മറക്കാനാവില്ല ആ ദിനങ്ങള്‍.. കണ്മുന്നില് വെടിയേറ്റ് പിടഞ്ഞുവീഴുമ്പോഴും ജയ്ശ്രീറാം മുഴക്കുന്ന കര്‍സേവകര്‍… പോലീസ് അക്രമത്തില്‍ തലപൊട്ടി ചോരയൊലിക്കുമ്പോഴും പ്രതിഷേധമാര്‍ച്ച് നയിച്ച അശോക് സിംഘല്‍ജി… വിശ്വംപാപ്പയും എ. ഗോപാലകൃഷ്ണേട്ടനുമൊത്തുള്ള യാത്ര… ചരിത്രം അയോദ്ധ്യയില്‍ രാമനെ പ്രതിഷ്ഠിക്കുമ്പോള്‍ ഐതിഹാസികമായ ആ പോരാട്ടത്തില്‍ പങ്കാളിയാകാന്‍ ലഭിച്ച ഭാഗ്യം വാക്കുകളിലെങ്ങനെ വിവരിക്കും…
കേരളത്തില്‍ നിന്നെത്തുന്ന കര്‍സേവകരെ സംയോജിപ്പിക്കുകയായിരുന്നു ദൗത്യം. എറണാകുളത്ത് വിഭാഗ് പ്രചാരകനായിരുന്ന എ. ഗോപാലകൃഷ്ണനും വിശ്വഹിന്ദുപരിഷത്ത് സഹസംഘടനാ കാര്യദര്‍ശിയായിരുന്ന വി.കെ.വിശ്വനാഥനും (വിശ്വംപാപ്പ) ഒപ്പമാണ് അയോദ്ധ്യയിലേക്ക് പോയത്. അവിടെയെത്തി ആദ്യം സത്രത്തില്‍ മുറിയെടുത്തു. ടാറ്റ കമ്പനിയിലെ ജീവനക്കാര്‍ എന്ന വ്യാജേന തര്‍ക്കമന്ദിരത്തിലെ ശ്രീരാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കര്‍സേവ തടയാന്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. സംശയമുള്ളവരെയെല്ലാം അറസ്റ്റുചെയ്യും. വേഷംമാറി സൈക്കിള്‍ റിക്ഷയില്‍ അയോദ്ധ്യയില്‍ നിന്ന് എട്ടുകിലോമീറ്റര്‍ അകലെയുള്ള നര്യാമയിലേക്ക്. ഒരു റിട്ട. എസ്ഐയുടെ വീട്ടിലായിരുന്നു താമസം. പിറ്റേന്ന് വിഭാഗ് പ്രചാരക് ശേഷാദ്രിജി എത്തി. ചുരുങ്ങിയ വാക്കുകളില്‍ മാര്‍ഗനിര്‍ദ്ദേശം. എ. ഗോപാലകൃഷ്ണനും വിശ്വംപാപ്പയും ഉള്‍പ്പെടെ എല്ലാവരും അവരവര്‍ക്ക് നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിലേക്ക് പോയി. ഇതിനിടെ അയോദ്ധ്യയിലേക്ക് പോകാനുള്ള ഊടുവഴികള്‍ സൈക്കിളില്‍ സഞ്ചരിച്ച് മനസിലാക്കി.
ഗ്രാമവാസികള്‍ സ്നേഹത്തോടെയും ആദരവോടെയുമാണ് കണ്ടത്. അവര്‍ ഒരുദിവസം മാര്‍ക്കറ്റ് കാണിക്കാന്‍ കൊണ്ടുപോയി. വിവരം മണത്തറിഞ്ഞ പോലീസ് മാര്‍ക്കറ്റ് വളഞ്ഞു. അവിടെ നിന്ന് രക്ഷപ്പെട്ടു. മറ്റൊരുദിവസം താമസിക്കുന്ന വീട്ടില്‍ റെയ്ഡ് ഉണ്ടാകുമെന്നായിരുന്നു വിവരം. വീട്ടിലെ സ്ത്രീകള്‍ മാത്രം ഉപയോഗിക്കുന്ന മുറിയിലേക്ക് അന്ന് രാത്രി മാറ്റി. പ്രതീക്ഷിച്ചതു പോലെ പരിശോധനയുണ്ടായി. എന്നാല്‍ സ്ത്രീകളുടെ മുറി പരിശോധിച്ചില്ല. തുടര്‍ന്ന് രാമദൗത്യം പൂര്‍ത്തിയാക്കുന്നതുവരെ ആ മുറിയാണ് ഉപയോഗിച്ചത്. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ വിശ്വംപാപ്പയുടെ സാന്നിധ്യം മനസിലാക്കിയ പോലീസ് ആ ഗ്രാമവും വളഞ്ഞു. അദ്ദേഹവും തന്ത്രപരമായി രക്ഷപ്പെട്ടെത്തി എ. ഗോപാലകൃഷ്ണനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു.
കേരളത്തില്‍ നിന്നെത്തുന്ന കര്‍സേവകര്‍ക്ക് താമസിക്കാന്‍ നര്യാമയിലെ വലിയൊരു മാവിന്‍തോട്ടമായിരുന്നു നിശ്ചയിച്ചിരുന്നത്. പക്ഷേ അവര്‍ ഝാന്‍സിയില്‍ അറസ്റ്റിലായെന്ന സന്ദേശം ലഭിച്ചു. ഏതുവിധേനയും കര്സേവയ്ക്കെത്തണമെന്ന നിശ്ചയമായിരുന്നു പിന്നെ മനസില്‍. ആ ദിവസം എത്തി. നാട്ടുകാരായ നൂറ്റമ്പതോളം രാമഭക്തരുമായി യാത്ര തിരിച്ചു. തര്‍ക്കമന്ദിരത്തിന് 50 മീറ്റര്‍ മാത്രം അകലെയെത്തിയപ്പോള്‍ പോലീസ് ക്രൂരമര്‍ദ്ദനം അഴിച്ചുവിട്ടു. അതിനിടയില്‍ തര്‍ക്കമന്ദിരത്തിന് മുകളില്‍ കോത്താരി സഹോദരന്മാരുടെ നേതൃത്വത്തില്‍ നിശ്ചിത മുഹൂര്‍ത്തത്തില്‍ത്തന്നെ കാവിക്കൊടി പാറിപ്പിച്ചിരുന്നു. എവിടെയൊക്കെയോ വെടിയൊച്ച. ഉന്തുവണ്ടിയില്‍ മൃതശരീരങ്ങള്‍ വലിച്ചുകൊണ്ടുവരുന്ന കാഴ്ച… പ്രതിഷേധം… തലപൊട്ടി ചോര ഒലിക്കുന്ന നിലയില്‍ അശോക് സിംഗാള്‍ മൂവായിരത്തോളം പ്രവര്‍ത്തകരെയും നയിച്ച് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് ചെയ്തു. വിഎച്ച്പി ഉത്തര്‍പ്രദേശ് സംസ്ഥാന അധ്യക്ഷന്‍ റിട്ട. ഡിജിപി ദീക്ഷിതായിരുന്നു പോലീസുമായി സംസാരിച്ചത്.
നവംബര്‍ ഒന്നും രണ്ടും തീയതികളില്‍ അയോദ്ധ്യാനഗരിയില്‍ രാമഭക്തര്‍ ശ്രീരാമന്ത്രം മുഴക്കി ഭജനചൊല്ലി പ്രദക്ഷിണം നടത്തി. തര്‍ക്കമന്ദിരത്തിന് മുകളില്‍ കാവിപതാക പാറിച്ച രാംകുമാര്‍ കോത്താരിയും ശരദ്കുമാര്‍ കോത്താരിയും പോലീസിന്റെ നോട്ടപ്പുള്ളികളായിരുന്നു. നവംബര്‍ രണ്ട് കാര്‍ത്തികപൂര്‍ണിമ ദിനത്തില്‍ ഭജനചൊല്ലി മുന്നേറിയ രാമഭക്തരുടെ മുന്‍നിരയില്‍ ഉണ്ടായിരുന്ന കോത്താരി സഹോദരന്മാരെ ഞങ്ങളുടെ കണ്മുന്നില് പോലീസ് വെടിവച്ചുകൊന്നു. ഒരുവിളിപ്പാടകലെ കണ്മുന്നില് അവര്‍ പിടഞ്ഞുമരിക്കുമ്പോഴും ശ്രീരാമനെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചവര്‍ മുന്നേറുന്ന കാഴ്ചയായിരുന്നു എല്ലായിടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: