ന്യൂദല്‍ഹി: തങ്ങള്‍ക്ക് അനുകൂലവിധി വന്നാല്‍ സുപ്രീംകോടതിയക്ക് വലിയ പ്രശംസ ചൊരിയുന്ന സിപിഎം ഇപ്പോള്‍ അദാനിയ്‌ക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ച സുപ്രീംകോടതിയെ പഴിക്കുകയാണ്. അദാനിക്കേസിൽ നിഷ്‌പക്ഷ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളിയ സുപ്രീംകോടതി വിധി പല കാരണങ്ങളാൽ നിരാശാജനകവും ദൗർഭാഗ്യകരവുമാണെന്നാണ് സി പി എം പൊളിറ്റ് ബ്യൂറോ പ്രസ്താവിക്കുന്നത്.
എന്തായാലും ഇടത്-കോണ്‍ഗ്രസ് ക്യാമ്പുകള്‍ വളര്‍ത്തിയ ചില അഭിഭാഷകരുടെ വാദങ്ങളൊന്നും തെളിവില്ലാത്തതിനാല്‍ സുപ്രിംകോടതി നിഷ്കരുണം തള്ളുകയാണ്. അഭിഷേക് മനു സിംഗ്വി, കപില്‍ സിബല്‍, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയ ഇടത് -കോണ്‍ഗ്രസ് അഭിഭാഷകര്‍ക്ക് തുടര്‍ച്ചയായി സുപ്രീംകോടതിയില്‍ തിരിച്ചടി നേരിടുകയാണ്.
ഇതിന് കാരണം വേണ്ടത്ര തെളിവില്ലാതെ, വെറും രാഷ്‌ട്രീയലാക്ക് മാത്രം വെച്ച് വാദിക്കുന്നതിനാലാണ്. അതുതന്നെയാണ് അദാനിക്കേസിലും സംഭവിച്ചത്. വിദേശപത്രങ്ങളില്‍ അദാനിയ്‌ക്കെതിരായി വന്ന ചില ആരോപണങ്ങളും ജോര്‍ജ്ജ് സോറോസ് എന്ന ശതകോടീശ്വരന്‍ ഫണ്ട് ചെയ്യുന്ന ഒസിസിആര്‍പി എന്ന മോദി വിരുദ്ധ സംഘടനയുടെ റിപ്പോര്‍ട്ടും വേണ്ടത്ര തെളിവില്ലാത്തതിനാല്‍ സുപ്രീംകോടതി തള്ളിക്കളയുകയായിരുന്നു. അദാനിയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ച ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടും ഒസിസിആര്‍പി (ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍റ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രൊജക്ട്) റിപ്പോര്‍ട്ടും വേദപുസ്തകം പോലെ കണക്കാക്കാനാവില്ലെന്നായിരുന്നു പ്രശാന്ത് ഭൂഷണോട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞത്.
നിയമപരമായി അധികാരമുള്ള ഏജൻസിയായ സെബി അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങൾ ത്വരിതഗതിയിൽ അന്വേഷിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്ന് സി പി എം പിബി ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ സെബി അദാനിയ്‌ക്കെതിരായ ആരോപണങ്ങളില്‍ ഇതുവരെ നടത്തിയ അന്വേഷണങ്ങളെ വിധിയില്‍ ഉയര്‍ത്തിപ്പിടിക്കുകയാണ് സുപ്രീംകോടതി ചെയ്തത്.
അദാനിയ്‌ക്കെതിരായ പരാതികളുടെ മേൽ സെബി നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കാതെ സെബിയുടെ നിഷേധം കോടതി മുഖവിലയ്‌ക്ക് എടുത്തത് അത്ഭുതകരമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ പറയുന്നു. എന്നാല്‍ അദാനിയ്‌ക്കെതിരായ പരാതികളില്‍ ഇവര്‍ ആവര്‍ത്തിക്കുന്നത് ഒസിസിആര്‍പി, ഹിന്‍ഡന്‍ബര്‍ഗ് എന്നിവര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ മാത്രമാണ്. ആരോപണങ്ങളല്ലാതെ വേണ്ടത്രെ തെളിവില്ലാതെ ഈ ആരോപണങ്ങള്‍ മുഖവിലയ്‌ക്കെടുക്കാന്‍ കഴിയെല്ലന്നതായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. പിന്നെയും എങ്ങിനെയാണ് സിപിഎം പൊളിറ്റ് ബ്യൂറോയ്‌ക്ക് സുപ്രീംകോടതി വിധിയെ വിമര്‍ശിക്കാനാവുന്നതെന്നറിയില്ല.
മൂന്നാമതായി, ഹിൻഡൻബർഗ് വെളിപ്പെടുത്തലുകളിൽ ‘ചട്ട ലംഘനം’ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കാനും അതിന്മേൽ നടപടി എടുക്കാനും കേന്ദ്രസർക്കാരിന് സുപീംകോടതി അനുമതി നൽകിയതാണ് സിപിഎം പൊളിറ്റ് ബ്യൂറോയെ ഭയപ്പെടുത്തുന്നത്. ഇപ്പോഴേ ന്യൂസ് ക്ലിക്ക് എന്ന ഓണ്‍ലൈന്‍ മാധ്യമം ചൈനീസ് ചാരന്റെ കയ്യില്‍ നിന്നും കോടികള്‍ വാങ്ങിയ സംഭവത്തില്‍ സിപിഎമ്മിന്റെ ചില സമുന്നതനേതാക്കള്‍ക്കും പങ്കുണ്ടെന്ന ആരോപണം ഉയരുന്നുണ്ട്. ഇത് സംബന്ധിച്ച് വ്യക്തത ഇനിയും വരാനുണ്ട്. അതിനിടയിലാണ് ബൂമറാങ് പോലെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് സിപിഎമ്മിനെയും മോദീ വിമര്‍ശകരായ പത്രപ്രവര്‍ത്തകര്‍ക്കും തലവേദനയായി വന്നുകൊള്ളുന്നത്. സുപീംകോടതി നിര്‍ദേശമനുസരിച്ച് ഹിൻഡൻബർഗ് റിപ്പോർട്ട് പ്രസിദ്ധീകരിച്ച മാധ്യമങ്ങളെയെല്ലാം ചോദ്യം ചെയ്യാനുള്ള അധികാരവും കേന്ദ്രത്തിന് കിട്ടിയിരിക്കുകയാണ്. ഹിന്‍ഡന്‍ബര‍്ഗ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് അറിയേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: