ഭഗവാനേ, സ്ഥിതപ്രജ്ഞന് എങ്ങനെ ഇരിക്കുന്നു? (കൃഷ്ണാര്‍ജുന സംവാദത്തില്‍ അര്ജുനന് ഭഗവാന് കൃഷണനോട് ചോദിക്കുന്നത്.)
ഒരു ആമ തന്റെ നാല് കാലുകളും കഴുത്തും വാലും ഒരുമിച്ച് ഉള്‍വലിക്കുന്നതുപോലെ, ഒരു കര്‍മ്മയോഗി തന്റെ എല്ലാ ഇന്ദ്രിയങ്ങളെയും മനസ്സിനെയും അതത് വസ്തുക്കളില്‍ നിന്ന് പിന്‍വലിക്കുന്ന നിമിഷം അവന്റെ ബുദ്ധി സ്ഥിരത കൈവരിക്കുന്നു.
ഇന്ദ്രിയങ്ങളെ നിവര്‍ത്തിക്കുന്നത് എങ്ങനെ മനസ്സിലാക്കാം?
ഒരുവന് ഇന്ദ്രിയങ്ങളാല്‍ വിഷയങ്ങളെ അനുഭവിക്കാതിരിക്കുമ്പോള്‍ വിഷയങ്ങള്‍ മാത്രമേ നിവര്ത്തിക്കുന്നുള്ളൂ; അവയിലുള്ള ആശ വിട്ടു പോകുന്നില്ല. എന്നാല്‍ പരമാത്മാവിനെ സാക്ഷാത്കരിക്കുമ്പോള്‍ സ്ഥിതപ്രജ്ഞനാകട്ടെ, ഈ ആശ തന്നെയും അറ്റുപോകുന്നു.
ആശ ഉണ്ടായാല്‍ എന്താണ് കുഴപ്പം?
ഹേ കുന്തിനന്ദനാ! ആശ നിലനിന്നാല്‍ പ്രയത്നം ചെയ്തുകൊണ്ടിരിക്കുന്നവനും വിവേകിയുമായ മനുഷ്യന്റെ മനസ്സിനെപ്പോലും, തട്ടിയെടുക്കല്‍ ശീലമാക്കിയ ഇന്ദ്രിയങ്ങള്‍ ബലാല്ക്കാരേണ വലിച്ചുകൊണ്ടുപോകുന്നു.
ഈ ആശ കളയാന്‍ എന്താണ് ചെയ്യേണ്ടത്, ഭഗവാനേ?
അതിനായി, സാധകന് ഇന്ദ്രിയങ്ങളെയെല്ലാം സ്വാധീനമാക്കി, മനസ്സിനെയടക്കി, തന്മയീഭാവത്തോടെ എന്നെ ധ്യാനിക്കണം. കാരണം, ഇന്ദ്രിയങ്ങളെയെല്ലാം കീഴടക്കിയവന്റെ ബുദ്ധിയേ സ്ഥിരമായി നില്ക്കുകയുള്ളൂ.
അങ്ങയില്‍ ഭക്തിയില്ലെങ്കില്‍ എന്ത് സംഭവിക്കും?
എന്നില്‍ ഭക്തിയില്ലാത്തതിനാല്, ഒരുവന് വിഷയങ്ങളെ (സുഖങ്ങളെ) കുറിച്ച് ചിന്തിക്കും.
വിഷയങ്ങളെക്കുറിച്ച് ചിന്തിച്ചാല്‍ എന്ത് സംഭവിക്കും?
മനുഷ്യന് അത്തരത്തിലുള്ള വിഷയങ്ങളില്‍ ആസക്തിയുണ്ടാകും.
ആസക്തി ഉണ്ടായാല്‍ എന്ത് സംഭവിക്കും?
ആ വിഷയങ്ങളെ (സുഖങ്ങളെ) നേടാനുള്ള ആഗ്രഹം ഉദിക്കും.
ആഗ്രഹങ്ങള്‍ ഉണ്ടായാല്‍ എന്ത് സംഭവിക്കും?
ആഗ്രഹസാഫല്യം തടസ്സപ്പെട്ടാല്‍ കോപം ഉടലെടുക്കും.
ദേഷ്യം വന്നാല്‍ എന്ത് സംഭവിക്കും?
കോപത്തിന്റെ വരവ് മൗഢ്യത്തിന് കാരണമാകും, അതായത്, വിഡ്ഢിത്തം കീഴടക്കും.
മൂഢത നിലനിന്നാല്‍ എന്ത് സംഭവിക്കും?
‘ഞാന്‍ ഒരു സാധകനാണ്, അതിനാല്‍ ഞാന്‍ ഇങ്ങനെ പെരുമാറണം, ഞാന്‍ ഇങ്ങനെ സംസാരിക്കണം’ എന്നൊക്കെ നേരത്തെ കരുതിയിരുന്ന ചിന്തകളുടെ ഓര്‍മ്മ നശിച്ചുപോകും, അതായത് ഓര്‍മ്മയുണ്ടാവില്ല.
ഓര്‍മ്മ നശിച്ചാല്‍ എന്ത് സംഭവിക്കും?
ബുദ്ധി (ചിന്തിക്കാനുള്ള ശക്തി) നശിപ്പിക്കപ്പെടും, അതായത്, ഈ സമയത്ത് ഞാന്‍ എന്താണ് ചെയ്യേണ്ടതെന്നും എന്താണ് ചെയ്യാന്‍ പാടില്ലാത്തതെന്നും വിവേചിച്ചറിയാനുള്ള ശക്തി ഇല്ലാതാക്കപ്പെടും.
ബുദ്ധി നശിച്ചാല്‍ എന്ത് സംഭവിക്കും?
ആ മനുഷ്യന് സര്‍വ്വനാശം സംഭവിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: