മൂന്നാര്‍: ദേശീയപാത 85ന്റെ ഭാഗമായ മൂന്നാര്‍-ബോഡിമെട്ട് റോഡ് കേന്ദ്രപദ്ധതിയാണെന്ന് ഒടുവില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും സമ്മതിച്ചു. ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പനെ പിടികൂടി ലോറിയില്‍ കൊണ്ടുപോയതോടെ വാര്‍ത്തകളില്‍ നിറഞ്ഞതാണ് ബോഡിമെട്ട് റോഡ്.
സാമൂഹ്യ മാധ്യമങ്ങളില്‍ മനോഹരമായ റോഡിന്റെ ചിത്രങ്ങളും വര്‍ണനകളും നിറഞ്ഞപ്പോള്‍ ഇത് സംസ്ഥാനം നിര്‍മിച്ചതാണെന്നാണ് സര്‍ക്കാര്‍ വാദിച്ചിരുന്നത്. കേന്ദ്ര പദ്ധതിയില്‍പ്പെടുത്തി നിര്‍മിച്ച റോഡ് സ്വന്തം പേരിലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു.
ഈ റോഡിന്റെ ഉദ്ഘാടനം ഇന്ന് നടക്കാനിരിക്കെയാണ് പദ്ധതി കേന്ദ്രത്തിന്റേതാണെന്ന് സമ്മതിച്ചുള്ള മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. സംസ്ഥാനത്തിന്റെ നിര്‍ദേശം അംഗീകരിച്ച് പോസിറ്റീവായ സമീപനം കൈക്കൊണ്ട കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
2017ല്‍ ആണ് ദേശീയ പാത അതോറിറ്റി മൂന്നാര്‍ ബോഡിമെട്ട് റോഡിന്റെ വീതികൂട്ടിയുള്ള നിര്‍മാണം ആരംഭിച്ചത്. 300 കോടിയാണ് ചെലവ്. ശരാശരി 12 മീറ്റര്‍ വീതിയില്‍ 42.78 കി.മീ. റോഡാണ്. ബസ് സ്റ്റോപ്പ്, യാത്രക്കാര്‍ക്ക് വാഹനം നിര്‍ത്തി കാഴ്ച കാണാനുള്ള സൗകര്യം ഉള്‍പ്പെടെ എല്ലാം ഇവിടെയുണ്ട്. നാലുവരി പാതയുടെ വലിപ്പത്തിലുള്ള റോഡ് ഹൈറേഞ്ച് നിവാസികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഒരത്ഭുമായി മാറാന്‍ അധിക സമയം വേണ്ടിവന്നില്ല.
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഓണ്‍ലൈനായാണ് റോഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക. ഇതിനൊപ്പം ചെറുതോണി പാലവും ഉദ്ഘാടനം ചെയ്യും. അടിമാലി- കുമളി ദേശീയപാത (എന്‍എച്ച് 185) ഭാഗമാണ് 25 കോടിയുടെ പാലം. മൂന്നാറില്‍ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് പങ്കെടുക്കുന്ന യോഗവും ഇതോട് അനുബന്ധിച്ച് ചേരുന്നുണ്ട്. ചെറുതോണി പാലത്തിലും പ്രത്യേക പരിപാടി നടക്കും. രണ്ടിടത്തെയും ടിവി സ്ക്രീനില്‍ ഉദ്ഘാടനം തത്സമയം പ്രക്ഷേപണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: