ഭക്തിക്കൊപ്പം ഹൃദയത്തില്‍ കണ്ണീരും നിറയ്‌ക്കുന്ന ചില ഭക്തിഗാനങ്ങളുണ്ട്. കണ്ണുനിറയാതെ ആ പാട്ടു കേട്ടുതീരില്ല. കണ്ണാ… കാര്‍മുകില്‍ വര്‍ണാ നിന്നെ, കാണാത്ത കണ്‍കളുണ്ടോ… എന്ന സിനിമാഗാനം(1979) അങ്ങനെയൊന്നാണ്. ഓരോ കേള്‍വിയും ഹൃദയത്തെ കഴുകിത്തുടച്ചു നിര്‍മലമാക്കും. ശ്രീകുമാരന്‍ തമ്പി എഴുതി പി. സുശീല പാടിയ ഈ ഗാനത്തിന്റെ പിറവിക്കു പിന്നില്‍ സാമാന്യമല്ലാത്ത ചിലതുണ്ട്.
തമിഴ് സിനിമയായ ‘നാനും ഒരു പെണ്‍’ (1963) മലയാളത്തില്‍ നിര്‍മിച്ചത് ‘ഹൃദയത്തിന്റെ നിറങ്ങള്‍’ എന്ന പേരിലായിരുന്നു. ഗാനരചന ശ്രീകുമാരന്‍ തമ്പിയെയും സംഗീതസംവിധാനം ദേവരാജനെയും ഏല്‍പിച്ച ശേഷം നിര്‍മാതാവ് പി. സുബ്രഹ്മണ്യം ഒരു നിര്‍ദേശം വയ്‌ക്കുന്നു. ‘നിങ്ങള്‍ക്ക് ഇഷ്ടമുള്ള പാട്ടു സൃഷ്ടിക്കാം. പക്ഷേ, തമിഴ് സിനിമയിലെ ‘കണ്ണാ കരുമൈ നിറ കണ്ണാ..’ എന്ന പാട്ടു മാത്രം മാറ്റരുത്. അതിന്റെ ഈണവും അര്‍ഥവും അതേപടി നിലനിര്‍ത്തി മലയാളത്തിലേക്കു മാറ്റിയാല്‍ മതി.’
ദേവരാജന്‍ ആദ്യം വഴങ്ങിയില്ല. സുബ്രഹ്മണ്യം നിലപാട് മാറ്റിയുമില്ല. ഒടുവില്‍, ആ പാട്ടിന്റെ റിക്കോര്‍ഡിങ് താന്‍ ചെയ്യില്ല എന്ന വ്യവസ്ഥയോടെ ദേവരാജന്‍ വഴങ്ങി. തമിഴില്‍, ആ പാട്ടിനു സംഗീതം നല്‍കിയ ആര്‍.സുദര്‍ശനത്തെത്തന്നെ വിളിച്ചു. അങ്ങനെ, സംഗീതസംവിധാനത്തില്‍ ദേവരാജന്റെയും സുദര്‍ശനത്തിന്റെയും പേരുമായി സിനിമ ഇറങ്ങി. പടം അത്ര വിജയമായില്ലെങ്കിലും പാട്ട് സൂപ്പര്‍ ഹിറ്റായി.
കറുത്തവളായിപ്പോയതുകൊണ്ട് നിരന്തരം പരിഹാസവും അവഗണനയും നേരിടേണ്ടിവന്ന ഒരു കൃഷ്ണഭക്തയുടെ കഥയാണു സിനിമ.
ഈ പെണ്‍കുട്ടി, കറുത്തദൈവമായ കൃഷ്ണനോട് തന്റെ സങ്കടം പറഞ്ഞു കരഞ്ഞുപാടുന്നതാണു കഥാസന്ദര്‍ഭം. (തമിഴില്‍ വിജയകുമാരിയും മലയാളത്തില്‍ ജയപ്രഭയും അഭിനയിച്ചു.) മനോഹരമായിത്തന്നെ ശ്രീകുമാരന്‍ തമ്പി ആ പ്രാര്‍ഥന മലയാളത്തില്‍ പുനരാവിഷ്‌കരിച്ചു. അതുകൊണ്ട്, നെഞ്ചുലയ്‌ക്കുന്നൊരു ഭക്തിഗാനം നമുക്കു ലഭിച്ചു. പി. സുശീല കരഞ്ഞുകൊണ്ടതു പാടി.
‘ഹൃദയത്തിലൊളിദീപം കൊളുത്തുന്ന നീ
എന്റെ തനുവില്‍ നിന്‍ നിറം കോരിച്ചൊരിഞ്ഞില്ലയോ?
നിന്‍മുന്നില്‍ ഭക്തര്‍തന്‍ പുഷ്പാഞ്ജലി,
എന്‍ കണ്ണിലെന്നെന്നും ബാഷ്പാഞ്ജലി’
ശ്രീകുമാരന്‍ തമ്പി പറയുന്നു. ‘പാട്ടിന്റെ വന്‍ വിജയത്തിന്റെ മുഴുവന്‍ അംഗീകാരവും ഞാന്‍ സുദര്‍ശനത്തിന്റെ സംഗീതത്തിനു നല്‍കുന്നു. ഹൃദയസ്പര്‍ശിയായ ആ ഈണമാണ് എന്നെക്കൊണ്ട് ആ വരികള്‍ എഴുതിച്ചത്.’ശരിയാണ,് ഹൃദയമുരുക്കുന്ന ഈണമാണത്. വെറുതെയല്ല ഇന്നും തമിഴ്‌നാട്ടിലെ ഒന്നാംകിട ഭക്തിഗാനങ്ങളുടെ പട്ടികയില്‍ ‘കണ്ണാ കരുമൈ നിറ വര്‍ണാ…’സ്ഥാനം പിടിക്കുന്നത്.
ഇത്ര മനോഹരമായ ഈണം സൃഷ്ടിച്ച സുദര്‍ശനം ആരാണ്? ഇന്നത്തെ തലമുറ ഏതാണ്ട് പൂര്‍ണമായി വിസ്മരിച്ചുപോയ അദ്ദേഹത്തിന്റെ ഒരു നല്ല ഫോട്ടോ പോലും ലഭ്യമല്ല. ഒരു നൂറ്റാണ്ട് മുന്‍പ് 1914ല്‍ ആണു ജനനം. 1991 ഏപ്രില്‍ 26ന് അന്തരിച്ചു. ചെന്നൈയിലെ ആദ്യ സമ്പൂര്‍ണ സിനിമാ സ്റ്റുഡിയോ ആയ എവിഎമ്മിലെ സ്റ്റാഫ് സംഗീത സംവിധായകന്‍ ആയിരുന്നു.
പില്‍ക്കാലത്തു പ്രശസ്ത സംഗീതസംവിധായകന്‍ ടി.കെ രാമമൂര്‍ത്തി (വിശ്വനാഥന്‍ രാമമൂര്‍ത്തി) സുദര്‍ശന്റെ വയലിനിസ്റ്റ് ആയിരുന്നു.
1967ല്‍ വയലാര്‍ രാമവര്‍മ ഗാനരചന നടത്തിയ ‘കുടുംബം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ മലയാള പ്രവേശം. തിരിച്ചടി (1968) എന്നൊരു ചിത്രത്തിനും സംഗീതം നല്‍കി. പക്ഷേ, മലയാളമുള്ളിടത്തോളം സുദര്‍ശനത്തിന്റെ ഓര്‍മ നിലനില്‍ക്കുന്നത് ‘കണ്ണാ കാര്‍മുകില്‍ വര്‍ണാ…’ എന്ന ഗാനത്തിന്റെ ശില്‍പി എന്ന നിലയിലാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: