രാജ്യം സ്വതന്ത്രമായതിന്റെ നാല്പത്തഞ്ചാം വര്‍ഷമാണ്, 1992 ഡിസംബര്‍ ആറിന് അയോദ്ധ്യയിലെ തര്‍ക്കമന്ദിരം തകര്‍ന്നുവീണത്. 1993 ജനുവരിയില്‍ വന്ദേഭാരതമാതരം എന്ന പ്രസിദ്ധീകരണത്തിന് നല്കിയ അഭിമുഖത്തില്‍ സ്വാമി ചിന്മയാനന്ദന് പ്രവചനസദൃശമായ ഒരു മറുപടി നല്കി. ഹിന്ദുരാഷ്ട്രത്തിന്റെ പുനരുത്ഥാനത്തിന് എത്ര വര്‍ഷമെടുക്കും എന്നായിരുന്നു ചോദ്യം. രാഷ്ട്രത്തെ അപമാനത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടാന്‍ അവര്‍ 45 വര്‍ഷമെടുത്തു. പുനരുജ്ജീവനത്തിന് അത്രയും വര്‍ഷം എന്തായാലും വേണ്ടിവരില്ല എന്ന് സ്വാമിജിയുടെ മറുപടി. ശേഷം വര്‍ഷം 32 ആവുന്നതേയുള്ളൂ… ശ്രീരാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠയാകുന്നു. രാജ്യം അപമാനത്തിന്റെ പടുകുഴിയില്‍നിന്ന് അഭിമാനത്തിന്റെ കൈലാസത്തിലേക്ക് തല ഉയര്‍ത്തുന്നു.
മുംബൈയിലെ സാന്ദീപനി ആശ്രമത്തില്‍ നിന്നാണ് 1964ല്‍ സ്വാമി ചിന്മയാനന്ദന്റെ നേതൃത്വത്തില്‍ വിശ്വഹിന്ദു പരിഷത്ത് അതിന്റെ സംഘടാനായാത്ര തുടങ്ങുന്നത്. ലോകമെങ്ങും യാത്ര ചെയ്ത് ജനകോടികളെ ഗീതാപ്രവചനങ്ങളിലൂടെ അഭിമാനത്തിലേക്കും ജീവിതത്തിലേക്കും പിടിച്ചുയര്‍ത്തിയ സ്വാമിജിയുടെ ബൗദ്ധിക നേതൃത്വം ശ്രീരാമജന്മഭൂമിപ്രസ്ഥാനത്തിന് നല്കിയ ഉന്മേഷം ചെറുതായിരുന്നില്ല.
തര്‍ക്കമന്ദിരം തകര്‍ന്നപ്പോള്‍ മതേതരത്വം തകര്‍ന്നു എന്നായിരുന്നു ഒരു കൂട്ടം മാധ്യമങ്ങളുടെ വിലാപം. കര്‍സേവകര്‍ തെമ്മാടിക്കൂട്ടമായും മതഭ്രാന്ത്രന്മാരായും മുദ്രകുത്തപ്പെട്ടു. അമേരിക്കയിലെ പര്യടനത്തിന് ശേഷം കേരളത്തിലെത്തിയ സ്വാമിജിയോട് ഇതേപ്പറ്റിയുള്ള ചോദ്യങ്ങളുയര്‍ന്നപ്പോള്‍ കര്‍സേവകരില്‍ ഞാന്‍ അഭിമാനിക്കുന്നു, അവരെ ആയിരം വട്ടം അഭിനന്ദിക്കുന്നു എന്നായിരുന്നു കൂസലേതുമില്ലാത്ത മറുപടി. പിന്നീടൊരിക്കല്‍ അദ്ദേഹം ഒരു മാധ്യമത്തോട് പറഞ്ഞത്. മഹാഭാരതയുദ്ധം മാത്രമല്ല, ലോക മഹായുദ്ധങ്ങളും സമാധാനത്തിന് വേണ്ടിയായിരുന്നു എന്നാണ്.
ഹിന്ദുക്കള്‍ മതമൗലികവാദികളാവുകയാണോ എന്ന് ചിലര്‍ നെറ്റി ചുളിച്ചു, അയോദ്ധ്യക്ക് വേണ്ടി അങ്ങനെ പലതും കേള്‍ക്കേണ്ടിവരുമെന്നായിരുന്നു സ്വാമിജി നല്കിയ ഉത്തരം. ഭാരതം സ്വതന്ത്രമായി 45 വര്‍ഷം ഇതിനായി കാത്തിരുന്നില്ലേ. ഇനിയെത്ര കാത്തിരിക്കണമെന്നാണ് പറയുന്നത്. യുദ്ധമില്ലാത്ത ഭൂമിയാണ് അയോദ്ധ്യ. യുദ്ധം എന്നേക്കുമായി ഇല്ലാതാക്കാനാണ് പോരാട്ടം. അത് തുടരുക തന്നെ ചെയ്യണം, സ്വാമി പറഞ്ഞു.
എന്തിനാണ് അയോദ്ധ്യയില്‍ ഒരു ക്ഷേത്രം എന്ന ചോദ്യവുമായെത്തിയ പുരോഗമന ബുദ്ധിജീവികളെ അദ്ദേഹം നേരിട്ടു. അയോദ്ധ്യയില്‍ ക്ഷേത്രമല്ലാതെ മറ്റെന്ത് വരണമെന്നാണ് നിങ്ങള്‍ പറയുന്നതെന്ന് തിരിച്ചു ചോദിച്ചു. ക്ഷേത്രത്തിന്റെ പേരില്‍ രക്തമൊഴുക്കണോ എന്നായിരുന്നു ചില ‘നിഷ്കളങ്ക’ സാംസ്കാരിക നായകരുടെ ആശങ്ക. ഏത് പിറവിയിലാണ് രക്തമൊഴുകാത്തതെന്ന് സ്വാമിജി തിരിച്ചടിച്ചു. ഈ രാഷ്ട്രം പിറന്നതും കെട്ടിപ്പടുത്തതും രക്തമൊഴുക്കിയാണ്. അഭിമാനത്തിന്റെ രക്ഷയ്ക്ക് വേണ്ടിയാണിത്…
മതേതരത്വത്തിന്റെ പേരുപറഞ്ഞ് ഒരുകൂട്ടം രാഷ്ട്രീയക്കാര്‍ ന്യൂനപക്ഷം ന്യൂനപക്ഷം എന്ന് ലാളിക്കുകയാണ്. പറഞ്ഞുപറഞ്ഞ് അവരില്‍ പലര്‍ക്കും രാഷ്ട്രമെന്ന് കേള്‍ക്കുന്നത് ഇഷ്ടമല്ലാതായിരിക്കുന്നു. ദേശവിരുദ്ധതയാണോ മതേതരത്വം. രാഷ്ട്രനിര്‍മ്മാണപ്രക്രിയയില്‍ അത്തരക്കാര്‍ക്ക് ഇടമില്ല. രാഷ്ട്രവിരുദ്ധര്‍ ഉന്മൂലനം ചെയ്യപ്പെടണം. അദ്ദേഹം തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: