നവകേരള സദസ്സ് വിലയിരുത്തി ഇടതുമുന്നണി നടത്തിയ പ്രസ്താവന വിചിത്രമായിരിക്കുന്നു. കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളിലേക്കും കേന്ദ്ര വിരുദ്ധ വികാരം ഫലപ്രദമായി എത്തിക്കാനായി എന്നതാണ് നേതൃത്വം കണ്ടെത്തിയ നവകേരള സദസ്സിന്റെ പ്രധാന നേട്ടം. അതുവഴി അണികളെയും അനുഭാവികളെയും ആവേശഭരിതരാക്കി തെരഞ്ഞെടുപ്പ് ഗോദയിലിറക്കാനായത് രണ്ടാമത്തെ നേട്ടം. സമാപന പ്രസംഗത്തില്‍ മുഖ്യമന്ത്രി മറകൂടാതെ തുറന്നു പറഞ്ഞതും ഏതാണ്ട് ഇതൊക്കെ ത്തന്നെ. ചുരുക്കത്തില്‍ യാത്ര മുന്നോട്ടുവച്ച നവകേരളമെന്ന ആശയം മാരീചവേഷം പൂണ്ട പാഴ്‌വാക്കായി. മുച്ചൂടും മുടിഞ്ഞു കിടക്കുന്ന കേരളത്ത കരകയറ്റാന്‍ മാര്‍ഗമെന്തെന്നന്വേഷിക്കുന്നതിനു പകരം സര്‍ക്കാര്‍ പതിവു പോലെ നിഷേധാത്മക രാഷ്‌ട്രീയത്തിന്റെ പാതയിലാണ്. ഊതി വീര്‍പ്പിച്ച മോദി വിരുദ്ധ വികാരത്തിന്റെ മറവില്‍ പിണറായിയുടെ വികൃതമായ മുഖം ഇനിയുമെത്രകാലം ഒളിച്ചു വെക്കാനാവും. നിയസഭയ്‌ക്ക് താഴിട്ട് സര്‍ക്കാര്‍ സംവിധാനങ്ങളത്രയും ദുരുപയോഗം ചെയ്ത് ജനങ്ങളുടെ ചെലവില്‍ നടത്തിയ യാത്രയുടെ ലക്ഷ്യം ഇതായിരുന്നോ? പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പ് സര്‍ക്കാര്‍ ചെലവില്‍ നടക്കുന്ന വെറും പ്രചരണ യാത്രയാണിതെന്ന ബിജെപിയുടെ അഭിപ്രായമാണ് ഇവിടെ നേതൃത്വം ശരിവച്ചിരിക്കുന്നത്.
ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനാദത്തമാണ്. ചെറുതും വലുതുമായ ഇത്തരം പ്രക്ഷോഭങ്ങളിലൂടെയാണ് നാമിന്നു കാണുന്ന രാഷ്‌ട്രീയ കേരളം രൂപം കൊള്ളുന്നത്. രാജാവ് നഗ്‌നനാണെന്ന് വിളിച്ചു പറയാന്‍ ആരുമില്ലാതാവുമ്പോള്‍ വഴി തുറക്കുന്നത് അരാജകത്വത്തിലേക്കാണ്. എന്നാല്‍ ഇവിടെ സമാധാനപരമായി പ്രതിഷേധിച്ചവരെ ബ്രിട്ടീഷ് ഭരണകാലത്തെ ഓര്‍മ്മിപ്പിക്കും വിധമാണ് സര്‍ക്കാര്‍ നേരിട്ടത്. ചരിത്രത്തില്‍ ആദ്യമായി മന്ത്രിസഭയുടെ തലവനായ ഗവര്‍ണ്ണര്‍ക്കുപോലും വഴി നടക്കാനാവാത്ത സ്ഥിതി സംജാതമായി. അക്രമത്തെ മുഖ്യമന്ത്രി തന്നെ രക്ഷാപ്രവര്‍ത്തനമെന്ന് പറഞ്ഞ് വെള്ളപൂശിയപ്പോള്‍ അത് അണികള്‍ക്ക് എന്തും ചെയ്യാനുള്ള പച്ചക്കൊടിയായി. അടിച്ചാല്‍ ഫലമറിയുമെന്ന് പാര്‍ടി സെക്രട്ടറി. തിരിച്ചടിക്കുമെന്ന് പ്രതിപക്ഷ നേതാവ്. അതോടെ തെരുവോരങ്ങള്‍ യുദ്ധക്കളമായി. ഭരണപക്ഷവും പ്രതിപക്ഷവും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ പരസ്പ്പരം മത്സരിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കറുപ്പ് കണ്ടാല്‍ കലികയറുന്ന, സ്വന്തം നിഴലിനെപ്പോലും ഭയപ്പെടുന്ന മുഖ്യമന്ത്രിയാണ് നവകേരള സൃഷ്ടിക്കായി ഇറങ്ങിത്തിരിച്ചതെന്നത് ഫലിതമായി അവശേഷിക്കുന്നു. അക്രമം ഒന്നുകൊണ്ട് മാത്രം വാര്‍ത്തയായ ഈ യാത്ര കൊണ്ട് എന്തു നേടിയെന്ന് സംഘാടകര്‍ ആത്മപരിശോധന നടത്തട്ടെ .
പരാതികള്‍ക്ക് പരിഹാരം കാണാന്‍ ജനങ്ങള്‍ക്കിടയിലേക്ക് നടത്തുന്ന ചരിത്ര യാത്രയെന്നാണ് സംഘാടകര്‍ പരിപാടിയെ വിശേഷിപ്പിച്ചത്. വീട്ടിലിരുന്ന് ആര്‍ക്കും എവിടെക്കും ഓണ്‍ലൈനായി പരാതികള്‍ നല്‍കാമെന്നിരിക്കെ എന്തിനാണ് സര്‍ക്കാര്‍ ജനങ്ങളെ കാളവണ്ടി യുഗത്തിലേക്ക് ആട്ടിത്തെളിക്കുന്നത് ? ഉത്തരമില്ല. കിട്ടിയ പരാതികള്‍ക്ക് വിവിഐ പി പരിഗണ നല്‍കുമെന്നാണ് മന്ത്രി കെ. രാജന്‍ അവകാശപ്പെട്ടത്. യാത്രാ മധ്യേ വഴിയോരത്ത് ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ട അനാഥമായ പരാതിക്കെട്ടിനെക്കുറിച്ചുള്ള പത്രവാര്‍ത്ത കണ്ടപ്പോള്‍ മന്ത്രി പറയാതെ തന്നെ അത് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതാണ്. കിട്ടിയ പരാതികള്‍ക്കെല്ലാം പരിഹാരം കാണുമെന്നായിരുന്നു വാഗ്ദാനം. യാത്രയുടെ പ്രഖ്യാപിത ലക്ഷ്യവും അതായിരുന്നല്ലൊ. എന്നാല്‍ യാത്ര മുന്നേറുന്ന മുറയ്‌ക്ക് ഈനിലപാട് കാണക്കാണെ രൂപാന്തരപ്പെടുന്ന കാഴ്ചയാണ് കേരളം കണ്ടത്. യാത്ര മലബാര്‍ പിന്നിടുമ്പോഴേക്കും പരാതികള്‍ക്ക് പരിഹാരം കാണുമെന്ന നിലപാട് മാറി പരാതികള്‍ക്ക് മറുപടി നല്‍കുമെന്നായി. സമാപനത്തിനു മുമ്പ് മുഖ്യമന്ത്രി പാലായില്‍ നടത്തിയ വിവാദ പ്രസംഗത്തോടെ ചിത്രം പൂര്‍ണ്ണമായി. ഒപ്പം ഉള്ളിലിരിപ്പും. പരാതികള്‍ സ്വീകരിക്കുന്നത് പരിപാടിയുടെ ഒരു ഭാഗം മാത്രമാണെന്നും പരാതികള്‍ സ്വീകരിക്കലല്ല പ്രധാന കാര്യമെന്നും മുഖ്യമന്ത്രി മറകൂടാതെ തുറന്നു പറഞ്ഞു. ചുരുക്കത്തില്‍, കിട്ടുന്ന പരാതി ബന്ധപ്പെട്ടവര്‍ക്ക് അയച്ചു കൊടുക്കും. അത്രതന്നെ. പ്രശ്‌ന പരിഹാരത്തിനുള്ള ഉത്തരവാദിത്തം അതോടെ അവരുടെ തലയിലായി. മന്ത്രി പറഞ്ഞ വിവിഐപി പരിഗണനയുടെ അര്‍ത്ഥം ജനങ്ങള്‍ക്ക് അപ്പോഴാണ് ബോദ്ധ്യമായത്.
യാത്ര സമാപിച്ചു. 6 ലക്ഷത്തിലേറെ പരാതികള്‍ കിട്ടിയെന്നാണ് പറയുന്നത്. പരിഹാരത്തെക്കുറിച്ചന്വേഷിക്കുമ്പോള്‍ ബന്ധപ്പെട്ടപ്പെട്ടവര്‍ തന്നെ ഇരുട്ടില്‍ത്തപ്പുകയാണ്. പരാതികള്‍ സ്വീകരിച്ചത് വകുപ്പ് മേധാവികളാണ്. അവരാകട്ടെ കിട്ടിയ പരാതികളെല്ലാം കലക്ടര്‍മാര്‍ക്ക് കൈമാറി സമര്‍ഥമായി തടിയൂരി. പഞ്ചനക്ഷത്രസഞ്ചാരികളായ മന്ത്രിമാര്‍ ഇതൊന്നും കണ്ടിട്ടു പോലുമില്ലെന്ന് യാത്രാ സംഘത്തില്‍പ്പെട്ടവര്‍ തന്നെ പരാതിപ്പെടുന്ന സാഹചര്യമുണ്ടായി. നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കൈക്കൊള്ളേണ്ട വിഷയങ്ങള്‍ പോലും കലക്ട്രേറ്റിലും കോര്‍പ്പറേഷന്‍ ഓഫീസിലും അനാഥമായി ക്കിടപ്പുണ്ട്. കാലാവധി കഴിയാറായ റാങ്ക് ലിസ്റ്റുകള്‍ നീട്ടിത്തരണം എന്നാവശ്യപ്പെട്ട് പതിനാലു ജില്ലകളില്‍ നിന്നുമായി കിട്ടിയ പതിനായിരത്തില്‍പ്പരം പരാതികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസിലും ജില്ലാ മെഡിക്കല്‍ ഓഫീസിലുമാണ് എത്തിയത്. സര്‍ക്കാരിനെന്ന പോലെ സ്വീകരിച്ച പരാതികള്‍ക്കും മേല്‍വിലാസം നഷ്ടപ്പെട്ടിരിക്കുന്നു.
ഉള്ളതു പറയണമല്ലൊ. ഇതിന്നകം രണ്ടു പരാതികള്‍ക്ക് പരിഹാരമായിട്ടുണ്ട്. കേരള ബാങ്കില്‍ നിന്ന് 4 ലക്ഷം രൂപ വായ്പയെടുത്ത ആളാണ് പരാതിക്കാരന്‍. കിട്ടിയ ആനുകൂല്യം കണ്ട പരാതിക്കാരന്‍ ഞെട്ടിയ വാര്‍ത്ത സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ഇപ്പോഴും നിറഞ്ഞു നില്‍പ്പുണ്ട്. സഖാക്കളുടെ സ്വന്തം ബാങ്ക്. പരാതിക്കാരനാവട്ടെ മുഖ്യമന്ത്രിയുടെ ജില്ലക്കാരനും. വായ്പ കുടിശ്ശികയാവുമ്പോള്‍ നല്‍കുന്ന ഇളവുകളെക്കുറിച്ച് ആ മേഖലയുമായി ബന്ധപ്പെട്ടവര്‍ക്കെല്ലാമറിയാം. ഒന്നാമതായി പിഴപ്പലിശ ഒഴിവാക്കാം. അല്ലെങ്കില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഭാഗമായി പലിശ ഭാഗികമായോ പൂര്‍ണ്ണമായോ ഒഴിവാക്കാം. ഏആര്‍സിഫയല്‍ ചെയ്യുന്ന കേസുകളില്‍ ഇളവിനൊപ്പം ഗഡുക്കളായി അടച്ചു തീര്‍ക്കാന്‍ അനുവദിക്കാം. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ മേലുദ്യോഗസ്ഥരുടെ അനുവാദത്തോടെ വായ്‌പ്പത്തുകയില്‍പ്പോലും വെട്ടിക്കുറവ് വരുത്താം. ഈ ആനുകൂല്യങ്ങളെല്ലാം സ്ഥാപനത്തില്‍ നിന്നു ചെയ്യാവുന്നതാണ്. എന്നാല്‍ ഈ പരാതി മുഖ്യമന്ത്രിയുടെ മുന്നിലാണ് സമര്‍പ്പിച്ചത്. കിട്ടിയ ഇളവ് 515 രൂപ! പിഴപ്പലിശ പോലും വെട്ടിക്കുറച്ചില്ലെന്നു സാരം. ഒരു ദിവസത്തെ തൊഴില്‍ നഷ്ടവും പൊരി വെയിലത്ത് മണിക്കൂറുകളോളം കാത്തുനിന്നതും മിച്ചം. ബാക്കി തുക ഈ മാസം 31നു മുമ്പ് അടച്ചു കൊള്ളണമെന്ന തിട്ടൂരവും ഒപ്പുമുണ്ട്. ഇനി ഇങ്ങനെ ഒരു പരാതിയുമായി ഇയാള്‍ ആയുസ്സില്‍ ആ വഴിക്ക് പോവില്ല. തീര്‍ച്ച.
തീര്‍പ്പാക്കി കയ്യൊഴിഞ്ഞ രണ്ടാമത്തെ പരാതിവിശഷം വയനാട്ടില്‍ നിന്നാണ്. ബ്രഹ്മഗിരിയില്‍ നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ടവരാണ് പരാതിക്കാര്‍. നിക്ഷേപം ഗഡുക്കളായെങ്കിലും തിരിച്ചു തരണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ കുറെ കാലമായി അവര്‍ സമര രംഗത്താണ്. സര്‍ക്കാരില്‍ നിന്നു കിട്ടുന്ന മുറയ്‌ക്ക് തിരിച്ചു തരാമെന്നായിരുന്നു അധികൃതര്‍ ഒടുവില്‍പ്പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിലാണ് പരാതിയുമായി മുഖ്യമന്ത്രിയുടെ മുമ്പാകെ എത്തിയത്. സ്ഥാപനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും നിക്ഷേപകര്‍ക്ക് ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കാമെന്നുമായിരുന്നു പരിഹാരനടപടി. പ്രശ്‌നപരിഹാരത്തിന് കോടതിയില്‍ പോവാന്‍ മുഖ്യമന്ത്രിയുടെ ഉപദേശം വേണ്ടല്ലൊ? പരിഹാരസഭയിലെ അംഗമായിരുന്ന മുന്‍മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനെതിരെ കൊടുത്ത തട്ടിപ്പു പരാതിയും വെളിച്ചം കണ്ടില്ല. പരിഹാരത്തിന്റെ സ്വഭാവമിതാണെങ്കില്‍ പരിഹാസ്യം എന്നേ പറയാനാവൂ.
അതിനിടെ കോടതി കയറിയ മറിയക്കുട്ടി ചേട്ടത്തിയുടെ നിലപാട് മുഖ്യമന്തിയുടെ ഉറക്കം കെടുത്തുകയാണ്. സഖാക്കളുടെ ഭീഷണിയും പ്രലോഭനവും ചേട്ടത്തിയുടെ അടുത്തു വിലപ്പോയില്ല. പരാതിക്കാരിക്ക് ഭൂസ്വത്തിനുപുറമെ വിദേശ പണവും കിട്ടുന്നുവെന്ന വാര്‍ത്ത നിരുപാധികം പിന്‍വലിച്ച് ദേശാഭിമാനി മാപ്പു പറഞ്ഞു നാണം കെട്ടു. സഖാക്കള്‍ നിര്‍ലോപം ചാര്‍ത്തിക്കൊടുത്ത ഭൂസ്വത്ത് കിട്ടിയേ അടങ്ങൂ എന്ന വാശിയിലാണ് മറിയക്കുട്ടി. പാവങ്ങള്‍ പെന്‍ഷനു വേണ്ടി തെരുവില്‍ കുത്തുപാളയെടുത്തു തെണ്ടുമ്പോള്‍, സര്‍ക്കാര്‍ ധൂര്‍ത്തടിക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കുന്നില്ലെന്ന കോടതിയുടെ നിരീക്ഷണം മറ്റൊരു പ്രഹരമായി. കോടതി അവര്‍ക്ക് തോന്നുന്നതു പറയുന്നുവെന്നായി പിണറായി. കോടതിവിധി എതിരാവുമ്പോള്‍ പാര്‍ട്ടി എന്നും അങ്ങിനെയാണ്. ട്വന്റി ഫോര്‍ ചാനലിലെ ഹാഷ്മിയോട് ഇറച്ചിയില്‍ മണ്ണാവുമെന്ന് സമനില തെറ്റിയ സൈബര്‍ സഖാക്കള്‍ ഭീഷണിപ്പെടുത്തിയ സാഹചര്യവും അതു തന്നെ. പറഞ്ഞുപറഞ്ഞ് പെന്‍ഷന്‍ അവകാശമല്ലെന്നു വരെയായി. പെന്‍ഷന്‍ ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നാണെടുത്തു കൊടുക്കുന്നത്. ഏ കെ ജി സെന്ററില്‍ നിന്നല്ല. അതു കൊണ്ടു തന്നെ അതാരുടെയും ഔദാര്യവുമല്ല . നവകേരളമുണ്ടാക്കാനിറങ്ങിത്തിരിച്ചവര്‍ ജനങ്ങളെ മാത്രമല്ല കോടതിയെയും മാദ്ധ്യമങ്ങളെയും തെരുവിലിറങ്ങി പരസ്യമായി വെല്ലുവിളിക്കുകയാണ് . പിണറായിയെ ഒന്നു വെളുപ്പിച്ചെടുക്കാന്‍ നോക്കിയതാണ്. ആകെപ്പാടെ വെളുക്കാന്‍ തേച്ചതു പാണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: