തൃശൂരില്‍ മഹിളാമോര്‍ച്ച സംഘടിപ്പിച്ച നാരീശക്തി സംഗമത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഒരു പരാമര്‍ശം സിപിഎമ്മിലും സംസ്ഥാനത്തെ ഇടതുമുന്നണി സര്‍ക്കാരിലും തീകോരിയിട്ടിരിക്കുകയാണ്. ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വര്‍ണക്കടത്ത് നടന്നതെന്ന് എല്ലാവര്ക്കും അറിയാം എന്നുമാത്രമാണ് പ്രസംഗത്തിനിടെ പ്രധാനമന്ത്രി പറഞ്ഞത്. രാജ്യത്തിന്റെ പ്രധാനമന്ത്രി കേരളത്തില്‍ വന്ന് ഇങ്ങനെയൊരു രാഷ്ട്രീയ പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നുവെന്നാണ് ചില സിപിഎം നേതാക്കളുടെ സാരോപദേശം. ഭരണകാര്യങ്ങളില്‍ പ്രധാനമന്ത്രി എല്ലാവരുടേതുമാണ്. അക്കാര്യം വളരെ നന്നായി അറിയാവുന്നയാളാണ് നരേന്ദ്ര മോദി. ആരോടും ഒരു പക്ഷപാതവും കാണിക്കാറില്ല. അതേസമയം ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അനിഷേധ്യ നേതാവുമാണ് മോദി. ബിജെപി എന്ന പാര്‍ട്ടിക്കാണ് വലിയ ഭൂരിപക്ഷത്തോടെ രാജ്യം ഭരിക്കാന്‍ രണ്ടുതവണ ജനങ്ങള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രിയെന്ന നിലയ്ക്ക് രാഷ്ട്രീയം പറയാതിരിക്കാനും പറയേണ്ടിടത്ത് അത് പറയാനും മോദിക്ക് നന്നായറിയാം. ആരും അത് പഠിപ്പിച്ചു കൊടുക്കേണ്ടതില്ല. ഇനി പ്രധാനമന്ത്രി രാഷ്ട്രീയം പറഞ്ഞുവെന്ന് ആരോപിക്കുന്നവര്‍ ഏത് തരക്കാരാണ്? തൂണിലും തുരുമ്പിലും രാഷ്ട്രീയമുണ്ടെന്നും, അരാഷ്ട്രീയവാദം കാപട്യമാണെന്നുമുള്ള പ്രത്യയശാസ്ത്രം പൊക്കിപ്പിടിച്ചു നടക്കുന്നവര്‍ക്ക് പ്രധാനമന്ത്രി രാഷ്ട്രീയം പറയുന്നതില്‍ എന്താണ് പ്രശ്നം? പിണറായി വിജയന് മുഖ്യമന്ത്രിയാണല്ലോ. എന്നിട്ട് രാഷ്ട്രീയം പറയുന്നില്ലേ? സിപിഎം നേതാക്കളായ എം.വി. ഗോവിന്ദനും ഇ.പി.ജയരാജനും മാത്രമാണോ രാഷ്ട്രീയം പറയുന്നത്?
അരുതാത്തതൊന്നും പ്രധാനമന്ത്രി പറഞ്ഞിട്ടില്ല. കേരള മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ നിയമവിരുദ്ധമായ പല കാര്യങ്ങളും നടന്നതായി വെളിപ്പെടുത്തിയത് അതില്‍ പങ്കാളികളായവര്‍ തന്നെയാണ്. അവര്‍ വെറുതെയൊരു ആരോപണം ഉന്നയിക്കുകയുമായിരുന്നില്ല. ആരൊക്കെ എന്തൊക്കെയാണ് ചെയ്തതെന്നും, ആരൊക്കെയാണ് ഗുണഭോക്താക്കളെന്നും വെളിപ്പെടുത്തുകയുണ്ടായി. ഇത്തരം ഇടപാടുകളുടെ കേന്ദ്രബിന്ദു മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പുറത്തുവന്ന വിവരങ്ങളില്‍നിന്ന് ആര്‍ക്കും മനസ്സിലാവും. മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിച്ചിരുന്നയാള്‍ ഇതുമായി ബന്ധപ്പെട്ട കേസിലെ പ്രധാന പ്രതിയാണ്. ഇയാള്‍ കൈകാര്യം ചെയ്തിരുന്നത് മുഖ്യമന്ത്രിയെന്ന നിലയ്ക്കുള്ള പിണറായി വിജയന്റെ അധികാരവുമാണ്. ഏതെങ്കിലും ഒരു സംഭവമല്ല, അധികാരം ഉപയോഗിച്ച് നിരവധി സംഭവങ്ങള്‍ നടന്നിട്ടുള്ളതായി വെളിപ്പെടുത്തലുകളും വന്നിട്ടുണ്ട്. നയതന്ത്ര ബാഗേജ് മാത്രമല്ല, ബിരിയാണിച്ചെമ്പും ഖുറാനുമൊക്കെ കിലോക്കണക്കിന് സ്വര്‍ണം കടത്താന്‍ ഉപയോഗിച്ചാതായാണ് വിവരം. ഇതിനെക്കുറിച്ച് വിവിധ അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം പല ഘട്ടങ്ങളില്‍ എത്തിനില്‍ക്കുകയാണ്. ആരോപണവിധേയര്‍ കുറ്റക്കാരല്ലെന്ന് ഒരു കോടതിയും വിധി പറഞ്ഞിട്ടില്ല. അന്വേഷണം അവസാനിച്ചിട്ടുമില്ല. സ്വര്‍ണക്കടത്തു സംഭവം വെറും ആരോപണം മാത്രമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും അനുചരന്മാരും നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കാന്‍ പോകുന്നില്ല. സിപിഎമ്മിലുള്ള സ്വപ്നലോകത്തെ ബാലഭാസ്കരന്മാര്‍ക്ക് അങ്ങനെ തോന്നുന്നുണ്ടാവാം.
ചില സുവിശേഷ പ്രാസംഗികര്‍ കര്‍ത്താവിനെ സ്തുതിക്കുന്നതുപോലെ മുഖ്യമന്ത്രി പിണറായി വിജയനെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന തിരക്കിലാണ് കുറെക്കാലമായി സിപിഎം നേതാക്കള്‍. പിണറായി ഈ വീടിന്റെ ഐശ്വര്യമെന്ന് ഇ.പി.ജയരാജന് പറഞ്ഞപ്പോള്‍ ഒരുപടി കൂടി കടന്ന് പിണറായി ദൈവമാണെന്ന് മന്ത്രി വാസവന് പ്രഖ്യാപിക്കുകയുണ്ടായി. ഇപ്പോഴിതാ എം.വി.ഗോവിന്ദന്റെ ഊഴമെത്തിയിരിക്കുന്നു. പിണറായി പരിശുദ്ധന് മാത്രമല്ല, സൂര്യനെപ്പോലെ കത്തിജ്വലിക്കുകയാണെന്ന് പറഞ്ഞിരിക്കുകയാണ് ഗോവിന്ദന്. അടുത്താല്‍ അന്വേഷണ ഏജന്‍സികള്‍ കരിഞ്ഞുപോകുമത്രേ. ഇങ്ങനെയുള്ള അത്ഭുതശക്തിയൊക്കെയുണ്ടെങ്കില്‍ എന്തിനാണ് അനാവശ്യമായി മുറവിളി കൂട്ടുന്നത്. അധികാരത്തിന്റെ മറവില്‍ എന്തൊക്കെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് പിണറായിക്ക് നന്നായറിയാം. സ്വന്തം കുടുംബത്തിനും ഇതില്‍ പങ്കുണ്ടെന്ന കാര്യത്തെക്കുറിച്ച് ബോധവാനുമാണ്. അന്വേഷണ ഏജന്‍സികള്‍ക്കും ഇതുസംബന്ധിച്ച വിവരങ്ങളുണ്ട്. കേസ് കോടതിയിലാണ്. അന്വേഷണ ഏജന്‍സികള്‍ തെളിവുകള്‍ ശേഖരിക്കുകയാണ്. കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇതിനോടകം എന്തൊക്കെയാണ് ചെയ്തിട്ടുള്ളതെന്ന് നാട്ടുകാര്‍ക്കറിയാം. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്നാണല്ലോ പിണറായി പറഞ്ഞിട്ടുള്ളത്. സ്വര്‍ണകടത്തു കേസില്‍ പിണറായി ഇതുവരെ എത്രയൊക്കെ വെള്ളംകുടിച്ചിട്ടുണ്ടെന്ന് അറിയേണ്ടവര്‍ അറിയുന്നുണ്ട്. ഈ വെള്ളംകുടി അവസാനിക്കാനും പോകുന്നില്ല. മോദി സര്‍ക്കാരിന്റെ ഭരണം അഴിമതിയോട് സന്ധി ചെയ്യുന്നില്ല. ഇതിനോടകം നിരവധി പ്രമുഖര്‍ അഴിക്കുള്ളിലാണ്. ആരോപണമുയര്‍ന്നപ്പോള്‍ അവരൊക്കെ നിയമസംവിധാനങ്ങളെയും അന്വേഷണ ഏജന്‍സികളെയും വെല്ലുവിളിച്ചവരാണ്. ഇവരുടെ പാതയിലാണ് പിണറായിയും. അന്വേഷണ ഏജന്‍സികള്‍ പിന്നാലെയുണ്ട്, ഭയക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: