അങ്കമാലി: കരുവന്നൂര്‍ മാതൃകയില്‍ അങ്കമാലി അര്‍ബന്‍ സഹകരണ സംഘത്തിലും വെട്ടിപ്പ്. കരുവന്നൂരില്‍ സിപിഎം നേതാക്കളാണ് വെട്ടിപ്പിനു പിന്നിലെങ്കില്‍, അങ്കമാലിയില്‍ കോണ്‍ഗ്രസ് നേതാക്കളാണെന്നേയുള്ളൂ. 60 കോടി രൂപയുടെ തട്ടിപ്പാണ് പുറത്തു വന്നിരിക്കുന്നത്. വസ്തുവിന്റെ യഥാര്‍ത്ഥ മൂല്യത്തിന്റെ പല മടങ്ങു മതിപ്പുവില രേഖപ്പെടുത്തിയും വായ്പ കുടിശിക തീര്‍ക്കാന്‍ വീണ്ടും വായ്പ അനുവദിച്ചും വ്യാജ ആധാരങ്ങളുടെ ഈടിലുമാണ് പണം തട്ടിയിരിക്കുന്നത്. ഈടായി വാങ്ങരുതെന്ന് സഹകരണ രജിസ്ട്രാര്‍ നിര്‍ദേശിച്ച നിലവും ഈടായി വായ്പ അനുവദിച്ചു.
ബാങ്കിനു മുമ്പില്‍ നിക്ഷേപകര്‍ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. ബാങ്ക് പ്രസിഡന്റും ഐഎന്‍ടിയുസി സംസ്ഥാന ഭാരവാഹിയും മുന്‍ ബ്ലോക്ക് പ്രസിഡന്റുമായിരുന്ന പി.ടി. പോളും കോതമംഗലത്തെ വിവാദ വ്യവസായിയും ചേര്‍ന്നാണ് വ്യാജ ആധാരമുണ്ടാക്കി പണം തട്ടിയത്. വ്യവസായിക്ക് അങ്കമാലിയില്‍ ഷോപ്പിങ് കോംപ്ലക്സുണ്ട്. ചില ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍മാരും സമാന രീതിയില്‍ കോടികള്‍ അപഹരിച്ചു. ബാങ്ക് പ്രസിഡന്റായിരുന്ന പി.ടി. പോളിനെ ഒക്ടോ. ആറിന് ആലുവയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കൊലപാതകമാണെന്നും ആത്മഹത്യയാണെന്നുമുള്ള ഊഹാപോഹങ്ങള്‍ നിലനില്‍ക്കേയാണ് മരണം ഹൃദയ സ്തംഭനം മൂലമാണെന്ന റിപ്പോര്‍ട്ട് വന്നത്. മരണകാരണം ഹൃദയസ്തംഭനമാണെന്നു വരുത്തിത്തീര്‍ക്കാന്‍ ഒരു സംസ്ഥാന മന്ത്രി ഇടപെട്ടെന്ന ആരോപണം അന്നുയര്‍ന്നിരുന്നു. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം കിട്ടിയിട്ടില്ല. പോളിന്റെ മരണത്തോടെയാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്.
400 പേര്‍ക്ക് കുടിശ്ശിക തീര്‍ക്കാന്‍ നോട്ടീസ് കിട്ടി. ഇതില്‍ 108 പേര്‍ക്ക് ബാങ്ക് അക്കൗണ്ടുപോലുമില്ല. 20 വര്‍ഷം മുമ്പുണ്ടായ അപകടത്തില്‍ അരയ്ക്കു താഴെ തളര്‍ന്നു കിടപ്പിലായ പീച്ചാനിക്കാട് സ്വദേശി പ്രവീണ്‍ ഇത്തരത്തില്‍ നോട്ടീസ് ലഭിച്ചവരില്‍ ഒരാളാണ്. 25 ലക്ഷം രൂപ ഉടന്‍ തിരിച്ചടയ്ക്കണമെന്നാണ് നോട്ടീസില്‍. എന്നാല്‍, ഇദ്ദേഹത്തിനു ബാങ്കില്‍ അക്കൗണ്ടില്ല. സമാന രീതിയില്‍ അങ്കമാലി, പീച്ചാനിക്കാട്, പുളിയനം, മൂക്കന്നൂര്‍ ഭാഗങ്ങളിലെ നൂറിലേറെപ്പേര്‍ക്ക് ലക്ഷക്കണക്കിനു രൂപയുടെ വായ്പ തിരിച്ചടയ്ക്കാന്‍ നോട്ടീസ് കിട്ടിയിട്ടുണ്ട്.
നിക്ഷേപം പിന്‍വലിക്കാനെത്തുന്നവര്‍ക്ക് ദിവസം 5000 രൂപ വച്ചു നല്‍കാമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും രണ്ടാഴ്ചയായി അതുമില്ല. മലയാറ്റൂര്‍ സ്വദേശി ബാങ്കില്‍ കഴിഞ്ഞ ദിവസം ആത്മഹത്യാ ശ്രമം നടത്തി. 130 കോടി രൂപയാണ് ബാങ്കിന് ആസ്തി. ഏതാണ്ട് ഇത്ര തന്നെ തുക വ്യാജ വായ്പയിലൂടെ കോണ്‍ഗ്രസ് നേതാക്കള്‍ തട്ടിയെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: