കോഴിക്കോട്: തട്ടിപ്പ് കേസില്‍ പരാതി നല്‍കാനെത്തിയ യുവതിയെ പോലീസുകാരന് പിഡിപ്പിച്ചതായി പരാതി. കോഴിക്കോട് സ്വദേശിയായ നേഴ്സാണ് പോലീസ് കംപ്ലെയിന്റ് അതോറിട്ടിയില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.
യുവതിയുടെ പരിചയക്കാരനായിരുന്ന ഹബീബ് എന്നയാള്‍ നാല് വര്‍ഷം മുമ്പ് മാവൂര്‍ റോഡ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം 40,000 രൂപ ഒരു മണിക്കൂറിനകം തിരിച്ചു തരാമെന്നു പറഞ്ഞു വാങ്ങിയിരുന്നു. പണം തിരിച്ചു കിട്ടാത്തതിനെ തുടര്‍ന്ന് യുവതി പുതിയ സ്റ്റാന്‍ഡിലെ എയ്ഡ് പോസ്റ്റിലെത്തി പോലീസുകാരനെ അറിയിച്ചു. ശേഷം അവിടെ നിന്നുള്ള നിര്‍ദേശപ്രകാരം കസബ പോലീസ് സ്റ്റേഷനിലേക്കു പോകുന്ന വഴി സഹായിയായി എത്തിയ പോലീസുകാരന് നമ്പര്‍ വാങ്ങി.
പിന്നീട് ഇയാളുടെ ഫോണ്‍കോളുകള്‍ പതിവാകുകയും സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജിലേക്ക് യുവതിയെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ പോലീസുകാരനെതിരെ 2020 ജൂലൈയില്‍ കസബ സ്റ്റേഷനിലും സിറ്റി കമ്മിഷണര്‍ക്കും പരാതി നല്‍കിയതിനെ തുടര്‍ന്ന് 2020 ജൂലൈയില്‍ വകുപ്പുതല അന്വേഷണത്തില്‍ കുറ്റം തെളിയുകയും കമ്മിഷണര്‍ നടപടിയെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കസബ സ്റ്റേഷനില്‍ പോലീസുകാരനെതിരെ കേസെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണിപ്പോള്‍ യുവതി പരാതി നല്‍കിയിരിക്കുന്നത്. പോലീസ് കംപ്ലെയിന്റ് അതോറിട്ടി ചെയര്മാന് എസ്. സതീശ ചന്ദ്രബാബു യുവതിയുടെ പരാതി ഏപ്രില്‍ 18നു പരിഗണിക്കും. കഴിഞ്ഞ ദിവസം നടന്ന അതോറിട്ടി സിറ്റിങ്ങില്‍ ഇതുള്‍പ്പെടെ 37 പരാതികളാണ് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: