കൊച്ചി: വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി അര്ജുന് സുന്ദറിനെ വിചാരണക്കോടതി വെറുതേ വിട്ടതിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി അര്ജുന് സുന്ദറിന് നോട്ടീസ് നല്കാന് നിര്‍ദേശിച്ചു. ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍, ജസ്റ്റിസ് ജോണ്സണ് ജോണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് അപ്പീല്‍ 29നു പരിഗണിക്കാന്‍ മാറ്റി.
കേസിലെ വസ്തുതകളും തെളിവുകളും വിലയിരുത്തുന്നതില്‍ കോടതിക്ക് പിഴവു സംഭവിച്ചെന്നും ശാസ്ത്രീയമായ തെളിവുകള്‍ കോടതി വിലയിരുത്തിയില്ലെന്നും അപ്പീലില്‍ സര്‍ക്കാര്‍ ആരോപിക്കുന്നു. മൂന്നു വയസുമുതല്‍ കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നും പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നുമാണ് അപ്പീലില്‍ സര്‍ക്കാരിന്റെ വാദം.
2021ന് ജൂണ്‍ 30നാണ് ആറുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം സ്വദേശി അര്ജുന് സുന്ദറിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതി ഇയാളെ കുറ്റവിമുക്തനാക്കി. തെളിവു ശേഖരണത്തിലടക്കം കേസന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാണ് വിചാരണക്കോടതി പ്രതിയെ വെറുതേ വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: