കൊച്ചി: ചെറുപ്പത്തില്‍ അമ്മ നഷ്ടപ്പെട്ട ജിലുമോള്‍ക്ക് താങ്ങും തണലുമായത് ചങ്ങനാശേരി മേഴ്സി ഹോമിലെ സിസ്റ്റര്‍മാരാണ്. ജന്മനാ ഇരുകൈകളും ഇല്ലാത്ത ജിലു മോളെ മറ്റ് കുട്ടികളെ പോലെതന്നെ അവിടെയുള്ള അമ്മമാര്‍ കാണാന്‍ തുടങ്ങി. ജിലുമോള്‍ക്ക് അമ്മമാര്‍ അവളുടെ ശക്തിയായി മാറി. അങ്ങനെ ഒരിക്കല്‍ സിസ്റ്റര്‍ മറിയല്ല അവളുടെ അടുത്ത് ചെന്ന് പറഞ്ഞു, നിനക്ക് കൈകള്‍ മാത്രമേ നഷ്ടമായിട്ടുള്ളു, നിന്റെ ഏറ്റവും വലിയ ശക്തിയായ കാലുകള്‍ ഇപ്പോഴും കൂടെയുണ്ടെന്ന്. അവളുടെ കാല്‍വിരലുകളിലേക്ക് ഒരു പെന്‍സിലും വച്ച് നല്കി. അന്ന് മുതല്‍ ജീവിതത്തോട് പോരാടാന്‍ തുടങ്ങിയ ജിലുമോള്‍ ഇന്ന് 31 -ാം വയസില്‍ ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നു,
ജിലുമോളുടെ നിശ്ചയദാര്‍ഢ്യത്തിനും പരിശ്രമത്തിനും നിയമപോരാട്ടത്തിനും ഒടുവിലാണ് കാറ് ഓടിക്കാനുള്ള ലൈസന്‍സ് ലഭിക്കുന്നത്. ഭിന്നശേഷി ദിനത്തില്‍ ലൈസന്‍സ് സ്വന്തമാക്കിയ ജിലുമോള്‍ ഇന്ന് ഏവരുടെയും അഭിമാനമാണ്. ഇടുക്കി സ്വദേശി പരേതരായ തോമസിന്റെയും അന്നക്കുട്ടിയുടെയും മൂന്ന് മക്കളില്‍ ഇളയവളാണ് ജിലുമോള്‍. പഠനത്തോടൊപ്പം നിരവധി ചിത്രങ്ങളും ആ കാലുകള്‍ കൊണ്ട് ജിലുമോള്‍ വരച്ച് കഴിഞ്ഞു. ഇപ്പോള്‍ കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയാണ്.
ജിലുമോളുടെ ആത്മവിശ്വാസം മറ്റ് കുട്ടികള്‍ക്കും പ്രചോദനമാകുന്നതിന്റെ ഭാഗമായി ഇന്നലെ സെന്റ് തെരേസസ് കോളജില്‍ ജിലുമോള്‍ക്ക് സ്വീകരണം നല്കി. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിളള ചടങ്ങില്‍ മുഖ്യ അതിഥിയായി. കേരള ദര്‍ശന വേദിയും സെന്റ് തെരേസസ് കോളജ് എന്‍എസ്എസും ചേര്‍ന്ന് നടത്തിയ സ്വീകരണ ചടങ്ങില്‍ മുന്‍ ഡിജിപിയും മെട്രോ റെയില്‍ എംഡി യുമായ ലോകനാഥ് ബെഹ്റ, പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ. ജോസ് ചാക്കോ പെരിയപ്പുറം, സെന്റ് തെരേസസ് കോളജ് മാനേജര്‍ സിസ്റ്റര്‍ വിനീത, കേരള ദര്‍ശന വേദി പ്രസിഡന്റ് എ.പി. മത്തായി, ഡോ.എം.സി. ദിലീപ്കുമാര്, സി.വി. ജോര്‍ജ്, ഡോ. അല്‍ഫോന്‍സാ വിജയ ജോസഫ്, കുമ്പളം രവി എന്നിവര്‍ സംസാരിച്ചു. കേരള ദര്‍ശന വേദി പ്രസിഡന്റ് എ.പി. മത്തായി ചടങ്ങില്‍ ജിലുമോളെ പൊന്നാടയണിയിച്ചു. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള സഹായം സെ. തെരേസസ് കോളജും കേരള ദര്‍ശന വേദിയും ചേര്‍ന്ന് നിറവേറ്റി കൊടുക്കുമെന്ന് കോളജ് പ്രിന്‍സിപ്പല്‍ ഡോ. അല്‍ഫോന്‍സാ വിജയ ജോസഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: