കൂത്താട്ടുകുളം: പൈപ്പിലൂടെ കുടിവെള്ളമെത്തിക്കുന്ന കേന്ദ്രത്തിന്റെ ജനപ്രിയ പദ്ധതിയായ ജല്‍ ജീവന് മിഷന് സംസ്ഥാനത്ത് ഒച്ചിഴയും വേഗത്തില്‍. കേരള വാട്ടര്‍ അതോറിറ്റി, കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സാനിറ്റേഷന്‍ ഏജന്‍സി, ഗ്രൗണ്ട് വാട്ടര്‍ വകുപ്പ് എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കേണ്ടത്. ഇതില്‍ ഒരു ലക്ഷത്തോളം കണക്ഷന് കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സാനിറ്റേഷന്‍ ഏജന്‍സിയും 50,000ല്‍ താഴെ ഗ്രൗണ്ട് വാട്ടര്‍ വകുപ്പുമാണ് നല്‍കുന്നത്. ബാക്കി മുഴുവനും കേരള വാട്ടര്‍ അതോറിറ്റി കൊടുക്കണം.
സംസ്ഥാനത്തെ 941 പഞ്ചായത്തില്‍ 85ലേ പദ്ധതി പൂര്‍ത്തിയായുള്ളൂ. ബാക്കിയുള്ളവ ശരാശരി 30 ശതമാനം പൂര്‍ത്തിയായി.
സംസ്ഥാനത്ത് 5,34,887 വീടുകളില്‍ പൈപ്പ് ലൈനെത്തിച്ചെന്നാണ് ഉദ്യോഗസ്ഥരുടെ കണക്ക്. എന്നാല്‍, കണക്ഷന് കമ്മിഷന് ചെയ്ത് വെള്ളമെത്തിച്ചവ ഇതില്‍ പകുതി പോലുമില്ല. ഇടതു യൂണിയനുകളിലെ ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്നു പദ്ധതി വൈകിപ്പിക്കുന്നെന്ന് ശക്തമായ ആക്ഷേപമുണ്ട്.
പദ്ധതി പ്രകാരം പുതിയ പൈപ്പ് വിന്യസിക്കണം, സ്ഥലമേറ്റെടുക്കണം, ടാങ്ക്, പമ്പ് ഹൗസ് എന്നിവ നിര്‍മിക്കണം. സ്ഥലമേറ്റെടുക്കുന്നതു സംബന്ധിച്ച തര്‍ക്കം, നിര്‍മാണ സാമഗ്രികളുടെ ക്ഷാമം എന്നിവയാണ് പദ്ധതി ഇഴയലിന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍. എന്നാല്‍, ഇതു സത്യമല്ലെന്നും കേന്ദ്രപദ്ധതിയായതുകൊണ്ടുള്ള ഉദാസീനതയാണെന്നുമാണ് മറ്റ് ഉദ്യോഗസ്ഥരില്‍ നിന്ന് അറിയുന്നത്.
കേരളത്തിലെ ഒന്‍പതു നഗരങ്ങളില്‍ ജല വിതരണത്തിന് അടല്‍ മിഷന് ഫോര്‍ റിജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്ഫോമേഷന്‍ (അമൃത്) പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും അമൃത് പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. 168 ജല വിതരണ പദ്ധതികള്‍ നടക്കുന്നുണ്ട്. ഇതും മെല്ലെപ്പോക്കിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: