എള്ളുമന്ദം: കടബാധ്യതയെത്തുടര്‍ന്ന് കേരളത്തില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. വയനാട് എള്ളുമന്ദം പള്ളിയറ കടുക്കാംതൊട്ടിയില്‍ കുര്യാക്കോസിന്റെ മകന് കെ.കെ. അനില്‍ (32) ആണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. ബുധനാഴ്ച രാത്രി തൂങ്ങിയ നിലയില്‍ കണ്ടെത്തിയ അനിലിനെ ഉടനെ വയനാട് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൃഷിനാശവും കടബാധ്യതയും മൂലം അനില്‍ അതീവ ദുഃഖിതനായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.
പശുവിനെ വാങ്ങാന്‍ കല്ലോടി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് ഒന്നര ലക്ഷത്തോളം രൂപ വായ്പയെടുത്തിരുന്നു. ഇവിടെ സ്വര്‍ണം പണയംവച്ച വകയില്‍ ഒന്നര ലക്ഷവും പിതാവിനെക്കൊണ്ട് ദ്വാരകയിലെ കനറാ ബാങ്കില്‍ നിന്നെടുത്ത ഒരു ലക്ഷത്തി അറുപതിനായിരവും അടക്കം അഞ്ചര ലക്ഷത്തിന്റെ ബാധ്യതയുണ്ടെന്ന് അടുത്ത ബന്ധുക്കള്‍ വ്യക്തമാക്കി. കഴിഞ്ഞ കൊല്ലം എള്ളുമന്ദത്ത് 4000 കരവാഴ കൃഷി ചെയ്തെങ്കിലും കൃഷി നാശം മൂലം നഷ്ടത്തിലായി. കൂടാതെ ഇക്കൊല്ലം മൂന്നേക്കര്‍ വയലിലെ നെല്ക്കൃഷിയിലും പ്രതീക്ഷിച്ച വിളവ് ലഭിച്ചില്ല. ഇക്കാരണങ്ങളാലാണ് അനില്‍ ആത്മഹത്യ ചെയ്തതെന്നു ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു. മോളിയാണ് അമ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: