂര്‍ണ്ണമായും പ്രായോഗികമാകുന്നതു കാണുവാന്‍ 2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകും വരെ കാത്തിരിക്കേണ്ടി വന്നുയെന്നതാണ് യാഥാര്‍ത്ഥ്യം.
2014ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായതോടെ വിദേശനയത്തിലും അടല്‍ജി തുടങ്ങിവെച്ച വേറിട്ട സമീപന ശൈലി പുനരാവിഷ്കരിച്ചു. ഭാരതത്തിന്റെ താത്പര്യങ്ങള്‍ക്ക് പ്രഥമ പരിഗണന കൊടുത്തുകൊണ്ട് ആറു ദശാബ്ദങ്ങള്‍ക്ക് മുമ്പ് അന്നത്തെ ഉപപ്രധാനമന്ത്രി സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ നിര്‍ദ്ദേശിച്ച ഭാരതകേന്ദ്രീകൃതമായ സമീപനങ്ങളിലേക്ക് വ്യക്തമായി മാറിക്കഴിഞ്ഞു. ഒപ്പം തന്നെ ഡോ അംബേദ്കറുടെ ആഴത്തിലുള്ള അറിവില്‍ നിന്നുത്ഭവിച്ച നിരീക്ഷണങ്ങളെ ഉള്‍ക്കൊള്ളുമ്പോഴും ചേരിചേരാനയത്തിന്റെ നയതന്ത്രമര്‍മ്മം നഷ്ടപ്പെടുത്താത്ത സമീപനം നരേന്ദ്രമോദിയുടെയും സുഷമാ സ്വരാജിന്റെയും ഡോ എസ്സ് ജയശങ്കറിന്റെയും കാലത്ത് ഭാരതം മുന്നോട്ടു വെക്കുന്നതായാണ് ലോകം കാണുന്നത്. പുതിയ ഭാരതത്തെ കുറിച്ച് ചൈനയില്‍ നിന്നുപോലും നല്ല വിലയിരുത്തലുകളുണ്ടാകുമ്പോള്‍ ചൈനയും അവരോട് ചങ്ങാത്തം പുലര്‍ത്തുന്ന രാഹുലും സീതാറാം യച്ചൂരിയുമൊക്കെ അടങ്ങുന്ന ഭാരതത്തിലെ രാഷ്ട്രീയപക്ഷവും ചൈന ഉള്‍പ്പടെ ഉയര്‍ത്തുന്ന വെല്ലുവിളികളിലാണ് പ്രതീക്ഷ പലുര്‍ത്തുന്നത്. പക്ഷേ ഭാരതീയ പൊതുജനസമൂഹം ഏത് അപകടസാദ്ധ്യതകളെയും വെല്ലുവിളികളെയും അവസരങ്ങളാക്കി മാറ്റിയെടുത്ത് മുന്നോട്ടു പോകുവാനുള്ള ഭാരതീയ വിചാരധാരയിലധിഷ്ഠിതമായ നരേന്ദ്ര മോദിയുടെ മികവില്‍ പ്രതീക്ഷ പുലര്‍ത്തുന്നു; വിശ്വാസം അര്‍പ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: