ഇടുക്കി: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാര്‍- ബോഡിമെട്ട് പാതയില്‍ വന്യമൃഗങ്ങളുടെ സുരക്ഷിത സഞ്ചാരം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് തയാറാക്കിയ മേല്‍പാലം പദ്ധതി കടലാസിലൊതുങ്ങുന്നു.
പൂപ്പാറ മുതല്‍ മൂന്നാര്‍ വരെയുള്ള പാതയിലെ ആനയുള്‍പ്പടെയുള്ള മൃഗങ്ങളുടെ സാന്നിധ്യം വിനോദ സഞ്ചാരികള്‍ക്ക് കടുത്ത ഭീഷണിയായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പടയപ്പയെന്ന കൊമ്പന്‍ ദേവികുളത്തിന് സമീപം വാഹനങ്ങള്‍ക്ക് നേരെ പാഞ്ഞടുത്തിരുന്നു.
പാതയിലെ പൂപ്പാറ മുതല്‍ ദേവികുളം വരെയുള്ള ഭാഗങ്ങളില്‍ വന്യമൃഗപാലങ്ങളും റാമ്പുകളും വെളിച്ച സംവിധാനവും ഉള്‍പ്പടെയുള്ളവ ഒരുക്കാന്‍ ദേശീയപാത അതോറിറ്റി 2022-ല്‍ വനംവകുപ്പിന് 6.96 കോടി രൂപ കൈമാറിയിരുന്നു. ശാന്തമ്പാറയിലെ ആനത്താരയിലാണ് പ്രധാനമായും പാലങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ടത്.
തങ്ങള്‍ പണം കൈമാറിയിട്ട് വര്‍ഷങ്ങളായിട്ടും തുടര്‍ നടപടി സ്വീകരിക്കാന്‍ വനംവകുപ്പ് തയാറാകുന്നില്ലെന്നാണ് ദേശീയപാത അധികൃതരുടെ വിഷയത്തിലുള്ള വാദം.
അതേസമയം പദ്ധതിയുമായി ബന്ധപ്പെട്ട് ദേശീയപാതാ അധികൃതരില്‍ നിന്ന് ലഭിക്കേണ്ട രണ്ടാം ഘട്ട അനുമതി ലഭിക്കാത്താണ് പദ്ധതി വൈകാന്‍ കാരണമെന്നും രണ്ട് വര്‍ഷമായിട്ടും ദേശീയപാത അധികൃതര്‍ ഇത് നല്കുന്നില്ലെന്നും വനംവകുപ്പ് പറയുന്നു.
ദേശീയ പാതയിലെ വാഹന സാന്നിധ്യം ആനയും കാട്ടുപോത്തും ഉള്‍പ്പെടെയുള്ള വന്യ മൃഗങ്ങളുടെ ജീവനും ഭീഷണിയാണ്. കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ പൂപ്പാറയ്‌ക്കു സമീപം ചൂണ്ടലില്‍ വച്ച് ചക്കക്കൊമ്പനെ രാത്രിയില്‍ കാര്‍ ഇടിച്ചിരുന്നു. ദേശീയ പാതയുടെ പൂപ്പാറ മുതല്‍ ദേവികുളം വരെയുള്ള ഭാഗം വന്യമൃഗങ്ങളുടെ നിരന്തര സാന്നിധ്യമുള്ള മേഖലയാണ്.
മൃഗപാലം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിക്ക് നിവേദനം നല്‍കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ എം.എന്‍. ജയചന്ദ്രന്‍ പറഞ്ഞു. വെള്ളിയാഴ്ചയാണ് കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരി പുതുക്കിപ്പണിത പാത മൂന്നാറില്‍ ഉദ്ഘാടനം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: