ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടല്‍. ഒരു ലഷ്കര്‍ ഭീകരനെ വധിച്ചു.
ഷോപിയാനിലെ ചോട്ടിഗാം മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസും സൈന്യവും ചേര്‍ന്ന് ഇന്നലെ പുലര്‍ച്ചെ മുതല്‍ തെരച്ചില്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഭീകരര്‍ സുരക്ഷാസേനക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം ശക്തമായി തിരിച്ചടിച്ചു. മണിക്കൂറുകള്‍ നീണ്ട വെടിവയ്പ്പിലാണ് ഒരു ഭീകരനെ വകവരുത്തിയത്. ഇയാളുടെ മൃതദേഹം ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്തു.
ചെക് ചോലന്‍ സ്വദേശി ബിലാല്‍ അഹമ്മദ് ഭട്ടാണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്ക് നിരോധിത ഭീകര സംഘടനയായ ലഷ്കര്‍ ഇ തൊയ്ബയുമായി ബന്ധമുള്ളതായി സൈന്യം പറഞ്ഞു. സ്ഥലത്തുനിന്ന് നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും മാഗസിനുകളും കണ്ടെടുത്തു.
സൈനിക ഉദ്യോഗസ്ഥരായ ഉമര്‍ ഫയാസിനെ കൊലപ്പെടുത്തിയതിലും ഗ്രനേഡ് എറിഞ്ഞ് രണ്ട് തൊഴിലാളികളെ കൊലപ്പെടുത്തിയതും ഉള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളാണ് ഇയാള്‍. കശ്മീരി പണ്ഡിറ്റായ സുനില്‍ കുമാര്‍ ഭട്ടിനെ കൊലപ്പെടുത്തിയ കേസിലും പ്രീതിംബര് നാഥിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: