”ഇന്നലെ ഉച്ചയോടെ കൊല്ലത്ത് എത്തിയതാണ്… റൂമ് ചോദിച്ചപ്പോ വാടക 900 രൂപ. ഒരു ദിവസം ജോലിക്ക് പോയാല്‍ അതിന്റെ പകുതിയേ കിട്ടൂ. വേറെ നിവൃത്തി ഇല്ലാത്തോണ്ട് കോട്ടയത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ കിടന്നു. അതുകൊണ്ട് ആ പൈസക്ക് കൊച്ചിന് തലയില്‍ വയ്ക്കാന്‍ മുല്ലപ്പൂ വാങ്ങാന്‍ പറ്റി”. ബാബുവിന്റെ കണ്ണു നിറഞ്ഞു. ശബ്ദമിടറി. ”അച്ഛനോട് പറഞ്ഞതല്ലേ…കലോത്സവത്തിന് പോകണ്ടാന്ന്. ആ പൈസക്ക് വീടിനൊരു കതകെങ്കിലും ഇടാന്ന്. ബാബുവിനോട് ചേര്‍ന്ന് നിന്ന മകള്‍ സ്നേഹ പ്രഭ പറയുമ്പോള്‍ മോഹിനിയാട്ടത്തിന്റെ കണ്ണെഴുത്തും മായ്ച്ചുകൊണ്ട് കണ്ണീരൊഴുകി. സമീപത്ത് നിന്ന അമ്മ സവിതയും കണ്ണീരൊപ്പി.
പലരില്‍ നിന്നും കടം വാങ്ങിയും സുഹൃത്തുകളുടെ സഹായം കൊണ്ടുമാണ് വയനാട് പിണങ്ങോട് ഉതിരംപളള്ളിക്കുന്നിലെ ബാബുവും ഭാര്യ സവിത കുമാരിയും മകള്‍ സ്നേഹ പ്രഭയും കലോത്സവത്തില്‍ പങ്കെടുക്കാന്‍ കൊല്ലത്തേക്ക് വണ്ടി കയറിയത്. വയനാട് ഡബ്ല്യൂ ഒ എച്ച് എസ് എസിലെ പത്താം ക്ലാസുകാരി സ്നേഹ പ്രഭ ചെറുപ്പം മുതല്‍ നൃത്തം പഠിക്കുന്നുണ്ട്. കൂലിപ്പണിക്കാരനായ ബാബുവിനും അങ്കണവാടി ജീവനക്കാരിയായ സബിതക്കും ലഭിക്കുന്നത് തുച്ഛമായ വരുമാനവും. പക്ഷെ മകളുടെ നൃത്തപഠനം മുടക്കിയിട്ടില്ല.
അടച്ചുറപ്പുള്ളൊരു വീട് ഇപ്പോഴും ബാബുവിനും കുടുംബത്തിനും സ്വ്പനമാണ്. തറ കെട്ടി ചെങ്കല്‍ ജനല്‍ പൊക്കത്തില്‍ കെട്ടിനിര്‍ത്തി. കവുങ്ങ് തൂണിലെ മേല്‍ക്കൂരയില്‍ ടാര്പ്പോളിന് വിരിച്ചിട്ടുണ്ട്. വീടിന് കതകില്ല. വീടിനകത്തും ഒരു ചുമര് ജനല്‍പൊക്കത്തില്‍ കെട്ടി മുറി പോലെ തിരിച്ചു. അതിലാണ് എല്ലാവരും കൂടി കിടക്കുന്നത്. ഒരു മുറിയെങ്കിലും അടച്ചുറപ്പുള്ളതാക്കണം. അതിനുള്ള ശ്രമത്തിനിടെയാണ് സ്നേഹപ്രഭയക്ക് സംസ്ഥാന കലോത്സവത്തിലേക്ക് ആദ്യമായി അവസരം ലഭിക്കുന്നത്. ജില്ലാ കലോത്സവത്തിന് തന്നെ നല്ലൊരുതുക വേണ്ടിവന്നു. നൃത്താധ്യാപകന് കലാമണ്ഡലം അജിത്തിന്റെ കൂടി സഹായത്താലാണ് കലോത്സവത്തിന് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: