കൊല്ലം: നിറകണ്ണുകളോടെ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ കാലുപിടിച്ചു… എന്നിട്ടും കനിഞ്ഞില്ല. കോടതിവിധിയുണ്ടായിട്ടും മത്സരിക്കാനാകാതെ കണ്ണീരോടെ ചിലങ്കയഴിക്കേണ്ടി വന്നു. ഹയര്‍ സെക്കന്‍ഡറി മോഹിനിയാട്ടത്തിനെത്തിയ കോഴിക്കോട് പ്രൊവിഡന്‍സ് ജിഎച്ച്എസ്എസിലെ എം. സംവര്‍ണ ഷാജിക്കാണ് സംഘാടകരുടെ കടുംപിടിത്തത്തില്‍ മത്സരിക്കാനാകാതെ വന്നത്. ആടയാഭരണങ്ങളോടെ പൊട്ടിക്കരഞ്ഞു വേദി വിട്ട പെണ്‍കുട്ടി സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സങ്കടക്കാഴ്ചയായി.
ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് കോഴിക്കോട് അഡീഷണല്‍ ജില്ലാ കോടതിയില്‍ നിന്നു മത്സരിക്കാനുള്ള അപ്പീല്‍ അനുവദിച്ചത്. വിധി വന്നതോടെ മത്സരത്തിനു തയാറായി വേദിയിലെത്തി. ജഡ്ജി വിധിപ്പകര്‍പ്പ് ഒപ്പിട്ട് നല്കിയപ്പോഴേക്കും 2.15 ആയി. അപ്പോള്‍ത്തന്നെ വിധിപ്പകര്‍പ്പ് അച്ഛന് ഷാജിയുടെ വാട്സ്ആപ്പില്‍ ലഭിച്ചു. അപ്പോള്‍ നാലു പേര് മാത്രമാണ് മത്സരത്തിനുണ്ടായിരുന്നത്. നാലാമത്തെ മത്സരാര്‍ത്ഥിക്കു ശേഷം അഞ്ചു മിനിറ്റ് കൂടി പ്രോഗ്രാം കമ്മിറ്റി അനുവദിച്ചു. വിധിപ്പകര്‍പ്പുമായി ഷാജി രണ്ടര കിലോമീറ്റര്‍ അകലെയുള്ള രജിസ്ട്രേഷന് വിഭാഗത്തിലെത്തി. പക്ഷേ വാട്സ്ആപ്പിലെ വിധിപ്പകര്‍പ്പ് അംഗീകരിച്ചില്ല. വിധിപ്പകര്‍പ്പ് ഇ മെയിലില്‍ ലഭിക്കണമെന്നായി സംഘാടകര്‍. അപ്പീല്‍ത്തുക കെട്ടാം, അപ്പോഴേക്കും മെയില്‍ അയയ്ക്കാം എന്നു പറഞ്ഞിട്ടും അനുവദിച്ചില്ല. തുടര്‍ന്ന് കോഴിക്കോട്ടു നിന്നു മെയില്‍ അയച്ചപ്പോഴേക്കും പ്രോഗ്രാം കമ്മിറ്റി അനുവദിച്ച അഞ്ചു മിനിറ്റും കഴിഞ്ഞ് മത്സരം അവസാനിച്ചു.
തുടര്‍ന്നാണ് സദസിലുള്ള ധനമന്ത്രിക്കരികിലേക്ക് സംവര്ണയെത്തി കാലുപിടിച്ചത്. പരിശോധിക്കാമെന്ന് പറഞ്ഞ് മന്ത്രി തലയൂരി. അപ്പോള്‍ മോഹിനിയാട്ടത്തിന്റെ ഫലപ്രഖ്യാപനവും നടത്തി… ഒടുവില്‍ സംവര്‍ണ മത്സരിക്കാനാകാതെ ചിലങ്കയഴിച്ചു. ജില്ലയില്‍ മോഹിനിയാട്ടത്തിന് രണ്ടാം സ്ഥാനമായിരുന്നു. കഴിഞ്ഞ വര്‍ഷം കേരളനടനത്തില്‍ സംസ്ഥാന തലത്തില്‍ എ ഗ്രേഡ് ലഭിച്ചിരുന്നു. ഇത്തവണയും കേരളനടനത്തിനു മത്സരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: